നടി മഞ്ജു വാര്യർ അടക്കമുള്ളവർ ഹിമാചൽപ്രദേശത്തിൽ കുടുങ്ങിക്കിടക്കുന്നു: ചുറ്റും പ്രളയജലം

നടി മഞ്ജു വാര്യർ അടക്കമുള്ളവർ ഹിമാചൽപ്രദേശത്തിൽ കുടുങ്ങിക്കിടക്കുന്നു: ചുറ്റും പ്രളയജലം

ഷിംല: ഹിമാചൽ പ്രദേശിലെ പ്രളയത്തിൽ കുടുങ്ങി നടി മഞ്ജു വാര്യരും സംഘവും. സനിൽ കുമാർ ശശിധരന്റെ ‘കയറ്റം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യർ ഹിമാചലിലെ ഛത്രുവിൽ എത്തിയത്. എന്നാൽ മഴയെ തുടർന്ന് സംഘം അവിടെ കുടുങ്ങുകയായിരുന്നു.

മഞ്ജു സുരക്ഷിത സ്ഥാനത്താണെന്നും സാറ്റലൈറ്റ് ഫോണിലൂടെ തന്നോട് സംസാരിച്ചെന്നും സഹോദരൻ മധു വാര്യർ വ്യക്തമാക്കി. എന്നാൽ കനത്ത മഴയിലും മണ്ണിടിച്ചിലും മൂലം സംഘത്തിന് യാത്ര ചെയ്യാനാവുന്നില്ല. ഭക്ഷണ സാധനങ്ങൾ തീരാറായ അവസ്ഥയിലാണെന്നും മധു പറഞ്ഞു. മഞ്ജുവും സനൽ കുമാർ ശശിധരനും അടക്കം സംഘത്തിൽ 30 പേരാണുളളത്. ഇവരടക്കം ആകെ 200 ഓളം പേർ ഇവിടെ കുടുങ്ങിക്കിടപ്പുണ്ട്.

മൂന്നാഴ്ച മുൻപാണ് സിനിമാ ചിത്രീകരണത്തിനായി സംഘം ഹിമാചൽ പ്രദേശിലെ ഛത്രുവിൽ എത്തിയത്. ഹിമാലയൻ താഴ്‌വരയിലെ ഒറ്റപ്പെട്ട പ്രദേശമാണിത്. മണാലിയിൽനിന്നും 100 കിലോമീറ്റർ അകലെയാണ് ഛത്രു. രണ്ടാഴ്ചയായി ഇവിടെ ശക്തമായ മഴയാണ് ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയത്തിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഇടപെട്ടിട്ടുണ്ട്. ഹിമാചൽ മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.

‘ചോല’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കയറ്റം’. ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സനല്‍കുമാര്‍ ശശിധരന്‍ തന്നെ സംവിധാനം ചെയ്ത ‘എസ്.ദുര്‍ഗ’ എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.