play-sharp-fill
മണിമലയിലെ സ്വകാര്യ പണമിടപാടുകാരിയെ കൊലപ്പെടുത്തതിയതോ..? ചോദ്യങ്ങൾ ബാക്കിയാക്കുന്നത് വീടിനുള്ളിൽ കണ്ടെത്തിയ മുളകുപൊടിയും ബീജവും; വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ നടന്നതെന്തെന്നറിയാൻ പോസ്റ്റ്മാർട്ടം റിപ്പോർട്ടിന് ഉറ്റു നോക്കി പൊലീസ്

മണിമലയിലെ സ്വകാര്യ പണമിടപാടുകാരിയെ കൊലപ്പെടുത്തതിയതോ..? ചോദ്യങ്ങൾ ബാക്കിയാക്കുന്നത് വീടിനുള്ളിൽ കണ്ടെത്തിയ മുളകുപൊടിയും ബീജവും; വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ നടന്നതെന്തെന്നറിയാൻ പോസ്റ്റ്മാർട്ടം റിപ്പോർട്ടിന് ഉറ്റു നോക്കി പൊലീസ്

തേർഡ് ഐ ന്യൂസ്

എരുമേലി: മണിമലയിൽ പണമിടപാടുകാരിയായ വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ നടന്നതെന്തെന്നറിയാൻ പോസ്റ്റ്മാർട്ടം റിപ്പോർട്ടിലേയ്ക്ക് ഉറ്റു നോക്കി പൊലീസ്. നാലു ദിവസം പഴക്കമുള്ള അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയ സാഹചര്യങ്ങൾ പൊലീസിനെ വല്ലാതെ കുഴക്കുന്നതാണ്. മൃതദേഹത്തിൽ നിന്നോ, സംഭവ സ്ഥലത്തു നിന്നോ സൂചനകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, ഇവരുടെ ഇടപാടുകളിൽ ദുരൂഹത കണ്ടെത്താനാവാത്തതിനാൽ ഹൃദയാഘാതത്തെ തുടർന്നുള്ള മരണമാകാം എന്ന നിഗമനത്തിലാണ് പൊലീസ്. എന്നാൽ, വീടിനുള്ളിൽ നിന്നു കണ്ടെത്തിയ മുളക്പൊടിയും, ബിജത്തിന്റെ അംശവും പൊലീസിനെ സംശയത്തിലാക്കുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ മണിമല പള്ളത്തുപാറ കൊല്ലറയിൽ ക്ലാരമ്മ (അച്ചാമ്മ – 75)നെ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ കണ്ടെത്തിയ മൃതദേഹം പൊലീസിനു നേരെ ഉയർത്തുന്നത് നിരവധി ചോദ്യങ്ങളാണ്.
ഭർത്താവും മക്കളുമായി തെറ്റിപ്പിരിഞ്ഞ ഇവർ ഏഴു വർഷത്തോളമായി ഒറ്റയ്ക്ക് ഈ വീട്ടിലാണ് താമസിക്കുന്നത്. വീട്ടുകാരും നാട്ടുകാരുമായി കാര്യമായ ബന്ധവും ഇവർക്കില്ല. ഇതിനിടെയാണ് ദുരൂഹത സാഹചര്യത്തിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്നാണ് പൊലീസ് സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചത്. മൃതദേഹം കണ്ടെത്തിയ വീടിനുള്ളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇവിടെ മുളക് പൊടി വിതറിയതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മരണംസംഭവിച്ച് നാല് ദിവസം കഴിഞ്ഞതിനാൽ വീടിനുള്ളിൽ മുളക് വിതറിയതിന്റെയും, ബീജത്തിന്റെയും സാന്നിധ്യം കൃത്യമായി തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനയിലൂടെ ഇത് ഉറപ്പിക്കാൻ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ വീടിനുള്ളിൽ പേപ്പറിൽ പൊതിഞ്ഞ രീതിയിൽ മുളക് പൊടി സൂക്ഷിച്ചിരുന്നു. പുറത്തു നിന്നുള്ള പ്രതികളുടെ സാന്നിധ്യമുണ്ടെന്ന സംശയമാണ് ഇത് പൊലീസിനു നൽകുന്നത്. ഈ സാഹചര്യത്തിൽ ദുരൂഹത നിറഞ്ഞ മരണത്തിന്റെ ചുരുളഴിക്കാൻ പൊലീസ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.

എന്നാൽ, കൊലപാതകമെന്ന സാധ്യത പൊലീസ് പൂർണമായും തള്ളിക്കളഞ്ഞിട്ടില്ല. വീട്ടിൽ ഇവർ തനിച്ചാണ് താമസിച്ചിരുന്നത്. വീടിന്റെ മുന്നിലെ വാതിൽ അടച്ച് കുറ്റിയിട്ടിരിക്കുകയായിരുന്നു. പിന്നിലെ വാതിലാകട്ടെ ചാരിയ നിലയിലുമായിരുന്നു. ഈ വാതിലിലൂടെ അകത്ത് കയറിയ പ്രതി ഇവരെ ആക്രമിച്ച കവർച്ച നടത്തി രക്ഷപെടാനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. വീടിനുള്ളിൽ പണവും സ്വർണവും സൂക്ഷിച്ചിരുന്നോ, എന്തെങ്കിലും നഷ്ടമായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായ പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാൻ സാധിക്കൂ. വീട്ടിൽ മറ്റാരും ഇല്ലാത്തതിനാൽ ഇത്തരം കാര്യങ്ങൾ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ തിരിച്ചറിയാൻ സാധിക്കൂ. വീടിന്റെ മു്ൻ വാതിൽ അടഞ്ഞു കിടക്കുകയും, പിന്നിലെ വാതിൽ തുറന്ന് കിടക്കുകയും ചെയ്തിരുന്നതിനാൽ സംഭവം നടന്നത് പകൽ സമയത്ത് തന്നെയാണെന്ന അനുമാനത്തിലാണ് പൊലീസ്. വീടിന്റെ വാതിൽ പൊളിക്കാനുള്ള ശ്രമമോ, തകർക്കാനുള്ള ശ്രമമോ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ മോഷണ ശ്രമത്തിനിടെ കൊലപാതകമുണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നു. എന്നാൽ, തുറന്നു കിടന്ന പിന്നിലെ വാതിലിലൂടെ അകത്ത് കടന്ന് ആക്രമണം നടത്താനുള്ള സാധ്യത പൂർണമായും വിട്ടു കളയുന്നുമില്ല. എന്നാൽ, പ്രായമേറെയുള്ള ഇവർക്ക് പ്രായത്തിന്റേതായ ശാരീരിക അസ്വസ്ഥതകളും ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇതേ തുടർന്ന് ഹൃദയാഘാതമമുണ്ടായി ഇവർ മരിച്ചതാകാമെന്ന നിഗമനവും പൊലീസിനുണ്ട്. എന്തായാലും പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത് വരാനായി കാത്തിരിക്കുകയാണ് ജില്ലാ പൊലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group