
ഡല്‍ഹി: മണിപ്പൂരില്‍ നാഗാ-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘർഷം ആളിക്കത്തുന്നു.
പല മേഖലയിലും വെടിവയ്പുണ്ട്. കർഫ്യു തുടരുകയാണ്. അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് വിലക്കി.
സമൂഹ മാദ്ധ്യമങ്ങളിലൂടെ അഭ്യൂഹങ്ങളും പ്രകോപനപരമായ കണ്ടന്റുകളും പടരാതിരിക്കാനും, ക്രമസമാധാന നില കൂടുതല്‍ വഷളാകാതിരിക്കാനുമാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ നാഗാ സമുദായത്തില്‍പ്പെട്ടയാള്‍ ആക്രമിക്കപ്പെട്ടതിനുപിന്നാലെ ലിതാൻ സരായ്ഖോംഗ് മേഖലയിലുള്ള കുക്കികളുടെ ഒഴിഞ്ഞുകിടന്ന വീടുകള്‍ കത്തിക്കുകയായിരുന്നു. സംഘർഷം ആരംഭിച്ചപ്പോള്‍ തന്നെ പ്രദേശവാസികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് മാറിയിരുന്നു.
ഇരുഭാഗത്തുമുള്ളവർ വീടുകള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയാണ്. പലയിടത്തും സായുധരായ അക്രമികള്‍ ആകാശത്തേക്ക് വെടിവച്ച് ഭയാന്തരീക്ഷം സൃഷ്‌ടിക്കുന്നതും സുരക്ഷാസേനയെ കുഴയ്‌ക്കുന്നു.
അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് പൊലീസ് അഭ്യർത്ഥിച്ചു. അക്രമികളെ തടയുന്നതില്‍ സുരക്ഷാസേന പരാജയപ്പെട്ടെന്ന് പരാതിയുയർന്നിട്ടുണ്ട്. പലയിടത്തും ജനങ്ങളും സേനാംഗങ്ങളുമായി വാക്കേറ്റമുണ്ടായി.



