മഞ്ജു വാര്യരുടെ പരാതി ; ശ്രീകുമാറിനെതിരെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
സ്വന്തം ലേഖകൻ
തൃശ്ശൂർ : നടി മഞ്ജു വാര്യരുടെ പരാതിയെ തുടർന്ന്, സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തിയെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തി സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി സി.ഡി. ശ്രീനിവാസനാണ് അന്വേഷണ ചുമതല. ഡി.ജി.പിക്ക് നടി നൽകിയ പരാതി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
നേരത്തേ മഞ്ജു വാര്യർ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നേരിട്ടു നൽകിയ പരാതി പ്രകാരം പൊലീസ് ആസ്ഥാനത്തെ ഡിവൈ.എസ്.പി രാജ്കുമാറിന്റെ നേതൃത്വത്തിൽ സി.ഐ പ്രകാശ് അന്വേഷണം ആരംഭിച്ചിരുന്നു. ഇവർ ശ്രീകുമാർ മേനോന്റെ മൊഴി രേഖപ്പെടുത്തുമെന്നും അറിയിച്ചിരുന്നു. ഇതിനുപുറമെ ശ്രീകുമാർ മേനോന്റെ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തും.
ശ്രീകുമാർ മേനോൻ തന്നെയും തന്റെ കൂടെ നിൽക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി തിങ്കളാഴ്ചയാണ് മഞ്ജു വാര്യർ ഡി.ജി.പിക്ക് പരാതി നൽകിയത്. ഒടിയന് ശേഷമുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നും തനിക്കെതിരെ സംഘടിതമായ നീക്കമുണ്ടെന്നും പരാതിയിലുണ്ട്്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മേനോന്റെ പേരിലുള്ള ‘പുഷ് ‘ കമ്പനി വഴി 2013ൽ കരാറുണ്ടാക്കി പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മഞ്ജുവാര്യർ ഫൗണ്ടേഷന്റെയും, ചാരിറ്റി പ്രവർത്തനത്തിന്റെയും മേൽനോട്ടവും ആ കമ്പനിക്ക് നൽകിയിരുന്നു. 2017 ൽ കരാർ റദ്ദാക്കി. ചാരിറ്റി പ്രവർത്തനങ്ങൾക്കായി താൻ ഒപ്പിട്ടു നൽകിയ വെള്ള പേപ്പറുകളും ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം ഫേസ് ബുക്കിൽ മഞ്ജു വാര്യർക്കെതിരെ മോശമായ പരാമർശം ശ്രീകുമാർ മേനോൻ നടത്തിയിരുന്നു.
നേരത്തേ ശ്രീകുമാർ മേനോനെതിരെ വ്യാജ തെളിവുണ്ടാക്കി യു ട്യൂബിൽ അപകീർത്തികരമായ വീഡിയോ പോസ്റ്റ് ചെയ്‌തെന്ന പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തിരുന്നു. കല്യാൺ ജുവലേഴ്‌സിന്റെ തൃശൂർ പൂങ്കുന്നം ഓഫീസിലെ ജനറൽ മാനേജർ കെ.ടി. ഷൈജുവായിരുന്നു പരാതിക്കാരൻ.
തെഹൽക മുൻ മാനേജിംഗ് എഡിറ്ററും എറണാകുളം പൊന്നുരുന്നി സ്വദേശിയുമായ മാത്യു സാമുവലിനെതിരെയും യു ട്യൂബ് ചാനലായ പിക്‌സ് 24 7 ന് എതിരെയും കേസെടുത്തിരുന്നു. കല്യാൺ ഗ്രൂപ്പിന്റെ പരസ്യചിത്രങ്ങളുടെ സംവിധായകനായിരുന്നു ശ്രീകുമാർ മേനോൻ. ഇടക്കാലത്ത് കല്യാൺ പരസ്യകരാർ അവസാനിപ്പിച്ചിരുന്നു.
ശ്രീകുമാറിനെതിരെ ചുമത്തിയ മറ്റ് കുറ്റങ്ങൾ
1. സാമൂഹിക മാദ്ധ്യമങ്ങളിലുടെ അപവാദ പ്രചാരണം നടത്തൽ
2. ഗൂഢ ഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്തുടരൽ, ഭീഷണിപ്പെടുത്തൽ
3. സ്ത്രീയെ പൊതുമദ്ധ്യത്തിൽ അപമാനിക്കും വിധം പെരുമാറുക