അച്ഛൻ കൈവിരലുകൾ വിടുവിച്ച് കടന്നുപോയ വർഷം, ആ ശൂന്യതയുടെ ആഴമറിയുന്നു; മഞ്ജു വാര്യർ
സ്വന്തം ലേഖകൻ
തൃശ്ശൂർ: ഒരുപാട് പ്രതീക്ഷകളുമായി മറ്റൊരു പുതുവർഷത്തെ നല്ലതും ചീത്തയുമായ ഓർമ്മകളെ പൊടിതട്ടിയെടുത്ത് ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ. അച്ഛൻ കൈവിരലുകൾ വിടുവിച്ച് കടന്നുപോയ വർഷമായിരുന്നു 2018 എന്ന് ഓർമ്മിക്കുന്ന മഞ്ജു ആ നഷ്ടം അവശേഷിച്ച് പോയ ശൂന്യത ഴത്തിലറിയുകയാണെന്ന് പറയുന്നു. അതുപോലെ 2018 നൽകിയ സന്തോഷങ്ങളെയും മഞ്ജു ഓർത്തെടുക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയെ വെള്ളിത്തിരയിലെത്തിക്കാൻ കഴിഞ്ഞതും മോഹൻലാൽ എന്ന വിസ്മയത്തോടൊപ്പം ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്യാൻ കഴിഞ്ഞതും സന്തോഷത്തോടെ ഓർത്തെടുക്കുന്നു
മഞ്ജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെയുണ്ടായിരുന്നു എന്ന് ഓർമ്മിപ്പിക്കാൻ കാലം ഒരു തൂവൽ കൂടി പൊഴിക്കുന്നു. ഒരു വർഷം നിശബ്ദമായി അടർന്നുപോകുന്നു. പിറകോട്ട് നോക്കുമ്പോൾ നടന്നുവന്ന വഴികളിലത്രയും പലതും കാണുന്നുണ്ട്. സങ്കടങ്ങൾ, സന്തോഷങ്ങൾ, വേർപാടുകൾ, വിമർശനങ്ങൾ, ശരികൾ, തെറ്റുകൾ… എല്ലാത്തിനെയും ഈ നിമിഷം ഒരുപോലെ ഹൃദയത്തിൽ സ്വീകരിക്കുന്നു.
അച്ഛൻ കൈവിരലുകൾ വിടുവിച്ച് കടന്നുപോയ വർഷമായിരുന്നു എനിക്കിത്. ഞങ്ങളുടെ കുടുംബത്തിന്റെ ഏറ്റവും വലിയ നഷ്ടം. ഇപ്പോഴും പൂർണമായി ഉൾക്കൊള്ളാനായിട്ടില്ല അത്. അച്ഛനായിരുന്നു ജീവിതത്തിന്റെ ഏതുഘട്ടത്തിലും ചേർത്തുപിടിച്ചിരുന്നതും,വഴികാട്ടിയിരുന്നതും. അച്ഛൻ അവശേഷിപ്പിച്ചുപോയ ശൂന്യത ഓരോ നിമിഷവും ആഴത്തിലറിയുന്നു. പ്രിയപ്പെട്ട ഒരുപാട് പേർ 2018-ൽ യാത്ര പറഞ്ഞു പോയി. കേരളത്തെ വിഴുങ്ങിയ പ്രളയമായിരുന്നു മറ്റൊന്ന്.
അതിന്റെയെല്ലാം വേദനകൾക്കിടയിലും ചെറുതല്ലാത്ത ചില സന്തോഷങ്ങൾ ഈ വർഷം എനിക്ക് സമ്മാനിച്ചു. മലയാളത്തിന്റെ നീർമാതളമായ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതം പറഞ്ഞ ‘ആമി’ എന്ന സിനിമയോടെയാണ് എന്റെ ഈ വർഷം തുടങ്ങിയത്. ആ വേഷം ഒരു സൗഭാഗ്യമായി. മോഹൻലാൽ എന്ന വിസ്മയം എന്റെ അഭിനയജീവിതത്തിൽ പലതരത്തിൽ പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇക്കൊല്ലത്തെ ഏറ്റവും ആഹ്ലാദകരമായ അനുഭവം. മലയാളം ലോകസിനിമയ്ക്ക് നൽകിയ പ്രതിഭയുടെ പേരിലുള്ള ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കാനായി എന്നത് വ്യക്തിപരമായി ഒരുപാട് വിലമതിക്കുന്ന ഒന്നാണ്. ആ അവസരത്തെ ലാലേട്ടനോട് കുട്ടിക്കാലം തൊട്ടേ സൂക്ഷിക്കുന്ന ആരാധനയുടെയും ബഹുമാനത്തിന്റെയും പ്രതിഫലമായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഈ വർഷം ഏറ്റവും കൂടുതൽ അഭിനയിച്ചതും ലാലേട്ടന്റെ കൂടെത്തന്നെ. ഒടിയൻ,ലൂസിഫർ. ലാലേട്ടനോടൊപ്പമുള്ള ഓരോ സിനിമയും എത്രയോ പുതിയ അഭിനയപാഠങ്ങളും അദ്ഭുതങ്ങളുമാണ് തരുന്നത് ആ സുകൃതം തന്നെ ഈ വർഷത്തെ ഏറ്റവും വലിയ വരം. ഈ വർഷം ഒടുവിൽ റിലീസ് ചെയ്ത ‘ഒടിയൻ’ എല്ലാ വ്യാജപ്രചരണങ്ങളെയും അതിജീവിച്ച് വലിയ വിജയമായി മാറിക്കഴിഞ്ഞു. നമ്മുടെ ഏറ്റവും വലിയ വാണിജ്യവിജയങ്ങളിലൊന്നായി മാറുകയാണ് ഈ സിനിമ. അതിന്റെ സന്തോഷം കൂടിയുണ്ട് ഇതെഴുതുമ്പോൾ. എന്റെ ഏറ്റവും വലിയ ശക്തിയായ പ്രേക്ഷകർക്ക് ഒരുപാടൊരുപാട് നന്ദി. വരുംവർഷവും നല്ല സിനിമകളിൽ അഭിനയിക്കാനാകുമെന്ന് ആഗ്രഹിക്കുന്നു. എല്ലാവരുടെ ജീവിതത്തിലും നന്മകൾ മാത്രം സംഭവിക്കട്ടെ… പുതിയ വർഷം എല്ലാ ഐശ്വര്യങ്ങളും തരട്ടെ… എല്ലാവർക്കും പുതുവത്സരാശംസകൾ…