
ക്യാന്‍സര്‍ രോഗികള്‍ക്ക് താങ്ങാനാവുന്ന ചെലവില്‍ നൂതനവും മികവുറ്റതുമായ വൈദ്യസഹായവും പ്രതിരോധ ചികിത്സയും; മഞ്ഞുമ്മല്‍ സെന്‍റ് ജോസഫ്സ് ഹോസ്പിറ്റലിൽ 300 കോടിയുടെ അത്യാധുനിക ക്യാന്‍സര്‍ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നു
കൊച്ചി: കേരളത്തിലെ ആദ്യ മിഷന്‍ ആശുപത്രി മഞ്ഞുമ്മല്‍ സെന്‍റ് ജോസഫ്സ് ഹോസ്പിറ്റലില്‍ അത്യാധുനിക കാന്‍സര്‍ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നു.
കാന്‍സര്‍ രോഗികള്‍ക്ക് താങ്ങാനാവുന്ന ചെലവില്‍ ഏറ്റവും നൂതനവും മികവുറ്റതുമായ വൈദ്യസഹായവും പ്രതിരോധ ചികിത്സയുമാണ് പുതിയ കാന്‍സര്‍ ട്രീറ്റ്മെന്‍റ് ആന്‍ഡ് പ്രിവന്‍ഷന്‍ സെന്‍റര്‍ വാഗ്ദാനം ചെയ്യുന്നതെന്ന് ചെയര്‍മാന്‍ ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ വ്യക്തമാക്കി.
135 വര്‍ഷം മുന്‍പ് കോളറ അടക്കമുള്ള പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള ചികിത്സാ കേന്ദ്രമായാണ് ഈ മിഷന്‍ ഹോസ്പിറ്റല്‍ ആരംഭിക്കുന്നത്. മദര്‍ & ചൈല്‍ഡ് കെയര്‍ പിന്നീട് കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നാണ് പുതിയ വിഭാഗങ്ങള്‍ ചേര്‍ത്ത് വിപുലീകരിക്കുന്നത്.
രാജ്യത്തെ മുന്‍നിര സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റും സ്കാര്‍ലെസ് തൈറോയ്ഡ് – ബ്രെസ്റ്റ് പ്രിസര്‍വേഷന്‍ സര്‍ജറികള്‍, കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ തടയാനുള്ള എവിഡന്‍സ് അധിഷ്ഠിത ന്യൂട്രീഷന്‍ എന്നീ മേഖലകളിലെ അതുല്യ നേട്ടങ്ങളുടെ പേരില്‍ പ്രശസ്തനുമായ ഡോ. തോമസ് വര്‍ഗീസിന്‍റെ മേല്‍നോട്ടത്തിലാണ് കാന്‍സര്‍ സെന്‍ററിന്‍റെ രൂപീകരണവും ചികിത്സാ പ്രോട്ടോകോളും എന്ന് സെന്‍റ് ജോസഫ്സ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാദര്‍. ലാല്‍ജു പോളാപ്പറമ്പില്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്തെ പ്രശസ്തമായ കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ 30 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള ആളാണ് ഡോ. തോമസ് വര്‍ഗീസ്. ന്യൂയോര്‍ക്ക്, എംഡി ആന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്‍റര്‍ ഹൂസ്റ്റണ്‍, വാഷിങ്ടണ്‍ കാന്‍സര്‍ സെന്‍റര്‍, ടോക്കിയോ ജുന്‍ടെന്‍ഡോ യൂണിവേഴ്സിറ്റി, മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ സെന്‍റര്‍ എന്നിവിടങ്ങളില്‍ ഡോ. തോമസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2023ലെ ഇന്ത്യന്‍ കാന്‍സര്‍ കോണ്‍ഗ്രസില്‍ ഏറ്റവും കൂടുതല്‍ ശാസ്ത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത് അദ്ദേഹമാണ്.
കാന്‍സര്‍ ചികിത്സാ രംഗത്തെ വിവിധങ്ങളായ നൂതന ചികത്സാരീതികള്‍ സെന്‍റ് ജോസഫ്സ് ഹോസ്പിറ്റലിലെ അത്യാധുനിക കാന്‍സര്‍ ചികിത്സാ പ്രതിരോധ കേന്ദ്രത്തില്‍ ലഭ്യമാണ്.
പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് അനുയോജ്യമായ സ്തന സംരക്ഷണ ഓങ്കോപ്ലാസ്റ്റിക് സര്‍ജറി, കഴുത്തിലും നെഞ്ചിനോട് ചേര്‍ന്നും കാണപ്പെടുന്ന കാന്‍സര്‍ സംബന്ധിയും അല്ലാത്തതുമായ മുഴകള്‍ നീക്കം ചെയ്യാന്‍ സ്ത്രീകളിലും പുരുഷന്മാരിലും നടത്തുന്ന സ്കാര്‍ലെസ് തൈറോയ്ഡെക്ടമി, കാന്‍സറില്‍ നിന്നുള്ള സംരക്ഷണത്തിനായി കൈകാലുകള്‍, ശ്വാസനാളം, നാവ്, താടിയെല്ലുകള്‍ എന്നിവയ്ക്കായുള്ള സര്‍ജറികള്‍, ടോട്ടല്‍ പെരിറ്റോനെക്ടമിയും HIPEC യും ഉള്‍പ്പെടെയുള്ള അതിനൂതന സര്‍ജറികളും അത്യാധുനിക ചികിത്സയും ഉറപ്പാക്കുന്ന ഗൈനക്കോളജിക് ഓങ്കോളജി വിഭാഗം, ഗ്യാസ്ട്രക്ടോമി – കോളക്റ്റോമി – റെക്ടല്‍ & പാന്‍ക്രിയാറ്റിക് ശസ്ത്രക്രിയകള്‍ , അന്നനാള ശസ്ത്രക്രിയകള്‍ എന്നിവ ഉള്‍പ്പെടുന്ന ഗ്യാസ്ട്രോഎന്‍ട്രോളജി കാന്‍സര്‍ വിഭാഗം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നു.
ഇതിനു പുറമെ, ശ്വാസകോശ അര്‍ബുദ ശസ്ത്രക്രിയകളും ചികിത്സയും, ജനിതക പ്രൊഫൈലിംഗ്, ഇമ്മ്യൂണോതെറാപ്പി എന്നിവയും പുതിയ കേന്ദ്രത്തില്‍ ലഭ്യമാണ്. എവിഡന്‍സ് ബേസ്ഡ് ഓങ്കോളജി ന്യൂട്രീഷന്‍ വഴി വേദന രഹിതമായ ന്യൂട്രോപീനിയ പ്രിവന്‍റഡ് കീമോതെറാപ്പി സാധ്യമാക്കുന്ന ചികിത്സാ സംവിധാനവും ലഭ്യമാണ്. വായിലെ അള്‍സര്‍, രക്തസ്രാവം, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഫംഗസ് അണുബാധ തുടങ്ങിയ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നതാണ് പ്രധാന നേട്ടം.
കേരളത്തിലെ മുന്‍നിര കോളേജുകളിലൊന്നായ എറണാകുളം സെന്‍റ് തെരേസാസ് കോളേജുമായി സഹകരിച്ചുള്ള ഒരു ന്യൂട്രീഷന്‍ റിസര്‍ച്ച് സെന്‍ററും പുതിയ കേന്ദ്രത്തിലുണ്ട്.
അരി, ഗോതമ്പ്, മൈദ എന്നിവയുടെ ഉപയോഗം കുറച്ച് പരമ്പരാഗത ഭക്ഷണങ്ങളായ ചക്ക, ചേന, വാഴപ്പൂവ്, അവിയല്‍, തോരന്‍ എന്നിവയ്ക്ക് പ്രാധാന്യമുള്ള പോഷകാഹാര തെറാപ്പിയിലൂടെ കേരളത്തിലെ കാന്‍സര്‍ നിയന്ത്രണ വിധേയമാക്കാന്‍ സഹായകമായ ഗവേഷണവും ക്ലിനിക്കല്‍ പഠനങ്ങളും ക്ലിനിക്കല്‍ ന്യൂട്രീഷന്‍ വകുപ്പ് നടത്തും.
“ഇന്ത്യയിലെ കാന്‍സര്‍ രോഗികളുടെ എണ്ണം 2040 ഓടെ 20 ലക്ഷമായി വര്‍ധിക്കും. നിലവില്‍ 14 ലക്ഷമാണത്”- ലാന്‍സെറ്റ് കാന്‍സര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ഡോ. തോമസ് വര്‍ഗീസ് പറയുന്നു. 2021- 22 ലെ ഡാറ്റ പ്രകാരം തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ ഓരോ വര്‍ഷവും പുതുതായി 14,183 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നിലവില്‍ റിവ്യൂവിലുള്ള 211,778 കേസുകള്‍ക്ക് പുറമെയാണിത്.
ലഭ്യമായ കണക്കുകള്‍ അനുസരിച്ച് കാന്‍സര്‍ രോഗികളില്‍ 80% ത്തോളം പേര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വരുന്നുണ്ടെങ്കിലും ഇന്ത്യയില്‍ 25% രോഗികള്‍ക്ക് മാത്രമേ അതിനുള്ള സൗകര്യം ലഭ്യമാകുന്നുള്ളൂ. നേരത്തേ തിരിച്ചറിഞ്ഞ് യഥാസമയം ശസ്ത്രക്രിയ ഉറപ്പാക്കുന്നതിലൂടെ വലിയൊരളവു വരെ രോഗവിമുക്തി സാധ്യമാക്കാന്‍ കഴിയും – ഡോ. തോമസ് കൂട്ടിച്ചേര്‍ത്തു.