ആശുപത്രി മുറ്റത്ത് വച്ച് ശമ്പളത്തിനായി കരഞ്ഞു; കലങ്ങിയ കണ്ണുമായി കൈകൂപ്പി കണ്ഠമിടറി ഗോപു മന്ത്രിക്ക് മുന്നിൽ കേണപേക്ഷിച്ചു;മറുപടിയില്ലാതെ മന്ത്രി മടങ്ങി

Spread the love

മഞ്ചേരി: ശമ്പളത്തിനായി കൈകൂപ്പി ആരോഗ്യമന്ത്രിയോട് കരഞ്ഞു പറഞ്ഞു.കരഞ്ഞു കലങ്ങിയ കണ്ണുമായി കണ്ഠമിടറി ഗോപു മന്ത്രിക്ക് മുന്നിൽ കേണപേക്ഷിച്ചു. മന്ത്രി വീണാ ജോർജിന് ഉത്തരമുണ്ടായിരുന്നില്ല.

മഞ്ചേരി മെഡിക്കൽ കോളജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയ മന്ത്രിക്ക് മുന്നിൽ ശമ്പളം ചോദിച്ചെത്തിയ താൽക്കാലിക ജീവനക്കാരോട് പ്രതീക്ഷ നൽകുന്ന ഒരു വാക്ക് പോലും പറയാതെയാണ് മന്ത്രി അവിടംവിട്ടത്.

മെഡിക്കൽ കോളജിൽ ചെയ്ത ജോലിക്ക് വേതനം ലഭിക്കാത്ത 566 ജീവനക്കാരിൽ ഒരാളാണ് നറുകര ഗോപു നിവാസിൽ ഗോപകുമാർ എന്ന 27 കാരൻ. ഈ മാസം 17ന് ഗോപുവിൻ്റെ വിവാഹമാണ്. മൂന്ന് വർഷമായി മഞ്ചേരിയിൽ നഴ്സ് ആയി ജോലി ചെയ്യുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി വല്ലപ്പോഴുമാണ് വേതനം ലഭിക്കുന്നത്. നിലവിൽ രണ്ട് മാസത്തെ ശമ്പളം കിട്ടാനുണ്ട്. ജീവനക്കാരുടെ പ്രതിനിധികൾ മന്ത്രിയെ കണ്ട് പ്രയാസങ്ങൾ ധരിപ്പിക്കാൻ ശ്രമം നടത്തിയപ്പോൾ പാർട്ടി പ്രവർത്തകർ തടയുകയായിരുന്നു.

ഞങ്ങളും മനുഷ്യരല്ലേ…?, കുടുംബം ഉള്ളതല്ലേ…? തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തിയ ജീവനക്കാരെ പാർട്ടി പ്രവർത്തകർ പരിഹസിച്ചു. കോൺഗ്രസിൻ്റെ പണിയെടുക്കേണ്ടെന്ന് ഭീഷണിപ്പെടുത്തി. മന്ത്രി മടങ്ങിയ ശേഷം സി.പി.എം പ്രവർത്തകർ ജീവനക്കാരെ മർദിക്കാനും ശ്രമിച്ചതായി പരാതിയുണ്ട്. 30 കോടിയിലേറെ രൂപയാണ് മഞ്ചേരി മെഡിക്കൽ കോളജിന് സർക്കാർ നൽകാനുള്ളത്.

ചടങ്ങ് കഴിഞ്ഞ് മടങ്ങവെ ഞങ്ങളെ കേൾക്കണമെന്ന് ആവശ്യപ്പെട്ട് ഗോപകുമാർ മന്ത്രിക്ക് പിന്നാലെ ഓടി. ശമ്പളം വേണമെന്ന് ആശുപത്രി മുറ്റത്ത് വച്ച് കരഞ്ഞു പറഞ്ഞു. ഒന്നും കേൾക്കാത്ത ഭാവത്തിൽ മന്ത്രി വാഹനത്തിൽ കയറിപ്പോയി.