
തേർഡ് ഐ ബ്യൂറോ
കോട്ടയം: മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി കളത്തിൽ നിന്നും 18 ലക്ഷം രൂപ പിടികൂടിയ സംഭവത്തിൽ ക്രൗൺ ക്ലബ് പ്രസിഡന്റും കേസിലെ പ്രതിയുമായ മാലം സുരേഷിനു ജാമ്യമില്ല. കേസിൽ പ്രതി ചേർത്തതിനെതിരെ മണർകാട് മാലം വാവത്തിൽ കെ.വി സുരേഷ് (മാലം സുരേഷ്) നൽകിയ ജാമ്യ ഹർജിയാണ് കോട്ടയം സെഷൻസ് കോടതി മാറ്റി വച്ചത്. കേസ് ആഗസ്റ്റ് മൂന്നിനു കോടതി വീണ്ടും പരിഗണിക്കും.
പൊലീസ് സ്റ്റേഷനിൽ എത്തി, അര മണിക്കൂർ കൊണ്ടു പൂർത്തിയാക്കി മടങ്ങിയെത്താവുന്ന ജാമ്യ നടപടികൾക്കായാണ് ദിവസങ്ങളായി മാലം സുരേഷ് കോടതികൾ കയറിയിറങ്ങുന്നത്. മണർകാട് മാലം ക്രൗൺ ക്ലബിൽ സുരേഷ് അടക്കം പത്തു ഭാരവാഹികളാണ് ഉള്ളത്. ഇവരെ പ്രതിയാക്കിയാണ് മണർകാട് പൊലീസ് കേസെടുത്തിരിക്കുന്നത്. മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ രതീഷ് കുമാർ തന്നെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതോടെ കേസ് അന്വേഷണം രതീഷിൽ നിന്നും കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിലേയ്ക്കു മാറ്റിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു പിന്നാലെയാണ് മാലം സുരേഷ് കേസിൽ മുൻകൂർ ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിച്ചത്. ചീട്ടുകളിയ്ക്കുന്നതും, ചീട്ടുകളിയ്ക്കുന്നതിനു സ്ഥലം നൽകുന്നതും നിലവിൽ ജാമ്യമില്ലാത്ത കുറ്റമല്ല. ഇത് കൂടാതെ പകർച്ച വ്യാധി പ്രതിരോധ നിയമപ്രകാരം പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതൊന്നും ജാമ്യമില്ലാത്ത കുറ്റമല്ല.
പൊലീസ് സ്റ്റേഷനിൽ എത്തി എസ്.ഐയുടെയോ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെയോ മുന്നിലെത്തി മൊഴി രേഖപ്പെടുത്തി ജാമ്യം എടുക്കാവുന്ന നടപടിക്രമം മാത്രമാണ് ഉള്ളത്. എന്നാൽ, മാലം സുരേഷ് ഇതിനു തയ്യാറാകാതെ കാശ് വാരിയെറിയുകയാണ്.
കഴിഞ്ഞ ദിവസം മാലം സുരേഷിനെ കേസിൽ പ്രതി ചേർത്തതിനു പിന്നാലെയാണ് ഇയാൾ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ഈ അപേക്ഷ പരിഗണിച്ച കോടതി കേസ് പിന്നീട് പരിഗണിക്കുന്നതിനായി മാറ്റുകയായിരുന്നു. രണ്ടാം തവണയാണ് കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിച്ചത്. വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി ആഗസ്റ്റ് മൂന്നിലേയ്ക്കു മാറ്റുകയായിരുന്നു.