മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന് സൂചന; ആന്തരിക അവയവങ്ങള്‍ക്ക് മര്‍ദ്ദനത്തില്‍ ക്ഷതമേറ്റെന്നും ശ്വാസം മുട്ടിച്ചെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; ഡോക്ടറുടെ മൊഴിയെടുത്തു; കേസ് അന്വേഷിക്കുന്നത് പുതിയ സംഘം; അന്വേഷണ ചുമതല കണ്ണൂര്‍ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി
സ്വന്തം ലേഖകന്‍
കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന്സൂചന. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി നേരിട്ടെത്തി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി. കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാന്‍ സാധ്യതയുണ്ടോ എന്ന് സ്ഥലം കൂടി കണ്ട് നേരിട്ടു മനസ്സിലാക്കുകയാണ് ലക്ഷ്യം.
രതീഷിന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി ഷാജ് ജോര്‍ജിനാണ് അന്വേഷണ ചുമതല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രതീഷിന്റെ മരണം കൊലപാതകമെന്ന ആരോപണത്തിന് ബലം നല്‍കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെയായിരുന്നു വടകര റൂറല്‍ എസ്പി രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്തെത്തി അര്‍ധരാത്രി പരിശോധന നടത്തിയത്.
മരണത്തിന് മുന്‍പ് രതീഷിനെ ശ്വാസം മുട്ടിച്ചതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക അവയവങ്ങളില്‍ ക്ഷതമുണ്ടെന്നും കണ്ടെത്തി. മൂക്കിന് അടുത്തായി കണ്ടെത്തിയ മുറിവില്‍ അടക്കം ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇത് മല്‍പ്പിടിത്തത്തിനിടെ സംഭവിച്ചതാകാമെന്നാണ് സൂചന. പോസ്റ്റ് മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എംപി ആരോപിച്ചിരുന്നു. രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
മുമ്പ് പല കൊലക്കേസുകളിലും നടന്നതുപോലെ അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ പ്രതിയെ സിപിഎം കൊലപ്പെടുത്തിയതാണോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആരോപിച്ചു.
ശനിയാഴ്ച രാവിലെ ഒന്നര മണിക്കൂറോളമെടുത്താണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. നാദാപുരം ഡിവൈ.എസ്പി. പി.എ. ശിവദാസ്, വളയം സിഐ. പി.ആര്‍. മനോജ് എന്നിവരുടെ നേതൃത്വം നല്‍കി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാത്രി 10 മണിയോടെ പുല്ലൂക്കര കൊച്ചിയങ്ങാടിക്കടുത്തുള്ള കൂലോത്ത് വീട്ടിലെത്തിച്ച മൃതദേഹം സിപിഎം, എല്‍.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.