
തിരുവനന്തപുരം: ക്രൈസ്തവ സന്യാസിനിമാരെ അപമാനിച്ച മന്ത്രി മാപ്പു പറയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍.
സെന്‍റ് റീത്താസ് സ്കൂളിലെ പ്രിന്‍സിപ്പലായ കന്യാസ്ത്രീ ഹെലീന ആല്‍ബിയ്‌ക്കെതിരെ മന്ത്രി ശിവന്‍ കുട്ടി തുടര്‍ച്ചയായി അധിക്ഷേപങ്ങള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ഫാദര്‍ ഫിലിപ്പിന്റെ ഈ പ്രതികരണം.
ശിരോവസ്ത്രം പാടില്ലെന്ന് നിര്‍ദേശം നല്‍കിയ സെന്‍റ് റീത്താസ് സ്കൂളിലെ പ്രിന്‍സിപ്പലായ കന്യാസ്ത്രീ ഹെലീന ആല്‍ബിയും ധരിച്ചത് ശിരോവസ്ത്രമാണെന്ന് മന്ത്രി ശിവന്‍കുട്ടി ആരോപിച്ചിരുന്നു. ഹിജാബ് ധരിച്ചുവന്ന വിദ്യാര്‍ത്ഥിനിയ്‌ക്ക് സ്കൂളില്‍ പ്രവേശനം അനുവദിക്കാത്തതിന്റെ പേരില്‍ പ്രിന്‍സിപ്പലായ കന്യാസ്ത്രീ തുടര്‍ച്ചയായി അധിക്ഷേപിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഫാദര്‍ ഫിലിപ്പ് കവിയില്‍ വിമര്‍ശനം ഉയര്‍ത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കൂള്‍ മാനേജ് മെന്‍റ് സര്‍ക്കാരിനെ മോശമാക്കി വെല്ലുവിളിച്ചുവെന്നും മന്ത്രി ശിവന്‍കുട്ടി ആരോപിച്ചിരുന്നു.
ക്രൈസ്തവ സ്കൂളുകളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു ന്യൂനപക്ഷ സ്കൂളുകളുടെ സല്‍പ്പേര് നശിപ്പിക്കാൻ ബോധപൂർവ്വമുള്ള ശ്രമങ്ങള്‍ നടക്കുന്നത് കണ്ടില്ല എന്ന് നടിക്കാൻ ക്രൈസ്തവ സമുദായത്തിന് ഇനിമേല്‍ സാധിക്കില്ലെന്നും ഫാദര്‍ ഫിലിപ്പ് പറഞ്ഞു.
“ക്രൈസ്തവ സന്യാസിനിമാരെ അപമാനിച്ച മന്ത്രി മാപ്പു പറയണം ഇല്ലെങ്കില്‍ വിവേക രഹിതമായി സംസാരിക്കുന്ന ഈ മന്ത്രിയുടെ രാജി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ചോദിച്ചു വാങ്ങണം”- ഫാദർ ഫിലിപ്പ് കവിയില്‍ ആവശ്യപ്പെട്ടു.