എന്നാലും മഞ്ചുവാര്യരെ ഈ പാവങ്ങളെ പറ്റിക്കാമോ ? വീട് വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന പരാതിയിൽ മഞ്ചുവിനോട് ഹാജരാകാൻ ഡി.എൽ.എസ്.എ
സ്വന്തം ലേഖിക
കൽപ്പറ്റ: വയനാട്ടിലെ 57 ആദിവാസി കുടുംബങ്ങൾക്ക് 1.88 കോടി രൂപ മുടക്കി വീടും മറ്റു സൗകര്യങ്ങളും ഒരുക്കി നൽകുമെന്ന് അറിയിച്ചശേഷം വഞ്ചിച്ചെന്ന പരാതിയിൽ നടി മഞ്ജു വാര്യർ 15ന് വയനാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി (ഡി.എൽ.എസ്.എ.) മുമ്പാകെ ഹാജരാകണം. പനമരം പഞ്ചായത്തിലെ പരക്കുനിയിലെ കുടുംബങ്ങൾ നൽകിയ പരാതിയിലാണ് 15ന് ഹിയറിങ്. മഞ്ജുവാര്യർ ഫൗണ്ടേഷൻ വഞ്ചന കാട്ടിയതിനാൽ സർക്കാർ സഹായം നിഷേധിക്കപ്പെട്ട് തങ്ങൾ ദുരിതത്തിലായിരിക്കുകയാണെന്നാണ് കുടുംബങ്ങളുടെ പരാതി.
പണിയ കുടുംബങ്ങൾക്ക് വീടും മറ്റ് അനുബന്ധസൗകര്യങ്ങളും ഒരുക്കുമെന്ന് വാഗ്ദാനം ചെയ്ത് 2017 ജനുവരി 20നാണ് മഞ്ജുവാര്യർ ഫൗണ്ടേഷൻ വയനാട് ജില്ലാ കലക്ടർക്കും പട്ടികജാതി, വർഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നൽകിയത്. മുൻ ഹിയറിങ്ങുകളിലൊന്നും മഞ്ജു ഹാജരായിരുന്നില്ല. 15ന് മഞ്ജുവാര്യർ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഡി.എൽ.എസ്.എ. നോട്ടീസ്. പ്രളയത്തിൽ വ്യാപക നാശമുണ്ടായ സ്ഥലങ്ങളാണ് പരക്കുനി, പരപ്പിൽ പ്രദേശങ്ങൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രളയത്തെ തുടർന്ന് പുനരധിവാസ ഫണ്ട് വിനിയോഗം സംബന്ധിച്ച ആലോചനയിൽ ഒന്നേമുക്കാൽ കോടിയിലധികം രൂപ ചെലവഴിച്ച് മഞ്ജു വാര്യർ ഫൗണ്ടേഷൻ 57 ആദിവാസി കുടുംബങ്ങൾക്ക് വീടു നിർമിച്ചുനൽകുമെന്ന് വാഗ്ദാനം ചെയ്തതിനാൽ ഇനി ഇവിടെ വേറെ ഫണ്ട് അനുവദിക്കേണ്ടെന്ന് അധികൃതർ തീരുമാനമെടുത്തിരുന്നതായി ആദിവാസി കുടുംബങ്ങൾ പറയുന്നു. സംഭവം വിവാദമായതോടെ ഫൗണ്ടേഷൻ ഇടപെട്ട് 40 വീടുകളുടെ മേൽക്കൂരയുടെ ചോർച്ച മാറ്റാനുള്ള ഷീറ്റുകൾ നൽകിയെന്ന് പഞ്ചായത്ത് അംഗം എം.എ. ചാക്കോ പറഞ്ഞു.
മുൻ സിറ്റിങ്ങുകളിൽ ഫൗണ്ടേഷന്റെ പ്രതിനിധികൾ ഹാജരായി മൊത്തം 10 ലക്ഷം രൂപയോ അല്ലെങ്കിൽ വീടുകളുടെ അറ്റകുപ്പണി തീർത്തുതരുകയോ ചെയ്യാമെന്ന് അറിയിച്ചിരുന്നതായും ചാക്കോ പറഞ്ഞു. ആദിവാസി കുടുംബങ്ങൾ ഈ വ്യവസ്ഥക്ക് സമ്മതിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മഞ്ജുവാര്യരുടെ വീടിനു മുമ്പിൽ കുടിൽകെട്ടി സമരം നടത്താൻ കുടുംബങ്ങൾ തീരുമാനിച്ചിരുന്നു. എന്നാൽ ആദിവാസി ക്ഷേമമന്ത്രി എ.കെ. ബാലൻ ഇടപെട്ട് സമരം മാറ്റിവയ്പ്പിക്കുകയായിരുന്നു.
പദ്ധതി നടത്തിപ്പിന്റെ പ്രാരംഭമായി മഞ്ജുവാര്യർ ഫൗണ്ടേഷൻ സ്ഥലസർവെ നടത്തിയിരുന്നു. മഞ്ജു വാര്യരുടെ പ്രഖ്യാപനത്തെ തുടർന്ന് പനമരം പഞ്ചായത്ത് ഭരണസമിതിയോഗം ചേർന്ന് പദ്ധതി അംഗീകരിച്ചു. അതിനു ശേഷമാണ് അവർ പിൻവാങ്ങിയത്. തുടർ നടപടി ഉണ്ടാകാതെ വന്നതിനെ തുടർന്ന് പ്രതിഷേധവുമായി ആദിവാസി കുടുംബങ്ങൾ രംഗത്തിറങ്ങിയപ്പോൾ ഒരാൾക്ക് ഒറ്റക്ക് ചെയ്യാൻ പറ്റുന്ന കാര്യമല്ലിതെന്ന് വ്യക്തമായിയെന്നും ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു മഞ്ജുവാര്യരുടെ പ്രതികരണം.