
മണ്ണാർക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ മണ്ണാർക്കാട് വട്ടമ്പലത്ത് റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥിനിയെ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു. വട്ടമ്പലം അയ്യടി ഹൗസിൽ വീരാൻ കുട്ടിയുടെ മകൾ ലിയ ഫാത്തിമക്കാണ് (14) പരിക്കേറ്റത്. മണ്ണാർക്കാട് എംഇഎസ് സ്കൂളിലെ വിദ്യാർഥിനിയാണ് ലിയ ഫാത്തിമ.
വിദ്യാർഥിയെ ഇടിച്ചുതെറിപ്പിച്ച സ്കൂട്ടർ നിർത്താതെ പോയി. കുലുക്കിയാട് ഭാഗത്ത് നിന്നും ആര്യമ്പാവ് വഴി മണ്ണാർക്കാട് ഭാഗത്തേക്കാണ് സ്കൂട്ടർ പോയതെന്നാണ് വിവിധ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണു കിടന്ന കുട്ടിയെ നാട്ടുകാരാണ് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യം രാത്രിയോടെ പുറത്തുവന്നു.