മഞ്ചേശ്വരം കാക്കാൻ ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരെയെത്തിച്ച് മുന്നണികൾ
സ്വന്തം ലേഖിക
കാസർകോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രമുഖ കക്ഷികളുടെ നേതൃത്വത്തിൽ മാസങ്ങളായി നടക്കുന്ന അണിയറ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് പുറത്തുനിന്നുള്ള നേതാക്കൾ. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എ. മുഹമ്മദ് റിയാസ്, ടി.വി. രാജേഷ്, പി.കെ. സൈനബ എന്നിവർ എൽ.ഡി.എഫിനും സണ്ണി ജോസഫ്, അബ്ദുറഹ്മാൻ കല്ലായി എന്നിവർ യു.ഡി.എഫിനും ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, കർണാടക സംസ്ഥാന പ്രസിഡൻറ് നളിൻകുമാർ കട്ടീൽ എന്നിവർ ബി.ജെ.പിക്കുംവേണ്ടി മാസങ്ങളായി മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുകയാണ്. ഇവർക്ക് പുറമെ ഓരോ കക്ഷികളുടെയും ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കളും മാസങ്ങളായി മണ്ഡലത്തിൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം നടത്തുന്നുണ്ട്.
സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം കഴിഞ്ഞ മൂന്ന് മാസമായി പി.എ. മുഹമ്മദ് റിയാസ്, ടി.വി. രാജേഷ്, പി.കെ. സൈനബ എന്നിവർ മണ്ഡലത്തിലെ വിവിധ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. സി.പി.എമ്മിന്റെ ജില്ലയിലെ 12 ഏരിയ കമ്മിറ്റിക്ക് കീഴിൽ നിന്നുള്ള 250ഓളം പ്രാദേശിക നേതാക്കളും രണ്ട് മാസത്തിലധികമായി മണ്ഡലത്തിൽ ഫുൾടൈം പ്രചാരണത്തിനിറങ്ങിയിട്ടുണ്ട്. ജില്ല കമ്മിറ്റി അംഗങ്ങൾക്ക് പഞ്ചായത്തുതല തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെയും ഏരിയ കമ്മിറ്റി അംഗങ്ങൾക്ക് ബൂത്ത്തല കമ്മിറ്റികളുടെയും ചുമതല നൽകിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മറികടക്കാൻ മഞ്ചേശ്വരം മണ്ഡലത്തിൽ വിജയിച്ചേ തീരുവെന്ന തീരുമാനത്തിന് പിന്നാലെയാണ് എൽ.ഡി.എഫിന്റെ പ്രവർത്തനങ്ങൾ. ലോക്‌സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായിരുന്ന ടി.വി. രാജേഷും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.
കഴിഞ്ഞ തവണ 89 വോട്ടിന് നഷ്ടമായ മണ്ഡലം ഇക്കുറി എങ്ങനെയും കൂടെ നിർത്തുകയെന്ന ലക്ഷ്യത്തിലാണ് ബി.ജെ.പി. കന്നഡ മേഖലയിൽ നിന്നുതന്നെയുള്ള സ്ഥാനാർഥിക്ക് മുഖ്യപരിഗണന നൽകുമെന്ന സൂചനയാണ് നേതാക്കളിൽ നിന്നും ലഭിക്കുന്നത്. കാലങ്ങളായി കോൺഗ്രസ് ജയിച്ചുവന്നിരുന്ന മംഗളൂരു ലോക്‌സഭ മണ്ഡലം അട്ടിമറി വിജയത്തിലൂടെ ബി.ജെ.പിയോടടുപ്പിച്ച നളിൻകുമാർ കട്ടീലിന് നേരെത്ത പൂർണ ചുമതല നൽകിയിരുന്നു.