അപമാനിക്കരുതെന്ന് മഞ്ജുവാര്യർ ; വാഗ്ദാന ലംഘനകേസ് ഒത്തുതീർപ്പിലേക്ക്
സ്വന്തം ലേഖകൻ
വയനാട് : ആദിവാസി വിഭാഗത്തിൽ പെട്ട കുടുംബങ്ങൾക്ക് വീടുവച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന പേരിൽ ചലച്ചിത്രതാരം മഞ്ജു വാര്യർക്ക് എതിരെ നൽകിയ കേസ് ഒത്തുതീർപ്പിലെത്തി. സർക്കാർ അനുമതി നൽകിയ ഭവനപദ്ധതിയിൽ പത്തുലക്ഷം രൂപ സംഭാവനയായി നൽകാമെന്ന് മഞ്ജു വാര്യർ കത്തുമുഖേന അറിയിച്ചു. ഈ വിഷയത്തിലേക്ക് വലിച്ചിഴച്ച് ഇനിയും തന്നെ അപമാനിക്കുകയോ അക്ഷേപിക്കുകയോ ചെയ്യരുതെന്നും മഞ്ജു വാര്യർ അഭ്യർത്ഥിച്ചിട്ടുണ്ട്.
പണിയ വിഭാഗത്തിലെ 57 ആദിവാസി കുടുംബങ്ങൾക്ക് വീടും മറ്റ് സൗകര്യങ്ങളും ഒരുക്കി നൽകാമെന്നാണ് നടി രക്ഷാധികാരിയായ മഞ്ജുവാര്യർ ഫൗണ്ടേഷൻ വാഗ്ദാനം നൽകിയിരുന്നത്. ഇത് സംബന്ധിച്ച് വയനാട് ജില്ലാ കളക്ടർക്കും വകുപ്പ് മന്ത്രിക്കും കത്തു നൽകുകയും ചെയ്തിരുന്നു. താരത്തിന്റെ വാഗ്ദാനം സ്വീകരിച്ച് പദ്ധതി പഞ്ചായത്ത് അംഗീകാരം നൽകി. ഇതിനെ തുടർന്ന് പ്രാരംഭ പ്രവർത്തനമെന്നോണം സർവ്വേ നടപടികളും നടത്തിയിരുന്നു. എന്നാൽ പിന്നീട് വാഗ്ദാനത്തിൽ നിന്നും ഫൗണ്ടേഷൻ പിൻമാറുകയായിരുന്നു. ഇതേ തുടർന്നാണ് വയനാട് ജില്ലാ ലീഗൽ സർവ്വീസ് സെല്ലിൽ പരാതിയെത്തിയത്. കഴിഞ്ഞ ദിവസം താരം നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നും ലീഗൽ സെൽ ഉത്തരവിട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group