
ഇരുട്ടിന്റെ ആത്മാവായി മനോരമ ജംഗ്‌ഷൻ മുതൽ ചന്തക്കവല വരെയുള്ള റോഡ്; ജനറൽ ആശുപത്രിയ്ക്ക് മുന്നിൽ പോലും വെളിച്ചം കാണാൻ മിന്നാമിനുങ്ങ് കനിയണം; തിരിഞ്ഞ് നോക്കാതെ നഗരസഭ
സ്വന്തം ലേഖകൻ
കോട്ടയം : ഇരുട്ടിന്റെ ആത്മാവായി മനോരമ ജംഗ്‌ഷൻ മുതൽ ചന്തക്കവല വരെയുള്ള റോഡുകൾ.
ജനറൽ ആശുപത്രിയ്ക്ക് മുന്നിൽ പോലും വെളിച്ചം കാണാൻ മിന്നാമിനുങ്ങ് കനിയണമെന്നതാണ് അവസ്ഥ.
Whatsapp Group 1 | Whatsapp Group 2 |Telegram Group


നഗരത്തിലെ ഏറ്റവും പ്രാധാനപ്പെട്ട റോഡായ ഇവിടെ വഴിവിളക്കുകൾ കത്താതായിട്ട് നാളുകളായി. ഇതു മൂലം ഇവിടെ അപകടവും പതിവായിരിക്കുന്നതായി വ്യാപാരികൾ പറയുന്നു.
നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള ജില്ലാ ജനറൽ ആശുപത്രിയ്‌ക്ക് മുമ്പിലെ റോഡ് ഇരുട്ടിലായിട്ടും വെട്ടം നൽകാൻ ഉത്തരവാദിത്തപ്പെട്ട നഗരസഭാ ഭരണാധികാരികൾ അനങ്ങുന്നില്ല.

രാവും പകലും തിരക്കുള്ള ഇവിടെ രാത്രിയിൽ വെളിച്ചമില്ലാതായതോടെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി.
നഗരസഭായാണ് ഇവിടെ ലൈറ്റുകൾ സ്ഥാപിച്ചത്. അവയുടെ അറ്റകുറ്റപണി നടത്തേണ്ടതും നഗരസഭ തന്നെ. ലൈറ്റുകൾ കത്താതായിട്ടും ഒരനക്കവും നഗരസഭയ്‌ക്കില്ല. വെളിച്ചമില്ലാതായി മാസങ്ങൾ കഴിഞ്ഞിട്ടും പൊതുജനത്തിന്റെ സുരക്ഷയ്‌ക്ക് വെളിച്ചം നൽകുന്നതിന് ഒരു നടപടിയും എടുക്കാൻ നഗരസഭാ ഭരണാധികാരികൾ തയ്യാറായിട്ടില്ല.

രാത്രിയിൽ അത്യാവശ്യത്തിന് ആശുപത്രിയിൽ എത്തുന്നവരാണ് ഇത് മൂലം ഏറെ ബുദ്ധിമുട്ടുന്നത്. നടന്നു വരുന്നവരോ, മരുന്നോ മറ്റോ പറുത്ത് നിന്നുവാങ്ങുവാൻ പോകുന്നവരോ ആണ് ഏറെ പ്രയാസം അനുഭവിക്കുന്നത്.
പറുത്ത് ഇറങ്ങുന്നവരെ ശല്യപെടുത്താൻ സാമൂഹ്യവിരുദ്ധർ പുറത്ത് കാത്ത് നിൽക്കുന്നതായി രോഗികളുടെ കൂട്ടിരുപ്പുകാർ പറയുന്നു.

ഇവിടെ ആകെയുള്ളത് പൊലീസിന്റെ ഒരു എയ്‌ഡ്‌പോസ്‌റ്റ് മാത്രമാണ്. അവിടെ രണ്ട് പൊലീസുകാരും. ഈ പ്രദേശത്തുള്ള കെട്ടിടങ്ങളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് ഇവർക്ക് ആശ്രയം.
സന്ധ്യമയങ്ങിയാൽ ചന്തക്കവലയിലേയ്‌ക്ക് പോകുന്ന സ്‌ത്രീകളും ഏറെ ബുദ്ധമുട്ടുകയാണ്. ലൈറ്റില്ലാത്തതിനാൽ ഫുട്‌പാത്ത് മദ്യപൻമാർ കൈയ്യടക്കുന്നതിനാൽ, യാത്ര ദുരിതമായി മാറിയിരിക്കുന്നു.

ഇതുവഴി പോകുന്ന സ്‌ത്രീകളെ കമന്റടിക്കുകയാണ് ഇത്തരക്കാരുടെ വിനോദം. ഇതിനെ ആരെങ്കിലും എതിർത്താൽ് കേട്ടാലറയ്‌ക്കുന്ന തെറിയഭിഷേകമാകും മറുപടി.
ലൈറ്റുകൾ നന്നാക്കണമെന്ന് നിരവധി തവണ നഗരസഭാ അധികാരികളോ പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
ചെയർപേഴ്‌സനാകാൻ അധികാര വടംവലി നടത്തുന്നവർ ജനങ്ങളുടെ ആവശ്യംകൂടി അംഗീകരിക്കാൻ തയ്യാറാകണമെന്ന ആവശ്യമാണ് ഉയരുന്നത്.