
മഴക്കാലത്തെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അലക്കിയ തുണികൾ ഉണക്കിയെടുക്കാൻ സാധിക്കില്ല എന്നതാണ്. നേർത്ത തുണിത്തരങ്ങൾ പോലും ഉണങ്ങാൻ ദിവസങ്ങൾ വേണ്ടിവരും. നനഞ്ഞ വസ്ത്രങ്ങൾ മുറികൾക്കുള്ളിൽ ഫാനിന്റെ കാറ്റിൽ ഉണക്കിയെടുക്കാൻ ആളുകൾ ശ്രമിക്കാറുണ്ടെങ്കിലും മുറിയിൽ ഈർപ്പം തങ്ങിനിന്ന് അസുഖങ്ങൾ പിടിപെടാൻ ഇത് കാരണമാകും. എന്നാൽ മഴക്കാലത്തും അധികം ബുദ്ധിമുട്ടില്ലാതെ വേഗതയിൽ തുണികൾ ഉണക്കിയെടുക്കാൻ ചില മാർഗങ്ങളുണ്ട്.
വാഷിങ് മെഷീനിൽ തുണികൾ അലക്കുമ്പോൾ സാധാരണഗതിയിൽ ഒരു സ്പിന്നിങ് സൈക്കിളാണ് ഉപയോഗിക്കുന്നത്. എന്നാൽ മഴക്കാലത്ത് അധിക സ്പിന്നിങ് സൈക്കിളുകൾ ഉൾപ്പെടുത്തിയാൽ വസ്ത്രങ്ങളിലെ നനവ് മെഷീനിൽ വച്ചുതന്നെ കൂടുതലായി നീക്കം ചെയ്യപ്പെടും. വീടിനുള്ളിൽ തന്നെ വസ്ത്രങ്ങൾ ഉണക്കിയെടുക്കുന്നത് എളുപ്പമാവുകയും ചെയ്യും.
തുണികൾ വേഗത്തിൽ ഉണങ്ങിയെടുക്കാൻ വായു സഞ്ചാരമുള്ള മുറികൾ തിരഞ്ഞെടുക്കുക. ഫാനിന്റെ കാറ്റിൽ തുണികൾ ഉണക്കാനാണ് ശ്രമിക്കുന്നതെങ്കിൽ മുറിയിലെ ജനാലകൾ തീർച്ചയായും തുറന്നിടണം. അതിന് സാധിക്കുന്നില്ലെങ്കിൽ ഡി ഹ്യൂമിഡിഫയറുകൾ പ്രവർത്തിപ്പിക്കാൻ ശ്രദ്ധിക്കുക. ഇത് ഈർപ്പം മുറിയിൽ തങ്ങിനിൽക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. കൂടുതൽ വേഗത്തിൽ തുണികൾ ഉണക്കിയെടുക്കാനും സാധിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുണിയിൽ അധികമായി നനവ് പിടിച്ചിരിപ്പുണ്ടെങ്കിൽ അത് നീക്കം ചെയ്യാൻ വെള്ളം വേഗത്തിൽ വലിച്ചെടുക്കുന്ന തരം ടവ്വൽ ഉപയോഗിക്കാം. ഇതിനായി വലിയ വലിയ ബാത്ത് ടവ്വലിന് നടുവിലേക്ക് നനവുള്ള വസ്ത്രം വിരിച്ചിടാം.
അതിനുശേഷം ടവ്വൽ വസ്ത്രത്തോടൊപ്പം തന്നെ ചുരുട്ടിയെടുക്കുക. ഇത് സാധാരണ തുണി പിഴിയുന്ന രീതിയിൽ പലതവണ വശങ്ങളിലേക്ക് പിരിച്ചെടുത്താൽ തുണിയിലെ നനവ് കൂടുതലായി ടവ്വലിലേക്ക് ആഗിരണം ചെയ്യപ്പെടും. പിന്നീട് മുറിക്കുള്ളില് വിരിച്ചിട്ട് വേഗത്തിൽ ഉണക്കിയെടുക്കാൻ സാധിക്കും.
ഹെയർ ഡ്രയറിന്റെ സഹായത്തോടെ വസ്ത്രങ്ങൾ എളുപ്പത്തിൽ ബ്ലോ ഡ്രൈ ചെയ്യാൻ കഴിയും. വസ്ത്രങ്ങൾ ഉണക്കുന്നതിൽ ചൂട് ഒരു പങ്കു വഹിക്കുന്നുണ്ടെങ്കിലും പ്രധാനമായും വായുവാണ് ആ ജോലി ചെയ്യുന്നത്. ഹെയർ ഡ്രയർ ഉയർന്ന ഫാൻ വേഗതയിലും കുറഞ്ഞ ചൂടിലും സെറ്റ് ചെയ്ത് വസ്ത്രങ്ങൾ ഉണക്കിയെടുക്കാൻ ഉപയോഗിക്കാം.
എല്ലാ വസ്ത്രങ്ങളും ഒരേസമയത്ത് ഒരേപോലെ ഉണങ്ങി കിട്ടുന്നതല്ല എന്ന് ഓർക്കുക. അതിനാൽ അവയുടെ ഭാരവും ഘനവും അനുസരിച്ച് വേർതിരിച്ചു വയ്ക്കുക. താരതമ്യേന ഭാരം കുറഞ്ഞ വസ്ത്രങ്ങൾ മഴക്കാലത്ത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇവ വേഗത്തിൽ വാഷിങ് മെഷീനുകളിൽ തന്നെ അലക്കി ഉണക്കി എടുക്കാനാവും