മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പടക്കമെറിഞ്ഞ സംഭവം: പിടിയിലായ സിപിഎം പ്രവർത്തകൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കലാപശ്രമം, അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്

Spread the love

പാലക്കാട്: മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പുല്ലശേരി സ്വദേശി അഷ്‌റഫിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കലാപശ്രമം, അനധികൃതമായി സ്ഫോടക വസ്തുക്കൾ കൈവശം വയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിപിഎം പ്രവർത്തകനായ അഷ്റഫിനെ പി.കെ ശശി അനുകൂലിയായാണ് പാർട്ടി നേതാക്കൾ വിശേഷിപ്പിക്കുന്നത്.

സിപിഎമ്മിൽ സംഘർഷം ഉണ്ടാക്കാനാണ് പടക്കം എറിഞ്ഞതെന്ന് എന്ന് എഫ്ഐആർ പറയുന്നു. ഭാരതീയ ന്യായ് സംഹിത സെക്ഷൻ 288, 192, ഇന്ത്യൻ എക്സ്പ്ലോസീവ് ആക്ടിലെ 9(b)1(b) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കെടിഡിസി ചെയർമാൻ പികെ ശശിയുടെ മുൻ ഡ്രൈവറാണ് ഇയാളെന്നും  ഇന്നലെ ആക്രമണം നടന്ന സമയത്ത് അഷ്റഫ് മദ്യപിച്ച് സ്വബോധമില്ലാത്ത നിലയിലായിരുന്നു. നാളെ ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

ലീഗ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയിലെ പരിപാടിയിൽ സി പി എമ്മിനെയും ഡിവൈഎഫ്ഐയെയും വെല്ലുവിളിച്ച് പികെ ശശി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ഈ സംഭവം. മണ്ണാർക്കാട് സജീവ സാന്നിധ്യമായി ഉണ്ടാകുമെന്ന് പറഞ്ഞ പികെ ശശിയുടെ ബിഗ്ബി സിനിമയിലെ ഡയലോഗാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. പിന്നാലെ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ ശശിക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. ഈ വാക്പോര് ശക്തമായി നിൽക്കെയാണ് മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസിലെത്തിയ അഷ്റഫ് ഇവിടെ ആക്രമണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group