മഴക്കാലത്ത് യാത്ര പോയാലോ; ഈ മൺസൂണിൽ കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ

Spread the love

യാത്ര ചെയ്യാൻ പ്ലാനുണ്ടോ അതും ഈ പെരുമഴക്കാലത്ത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ കുറച്ച് സ്ഥലങ്ങൾ ഇതാ.
ഇന്ത്യയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതിക്ക് മനോഹരമായ വേഷപകർച്ച നൽകിയാണ് ഓരോ കാലവർഷവുമെത്താറ്. മൂടൽമഞ്ഞു പുതച്ച മലയോരങ്ങളും, നയന മനോഹരമായ വെള്ളച്ചാട്ടങ്ങളും പ്രകൃതിയെ മുമ്പെങ്ങുമില്ലാത്ത വിധം ഒരുക്കി നിർത്തുമ്പോൾ ആർക്കാണ് കാണാതിരിക്കാൻ തോന്നുക.

വാലി ഓഫ് ഫ്ലവേഴ്സ്, ഉത്തരാഖണ്ഡ്

ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണിത്. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ചമോലി ജില്ലയിലാണ് വാലി ഓഫ് ഫ്ളവേഴ്സ്. പതിനായിരത്തിലധികം സഞ്ചാരികളാണ് ഓരോ വർഷവും ഇവിടം സന്ദർശിക്കുന്നത്. യുനെസ്‌കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ടതാണ് 10,000 അടി ഉയരത്തിലുള്ള ഈ താഴ്‌വര. പൂക്കൾക്കൊപ്പം ഹിമാലയൻസൗന്ദര്യവും ആസ്വദിക്കാമെന്നതാണ് താഴ്‌വരയെ പ്രിയങ്കരമാക്കുന്നത്. ശൈത്യകാലത്ത് മഞ്ഞു മൂടിക്കിടക്കുന്ന ഈ താഴ്‌വര ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ കടും വർണത്തിൽ ചാലിച്ച പൂക്കളുടെ പുതപ്പണിഞ്ഞു അതിസുന്ദരിയായി മാറുന്നത് വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. ട്രെക്കിങ് ആഗ്രഹിക്കുന്നവർക്ക് ഇവിടം അനുയോജ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂർഗ്, കർണാടക

വീണ്ടും വീണ്ടും പോകാൻ ആഗ്രഹിക്കുന്ന ദക്ഷിണേന്ത്യയിലെ ഒരിടമാണ് കൂർഗ്. ഇന്ത്യയുടെ സ്കോട്ട്ലൻഡ് എന്ന് വിളിക്കപ്പെടുന്ന കൂർഗ്, മൺസൂൺ കാലത്ത് അതിമനോഹരമാണ്. കൂർഗിലെ മഴക്കാലം വിനോദ സഞ്ചാരികളുടെ പ്രിയ ഇടമാണ്. മരം കോച്ചുന്ന മഴ പെയ്യുന്ന ദേശമാണിവിടം. സദാ പെയ്തുവീഴുന്ന മഴതുള്ളികൾ കൂർഗിന്റെ രാത്രികളെ കൂടുതൽ തണുപ്പിക്കുമ്പോൾ ഇവിടേക്ക് സഞ്ചാരികളുടെയും തിരക്കാവും. കൃഷിത്തോട്ടങ്ങൾക്ക് നടുവിൽ വില്ലകളും ഹോം സ്റ്റേകളും ഒരുക്കി ടൂറിസ്റ്റുകളെ കൂർഗ്ഗ് വരവേൽക്കും. ചെരിച്ചുവെച്ച കപ്പിൽ നിന്ന് ചായ ഒഴുകുന്നതുപോലെ വെള്ളച്ചാട്ടങ്ങൾ താഴേക്ക് പതിക്കുന്നു.

മാവ്‌ലിനോങ്, മേഘാലയ

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് മാവ്‌ലിനോങ് (Mawlynnong) സ്ഥിതി ചെയ്യുന്നത്. ഷില്ലോങ്ങിൽനിന്ന് മൂന്നു മണിക്കൂറെടുക്കും ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന് പേരുകേട്ട മാവ്‌ലിനോങ്ങിലെത്താൻ. ഏഷ്യയിലെ ഏറ്റവും തെളിമയും വൃത്തിയുമുള്ള ജലാശയം എന്നു പേരുകേട്ട ഡോക്കി (dawki)) തടാകവും ഈ പ്രദേശത്താണ്. ഇവിടത്തെ വേരുപാലങ്ങൾ മഴയിൽ തിളങ്ങുന്നു. മൂടൽമഞ്ഞ് നിങ്ങളുടെ സെൽഫികൾക്ക് മാന്ത്രികത നൽകും.

വയനാട്

മൺസൂൺ‌‌‌ കാലം ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് വയനാട്. കേരളത്തിലെ പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന പച്ചപ്പ് നിറഞ്ഞ ഒരു ജില്ലയാണിത്. പ്രകൃതിഭംഗി, സമ്പന്നമായ സാംസ്കാരിക പൈതൃകം, സാഹസികത എന്നിവയുടെ മനോഹരമായ ഒരു സംയോജനം ഇവിടെ കാണാം. വിശാലമായ സുഗന്ധവ്യഞ്ജന തോട്ടങ്ങൾക്കും മഞ്ഞ് പുതച്ച മലകൾക്കും വൈവിധ്യമാർന്ന വന്യജീവികൾക്കും പേരുകേട്ട സ്ഥലം. പ്രകൃതി സ്നേഹികൾക്കും ചരിത്രപ്രേമികൾക്കും സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ അനുയോജ്യമായ ഒരിടമാണ് വയനാട്.

സ്പിതി വാലി, ഹിമാചൽ പ്രദേശ്

ഇന്ത്യയുടെ ഭൂരിഭാഗവും മഴയിൽ നനയുമ്പോൾ ഇവിടം വ്യത്യസ്തമാണ്. സ്പിതി തണുപ്പും ചടുലതയും നിലനിർത്തുന്നു. ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ റോഡുകൾ തുറക്കുന്നു. താഴ്വര അതിന്റെ സൗന്ദര്യം വെളിപ്പെടുത്തുന്നത് കാണാം. ഭൂപ്രകൃതി, ആശ്രമങ്ങൾ, നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം എന്നിവ ഇവിടം മനോഹരമാക്കുന്നു.

ചിറാപുഞ്ചി, മേഘാലയ

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനമാണ് മേഘാലയ. ലോകത്തിലേറ്റവും മഴ ലഭിക്കുന്ന മൗസിന്റാം ഇവിടെയാണുള്ളത്. അടിത്തട്ട് വരെ ദൃശ്യമാകുന്നത്ര ശുദ്ധമായ നദികൾ, കണ്ണിന് കുളിർമയേകുന്ന പച്ചപ്പ്, സുന്ദരമായ വെള്ളച്ചാട്ടങ്ങൾ എന്നിവയൊക്കെ ഈ കുഞ്ഞൻ സംസ്ഥാനത്തിന്റെ പ്രത്യേകതയാണ്. നിരവധി നദികളുണ്ടെങ്കിലും ഇവയെല്ലാം സജീവമാകുക മഴക്കാലത്ത് മാത്രമാണ്.

ആലപ്പുഴ

ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ മൺസൂൺ ആലപ്പുഴയുടെ കായലുകളെ മനോഹരമാക്കുന്നു. നെൽവയലുകൾ, തെങ്ങിൻതോപ്പുകൾ എല്ലാം സുന്ദരം. ഹൗസ്ബോട്ട് യാത്രകൾക്കാണ് ഇത് ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്.
കായലുകളെ അവയുടെ പൂർണ പ്രൗഢിയിൽ അനുഭവിക്കാൻ മൺസൂൺ കാലം ഒരു മനോഹരമായ സമയമാണ്.

മൗണ്ട് അബു, രാജസ്ഥാൻ

മരൂഭൂമികളും മരുഭൂനഗരങ്ങളും അവിടുത്തെ അമ്പരപ്പിക്കുന്ന കോട്ടകളും ഒക്കെയാണ് പലപ്പോഴും രാജസ്ഥാനെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുക. എന്നാൽ അതുമാത്രമല്ല രാജസ്ഥാൻ. തടാകങ്ങളും മലനിരകളും ഒക്കെ നിറഞ്ഞ ഭൂപ്രദേശങ്ങളും ഇവിടെയുണ്ട്. അങ്ങനെയുള്ളൊരു പ്രദേശമാണ് മൗണ്ട് അബു. ചെറിയൊരു ഹിൽ സ്റ്റേഷൻ.

രാജസ്ഥാന്റെ തനത് പ്രകൃതിയിൽ നിന്നു വളരെ വ്യത്യസ്തമായ ഒരു ഇടമാണ് മൗണ്ട് അബു. രാജസ്ഥാന്റെ തെക്കുഭാഗത്ത്, ഗുജറാത്തിനോട് ചേർന്നാണ് മൗണ്ട് അബു സ്ഥിതി ചെയ്യുന്നത്. 20 കിലോമീറ്ററിലധികം നീളവും 10 കിലോമീറ്റർ വീതിയിലുള്ള ഒരു പാറ പീഠഭൂമിയാണിത്. ആരവല്ലി നിരകളുടെ സവിശേഷതകളായ തടാകങ്ങളും പാറക്കെട്ടുകളും കാടുകളും ഒക്കെ ചേർന്ന ഭൂപ്രകൃതിയാണ് മൗണ്ട് അബുവിനുമുള്ളത്.
തവാങ്, അരുണാചൽ പ്രദേശ്

സദാസമയം മഞ്ഞുപുതച്ചുനിൽക്കുന്ന അരുണാചൽ പ്രദേശിലെ തവാങ് സഞ്ചാരികളുടെ പറുദീസയാണ്. ജൂലായ്-ഓഗസ്റ്റിൽ തവാങ് മൂടൽമഞ്ഞിൽ പൊതിയും. വടക്കുകിഴക്കൻ മേഖലയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇവിടെ മഴ കുറവാണെങ്കിലും താഴ്വരകളും വെള്ളച്ചാട്ടങ്ങളും ഗംഭീരമായ തവാങ് മൊണാസ്ട്രിയും ഇവിടം മനോ​ഹരമാക്കുന്നു. രാജ്യത്തെ പ്രമുഖ ബുദ്ധിസ്റ്റ് കേന്ദ്രം കൂടിയാണ് തവാങ്. സമുദ്ര നിരപ്പിൽ നിന്ന് 3048 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന തവാങ് മൊണാസ്ട്രിയിൽ മാത്രം അഞ്ഞുറോളം ലാമമാരുണ്ട്.

മഹാബലേശ്വർ, മഹാരാഷ്ട്ര

പശ്ചിമഘട്ടത്തിന്റെ രത്നമാ‌യ ഇവിടം മൺസൂൺ കാലത്ത് പച്ചപ്പ് നിറഞ്ഞ ഒരു പറുദീസയായി മാറുന്നു. സമുദ്രനിരപ്പിൽനിന്ന് 4500 അടി ഉയരത്തിലുള്ള സഹ്യപർവതനിരയുടെ ഭാഗമാണ് മഹാബലേശ്വർ. മഹാരാഷ്ട്രയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ ഇവിടെ സ്‌ട്രോബറിയുത്പാദനത്തിലും മുന്നിൽനിൽക്കുന്നു. പഴയ ബോംബേ പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാനമായിരുന്നു ഇവിടം.