ഒരു വാരികയുടെ മുഖചിത്രമായി അച്ചടിച്ചു വന്ന മഞ്ജുവാര്യരുടെ ഫോട്ടോ യാദൃച്ഛികമായി സുന്ദർദാസ് ലോഹിതദാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത് തീർച്ചയായും ഒരു നിമിത്തം തന്നെയായിരുന്നു: പിന്നത്തെ സംഭവം ഇങ്ങനെ .

Spread the love

കോട്ടയം: 14 വർഷം നീണ്ടുനിന്ന
അജ്ഞാതവാസം.

കേൾക്കുമ്പോൾ വല്ല മഹാഭാരത കഥയുമാണെന്ന് തോന്നുന്നുണ്ടോ .
അല്ലേയല്ല.
സ്വന്തം ജീവിതത്തിൽ നേരിട്ട അഗ്നിപരീക്ഷണങ്ങളെ അതിജീവിച്ച്
കാലത്തിന്റെ രഥചക്രങ്ങളെ തന്റെ അഭിനയമികവ്
കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും തോൽപ്പിച്ച് വിജയരഥത്തിലേറിയ മലയാളത്തിലെ ഒരു അഭിനേത്രിയുടെ സംഭവബഹുലമായ ജീവിതകഥക്ക് ഒരു പാട് മാനങ്ങളുണ്ട്.

“ഹൗ ഓൾഡ് ആർ യു ”
എന്ന് ചോദിച്ചവരോട് വയസ്സ് വെറുമൊരു നമ്പർ മാത്രമാണ് എന്ന് തന്റെ ജീവിതം കൊണ്ട് ഉത്തരം പറഞ്ഞ ആ കലാകാരിയുടെ പേരാണ് “മഞ്ജുവാര്യർ…”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷീല , ശാരദ, ജയഭാരതി , വിജയശ്രീ , ശോഭന, ഉർവ്വശി
തുടങ്ങിയ മലയാള സിനിമയിലെ നായികാപട്ടങ്ങളെ അലങ്കരിച്ച ചക്രവർത്തിനികൾക്കു ശേഷം കേരളം നെഞ്ചിലേറ്റി ലാളിച്ചത് മഞ്ജുവാര്യരെ മാത്രമായിരുന്നു. സിനിമയിൽനിന്നും ആറുമാസം മാറിനിന്നാൽ അഡ്രസ് ഇല്ലാതെ പോകുന്നവരുടെ കാലത്താണ്
14 വർഷത്തിനുശേഷം ഒരു മഹാറാണിയുടെ തലയെടുപ്പോടെ മലയാളത്തിൽ തിരിച്ചു വന്ന് സ്വന്തം സിംഹാസനം മഞ്ജു വാര്യർ വീണ്ടും അരക്കിട്ടുറപ്പിക്കുന്നത് .

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത ഈ ഉജ്ജ്വലവിജയം മഞ്ജു വാര്യർക്കു മാത്രം സ്വന്തം .

മഞ്ജുവിന്റെ ജനനം തമിഴ്നാട്ടിലെ നാഗർകോവിലിലായിരുന്നുവെങ്കിലും കേരളത്തിന്റെ മണ്ണായ കണ്ണൂരിൽ വളരാനായത് മലയാള സിനിമയുടെ മഹാഭാഗ്യമാണെന്നു ഇപ്പോൾ അടിവരയിട്ടു പറയേണ്ടിയിരിക്കുന്നു.

തൃശൂർ ജില്ലയിലെ “പുള്ള് ” എന്ന പ്രകൃതിസൗന്ദര്യം നിറഞ്ഞൊഴുകുന്ന ഗ്രാമത്തിലാണ് ഇവരുടെ കുടുംബ വേരുകൾ .

അടുത്തിടെ അന്തരിച്ച മോഹൻ സംവിധാനം ചെയ്ത “സാക്ഷ്യം” എന്ന ചിത്രത്തിലായിരുന്നു മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്നത്.

ലോഹിതദാസും സുന്ദർദാസും അണിയിച്ചൊരുക്കിയ “സല്ലാപം ” എന്ന ചിത്രമായിരുന്നു ഇവരുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത് .
ഒരു വാരികയുടെ മുഖചിത്രമായി അച്ചടിച്ചു വന്ന മഞ്ജുവാര്യരുടെ ഫോട്ടോ യാദൃച്ഛികമായി സുന്ദർദാസ് ലോഹിതദാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത് തീർച്ചയായും ഒരു നിമിത്തം തന്നെയായിരുന്നു .

“ഈ കുട്ടി ഭാവിയിൽ
എന്റെ ചിത്രത്തിലെ നായികയാവാൻ വിധിക്കപ്പെട്ടവളാണല്ലോ …”

എന്നായിരുന്നു ഫോട്ടോ കണ്ട ലോഹിതദാസിന്റെ ആദ്യ പ്രതികരണം .
ലോഹിതദാസിന്റെ തിരക്കഥയിൽ “സല്ലാപം ” എന്ന ചിത്രത്തിന്റെ പ്രാരംഭ ചർച്ചകളിൽ രാധയെ അവതരിപ്പിക്കുവാൻ ബാലചന്ദ്രമേനോൻ പരിചയപ്പെടുത്തിയ ആനിയെയായിരുന്നു അണിയറ പ്രവർത്തകർ മനസ്സിൽ കണ്ടിരുന്നത്.

അപ്പോഴാണ് സുന്ദർദാസിന്റെ മനസ്സിൽ മുൻപ് ഒരു വാരികയുടെ മുഖചിത്രത്തിൽ കണ്ട പെൺകുട്ടിയുടെ ഫോട്ടോ
ഓർമ്മ വന്നതും ലോഹിതദാസുമായി
ചർച്ച ചെയ്യുന്നതും .

പിന്നെ താമസിച്ചില്ല .

മഞ്ജു വാര്യരെ കാണാനായി സുന്ദർദാസും അസോസിയേറ്റ് ഡയറക്ടർ തോമസ്സ് സെബാസ്റ്റ്യനും സുഹൃത്തുക്കളും നേരെ കണ്ണൂരിലേക്ക് .

യുവജനോത്സവവേദിയിലെ കലാതിലകമായിരുന്ന കൗമാരക്കാരിയുടെ സംസാരവും മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങളുമെല്ലാം സുന്ദർദാസിന്റെ മനസ്സാകുന്ന ക്യാമറ ഒപ്പിയെടുത്തു .

സല്ലാപത്തിലെ നായിക രാധയുടെ നിഷ്കളങ്കത നിറഞ്ഞ ഗ്രാമീണ ഭാവം മഞ്ജുവിന്റെ മിഴികളിൽ മിന്നിമറഞ്ഞപ്പോൾ
തന്റെ സങ്കല്പത്തിലെ രാധയെ അവതരിപ്പിക്കാൻ ഈ പെൺകുട്ടി തന്നെ മതിയെന്ന് സുന്ദർദാസ് മനസ്സിലുറപ്പിക്കുകയും ചെയ്തു .

ദിലീപ് ,മഞ്ജു വാര്യർ ,
കലാഭവൻ മണി തുടങ്ങി പിൽക്കാലത്ത് മലയാള സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ മൂന്നു കലാപ്രതിഭകളുടെ തലവര മാറ്റിയെഴുതിയ ചിത്രമായിരുന്നു സുന്ദർദാസിന്റെ സല്ലാപം.

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകപ്രശംസ പിടിച്ചെടുത്ത അവർ
“ഈ പുഴയും കടന്ന് ” എന്ന ചിത്രത്തിലൂടെ മലയാളത്തിലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടി.

പിന്നീട് വിവാഹിതയായി അഭിനയരംഗത്ത് നിന്നും വിടവാങ്ങുന്നത് വരെ മലയാളസിനിമ അക്ഷരാർത്ഥത്തിൽ മഞ്ജുവാര്യരെ പ്രദക്ഷിണം ചെയ്യുകയായിരുന്നുവെന്നു പറഞ്ഞാൽ അതിൽ അതിശയോക്തി ഒന്നും ഉണ്ടായിരുന്നില്ല.

വിവാഹത്തോടെ
കുടുംബജീവിതത്തിൽ ഒതുങ്ങിപ്പോയ അവർ
2014 -ൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ഒരു ഭാവോജ്ജ്വലനൃത്ത പരിപാടിയിലൂടെ വീണ്ടും വാർത്താ കേന്ദ്രമായി മാറി .
ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരം സാക്ഷാൽ അമിതാബ് ബച്ചനൊപ്പം കല്യാൺ ജ്വല്ലറിയുടെ ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചതോടെ മഞ്ജു വാരിയർ മലയാളികളുടെ മനസ്സിലേക്ക് വീണ്ടും ഒരു മധുര പ്രവാഹമായി ഒഴുകിയെത്തുകയായിരുന്നു

ഒരേ പരസ്യം തെലുങ്കിൽ നാഗാർജുനയോടൊപ്പവും തമിഴിൽ പ്രഭുവിനോടൊപ്പവും കന്നടത്തിൽ ശിവ രാജകുമാറിനോടൊപ്പവും അഭിനയിക്കാൻ കഴിഞ്ഞ മലയാളത്തിലെ ഏക അഭിനേത്രിയാണ് മഞ്ജുവാര്യർ .

ഈ പരസ്യത്തിൻ്റെ താരത്തിളക്കത്തിൽ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയ മഞ്ജു വാര്യർ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത
” ഹൗ ഓൾഡ് ആർ യൂ ” എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നൽകി
മലയാളനാടിനെ ശരിക്കും അത്ഭുതപ്പെടുത്തിക്കളഞ്ഞു.

ഇത്രയും നീണ്ട കാലയളവ് സിനിമയിൽ നിന്നും വിട്ടു നിന്നിട്ടും മഞ്ജുവാര്യരുടെ ജനപ്രീതിക്ക് ഒട്ടും കുറവ് സംഭവിച്ചില്ലെന്നുള്ളത് ഇന്നും വിസ്മയമായി നിലനിൽക്കുന്നു.
ആ അഭിനയസപര്യ
പൂർവ്വാധികം
ശക്തിയായി തുടർന്നു കൊണ്ടേയിരിക്കുകയാണ്.

1999-ൽ പുറത്തിറങ്ങിയ “കണ്ണെഴുതി പൊട്ടുതൊട്ട് ”
എന്ന ചിത്രത്തിലെ ഇവരുടെ പ്രകടനം ദേശീയതലത്തിൽ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശവും പ്രശംസയും നേടി.
മലയാള സിനിമയിലെ നടനകലയുടെ പെരുന്തച്ചനായ
തിലകനെ പോലും അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു ഈ ചിത്രത്തിൽ മഞ്ജു വാര്യർ കാഴ്ചവച്ചത്.

അടുത്തിടെ പുറത്തിറങ്ങിയ
വിവാദ ചലച്ചിത്രം
” എമ്പുരാൻ ” മോഹൻലാലിനും പൃഥ്വിരാജിനും കടുത്ത വിമർശനങ്ങളാണ് നേടി കൊടുത്തതെങ്കിലും
മഞ്ജു വാര്യരുടെ പ്രകടനം പരക്കെ സ്വാഗതം ചെയ്യപ്പെടുകയുണ്ടായി.

മലയാള മനസ്സിനെ കോരിത്തരിപ്പിച്ച എത്രയോ സുന്ദര ഗാനങ്ങളാണ് മഞ്ജുവാര്യരുടെ മുഖശ്രീയിലൂടെ കേരളം കണ്ടു കൊതിച്ചത്.

“പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം … ”

” കാത്തിരിപ്പൂ കൺമണി .. ”
(കൃഷ്ണ ഗുഢിയിൽ ഒരു പ്രണയകാലത്ത് )

“പഞ്ചവർണ്ണ പൈങ്കിളിപ്പെണ്ണേ ഇന്നെനിക്കൊരു ദൂതു പോകാമോ …”
(സല്ലാപം )

“പാതിരാ പുള്ളുണർന്നു
പരൽമുല്ലക്കാടുണർന്നു …”

“കാക്കക്കറുമ്പൻ കണ്ടാൽ കുറുമ്പൻ … ”
(ഈ പുഴയും കടന്ന് )

“കണ്ണാടിക്കൂടും കൂട്ടി
കണ്ണെഴുതി പൊട്ടും തൊട്ട്
കാവളം പൈങ്കിളി വായോ…”

“ആരോ വിരൽ മീട്ടി … ”

“വരമഞ്ഞളാടിയ രാവിന്റെ മാറിൽ … ”

(എല്ലാ ഗാനങ്ങളും പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിൽ)

“ചൂളമടിച്ചു കറങ്ങി നടക്കും ചോല കുയിലിന് കല്യാണം …”

” എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു ..”
( സമ്മർ ഇൻ ബതലഹേം )

” പാടി തൊടിയിലേതോ പൊന്നാഞ്ഞിലി മേൽ ..”
(ആറാം തമ്പുരാൻ )

“മലർവാകക്കൊമ്പത്ത്
മണിമേലെ തുമ്പത്ത് …. ”
(എന്നും എപ്പോഴും )

” ഹരിചന്ദന മലരിലെ മധുവായ് ഹരമിളകും മൃഗമദ ലയമായ്…”
(കണ്ണെഴുതി പൊട്ട് തൊട്ട് )

“വേളിക്ക് വെളുപ്പാൻ കാലം താലിക്ക് കുരുത്തോല …”
(കളിയാട്ടം )

“കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ തൊട്ടൂ തൊട്ടില്ല… ”
(കണ്ണെഴുതി പൊട്ടുതൊട്ട് )

“കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം …”
(ഒടിയൻ )

“മഞ്ഞക്കിളിയുടെ
മൂളിപ്പാട്ടുണ്ടേ … ”
(കന്മദം )

തുടങ്ങിയ ഗാനങ്ങളിലൂടെ മഞ്ജു വാരിയർ കേരളീയരുടെ മനസ്സിൽ ഒരു ഹരിചന്ദന മലരിലെ മധുവായ് ഇന്നും നിറഞ്ഞു നിൽക്കുന്നു .

“കണ്ണെഴുതി പൊട്ടു തൊട്ട് ” എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം

“ചെമ്പഴുക്ക ചെമ്പഴുക്ക ”

എന്ന ഗാനം പാടിക്കൊണ്ട് അഭിനയവും നൃത്തവും മാത്രമല്ല താൻ നല്ലൊരു ഗായിക കൂടിയാണ് എന്ന് അവർ തെളിയിച്ചു കഴിഞ്ഞു.

അടുത്തിടെ ജാക്ക് ആന്റ് ജിൽ എന്ന ചിത്രത്തിൽ ഇവർ ആലപിച്ച കിം കിം കിം എന്ന ഗാനം സോഷ്യൽ മീഡിയായിൽ വൈറലായിരുന്നു .

കമൽ സംവിധാനം ചെയ്ത മാധവിക്കുട്ടിയുടെ ജീവിതകഥ “ആമി ” എന്ന പേരിൽ അഭ്രപാളികളിലെത്തിയപ്പോൾ മലയാള സാഹിത്യവേദിയെ എക്കാലത്തും
പ്രകമ്പനം കൊള്ളിച്ച
ആ കഥാകാരിയെ വെള്ളിത്തിരയിലൂടെ അനശ്വരമാക്കാൻ കഴിഞ്ഞത് മഞ്ജു വാര്യരുടെ ജീവിതത്തിലെ അപൂർവ്വ നേട്ടമാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

1978 സെപ്റ്റംബർ 10 ന് ജനിച്ച മഞ്ജുവാര്യരുടെ പിറന്നാൾ ദിനമാണിന്ന് ..
കാലത്തിന് തോൽപ്പിക്കാൻ കഴിയാത്ത മലയാള സിനിമയുടെ ഈ പ്രിയ അഭിനേത്രിക്ക് നിറഞ്ഞമനസ്സോടെ
പിറന്നാളാശംസകൾ നേരുന്നു .