മനിതി പ്രവർത്തക്കരെ കോട്ടയത്തും തടഞ്ഞു; പ്രതിഷേധവുമായി എത്തിയത് സംഘപരിവാർ പ്രവർത്തകർ; പോലീസിനേയും കൂസാതെ പ്രതിഷേധക്കാർ

മനിതി പ്രവർത്തക്കരെ കോട്ടയത്തും തടഞ്ഞു; പ്രതിഷേധവുമായി എത്തിയത് സംഘപരിവാർ പ്രവർത്തകർ; പോലീസിനേയും കൂസാതെ പ്രതിഷേധക്കാർ


സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല ദർശനത്തിനെത്തിയ മനിതി കേരളാ കോർഡിനേറ്റർ വയനാട് സ്വദേശി അമ്മിണി അടക്കമുള്ള സംഘത്തിനുനേരെ സംഘപരിവാർ പ്രതിഷേധം. സംഘത്തെ പാലായിൽ തടഞ്ഞു. പ്രതിഷേധക്കാരെ വെട്ടിച്ച് മനിതി സംഘം പോലീസ് അകമ്പടിയിൽ ശബരിമലയിലേക്ക് യാത്ര തുടരുന്നു. ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച വൈകിട്ടാണ് സ്ത്രീകളുടെ സംഘടനയായ മനിതി പ്രവർത്തകരുടെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ നിന്നും യാത്ര തിരിച്ചു.

ഈ സംഘത്തിന്റെ കേരളാ കോർഡിനേറ്ററായ വയനാട് സ്വദേശിയും ആദിവാസി നേതാവുമായ അമ്മിണി ശനിയാഴ്ച രാത്രിതന്നെ കോട്ടയത്ത് എത്തിയിരുന്നു. പാലായിലെ രഹസ്യ കേന്ദ്രത്തിൽ തമ്പടിച്ചാണ് ഇവർ മനിതിയുടെ കേരളത്തിലെ നീക്കങ്ങൾ നിയന്ത്രിച്ചിരുന്നത്. അമ്മിണിക്കൊപ്പം 4 യുവതികളും ശനിയാഴ്ച വൈകിട്ട് കോട്ടയത്ത് എത്തിയിരുന്നു. ഞായറാഴ്ച പുലർച്ചെ മലബാർ എക്‌സ്പ്രസ്സിൽ കോട്ടയം റെയിൽവെ സ്‌റ്റേഷനിലെത്തിയ മറ്റ് യുവതികളും എറണാകുളത്തുനിന്നും എത്തിയ സംഘവും കൂടിച്ചേർന്നതോടെയാണ് രാവിലെ 11 മണിയോടെ മനിതി പ്രവർത്തകർ പാലായിൽ നിന്നും ശബരിമലയിലേക്ക് തിരിച്ചത്. പാലാ പോലീസിന്റേയും പൊൻകുന്നം പോലീസിന്റേയും അകമ്പടിയിൽ മൂന്ന് വാഹനങ്ങളിലായാണ് പതിനഞ്ചംഗ സംഘം സന്നിധാനത്തേക്ക് തിരിച്ചിരിക്കുന്നത്. എരുമേലിയിൽ എത്തിയശേഷം പമ്പയിലേക്ക് പോകാനാണ് ഇവരുടെ പദ്ധതി. പോലീസിന്റെ കർശന സുരക്ഷാ വലയത്തിലാണ് മനിതി പ്രവർത്തകരുടെ യാത്ര. എന്നാൽ യാത്രാവിവരങ്ങൾ രഹസ്യമായി വച്ചിട്ടും പ്രതിഷേധക്കാർക്ക് ഇത് ചോർന്നു കിട്ടുന്നത് പോലീസിനേയും ആശങ്കയിലാക്കുന്നു. ശബരിമല ദർശനത്തിന് പോലീസിന്റെ സുരക്ഷ അഭ്യർത്ഥിച്ചെത്തിയ മനിതി പ്രവർത്തകർക്കു നേരെ ഏതെങ്കിലും രീതിയിലുള്ള ആക്രമണങ്ങളുണ്ടായാൽ ഇത് സംസ്ഥാന സർക്കാരിന് തന്നെ നാണക്കേടാകും. ഈ സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് സംസ്ഥാന പോലീസ് മേധാവി കോട്ടയം പത്തനംതിട്ടാ ജില്ലാ പോലീസ് നേതാവിമാർക്കും ശബരിമലയിലെ പോലീസ് ഉദ്യോഗസ്ഥ സംഘത്തിനും നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group