ഒക്ടോബർ 31 വരെ കാറ്റോടുകൂടിയ കനത്തമഴ ; പത്തനംതിട്ട ജില്ലയിൽ യെല്ലോ അലേർട്ട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് 31 വരെ ശക്തമായ കാറ്റോടു കൂടിയ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ 31വരെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദ മേഖല രൂപംകൊണ്ടിട്ടുണ്ട്. ഇത് 29 ന് കന്യാകുമാരി മേഖലയ്ക്ക് മുകളിലായി കൂടുതൽ ശക്തി പ്രാപിക്കാനും 31ന് ലക്ഷദ്വീപ്മാലിദ്വീപ് മേഖലയ്ക്ക് മുകളിലായി അതിതീവ്ര ന്യൂനമർദ്ദമാകാനും സാധ്യതയുണ്ട്. ഈ ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ കേരള ലക്ഷദ്വീപ് തീരത്തിനിടയിൽ വരും മണിക്കൂറുകളിൽ കടൽ പ്രക്ഷുബ്ധമാകാനാണ് സാധ്യത. ഇതിനുപുറമേ തുലാവർഷവും ന്യൂനമർദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. വൈകുന്നേരങ്ങളിലെ കനത്ത മഴ താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക പ്രളയങ്ങളും മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ജില്ലയിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ യെല്ലോ അലെർട്ട് നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ പി .ബി നൂഹ് അറിയിച്ചു. കാലാവസ്ഥ ശക്തി പ്രാപിച്ചിരിക്കുന്നതിനാൽ മണിയാർ, ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഷട്ടറുകൾ ഉയർത്തി അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടേണ്ട സാഹചര്യമുണ്ട്. ഇതുമൂലം പമ്പ, കക്കാട് നദികളിലെ ജലനിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പമ്ബയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവർ പ്രത്യേകിച്ച് മണിയാർ, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും, പൊതുജനങ്ങളും ജാഗ്രതാ പാലിക്കേണ്ടതും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുമാണ്. ഒരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങുകയോ മുറിച്ചുകടക്കുകയോ ചെയ്യരുത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കേണ്ടതാണ്. ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് 10 വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ആയതിനാൽ പൊതുജനങ്ങൾ ഇടിമിന്നൽ ചെറുക്കുവാനുള്ള മുൻകരുതൽ സ്വീകരിക്കണം. വൈകുന്നേരങ്ങളിലെ കനത്ത മഴ താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക പ്രളയങ്ങളും മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ ഒരു കാരണവശാലും തോടുകളും പുഴയും മുറിച്ചു കടക്കരുത്. മഞ്ഞ അലെർട്ട് പ്രഖ്യാപിച്ച വേളയിൽ വരും ദിവസങ്ങളിലെ മഴ സംബന്ധിച്ച അലെർട്ടുകൾ മാധ്യമങ്ങളിൽ ശ്രദ്ധയോടെ നിരീക്ഷിക്കുക. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി ദൃശ്യ ശ്രവ്യ മാധ്യമങ്ങളോ മുഖ്യമന്ത്രിയുടെയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും, ജില്ലാ കളക്ടറുടെയും ഫേസ്ബുക്ക് പേജുകളോ ശ്രദ്ധിക്കുക.
ജില്ലാ കളക്‌ട്രേറ്റിലും താലൂക്കാഫീസുകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കളക്ടറേറ്റ് : 0468 – 2322515/ 0468 2222515/ 8078808915, താലൂക്കാഫീസ് : തിരുവല്ല 0469 – 2601303, കോഴഞ്ചേരി : 046822-22221, മല്ലപ്പളളി : 0469 – 2682293, അടൂർ 04734 – 224826, റാന്നി 04735 – 227442, കോന്നി 0468 – 2240087.