കോട്ടയം മണിമലയിൽ അഞ്ചുവയസ്സുകാരനെ കഴുത്തിൽ കയറിട്ട് കുരുക്കി ക്രൂരമായി ഉപദ്രവിച്ചു; പിതാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

മണിമല: അഞ്ചുവയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മണിമല മുക്കട ഭാഗത്ത് മരോട്ടിക്കൽ വീട്ടിൽ ബിജു എം. ആർ(47) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞദിവസം തന്റെ അഞ്ചു വയസ്സുകാരനായ മകനെ കഴുത്തിൽ കയറിയിട്ട് കുരുക്കി ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. കോൺവെന്റിൽ താമസിച്ചു പഠിച്ചിരുന്ന ഇയാളുടെ കുട്ടികള്‍ ഓണാവധിക്ക് വീട്ടില്‍ എത്തിയതായിരുന്നു.

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇടിവെട്ടിയതിനെ തുടർന്ന് കുട്ടികള്‍ അകത്തേക്ക് കയറിയ സമയത്ത് ഇളയകുട്ടിയായ അഞ്ചുവയസ്സുകാരന്‍ മുറ്റത്ത് കിടന്നിരുന്ന പ്ലാസ്റ്റിക് കയറിൽ തട്ടി മറിഞ്ഞു വീഴുന്നത് കണ്ട പിതാവ് ആ കയർ എടുത്തു കുട്ടിയുടെ കഴുത്തിൽ കുരുക്കിട്ടു മുറുക്കുകയായിരുന്നു.

കുട്ടികള്‍ ബഹളം വച്ചതിനെ തുടർന്ന് ഇയാൾ കുരുക്ക് കഴുത്തിൽ നിന്ന് മാറ്റുകയായിരുന്നു. ഓണാവധിക്ക് ശേഷം തിരിച്ചു കോൺവെന്റിൽ എത്തിയപ്പോൾ അഞ്ചുവയസ്സുകാരന്റെ കഴുത്തിലെ പാട് കണ്ട് അധികൃതർ വിവരം തിരക്കിയപ്പോഴാണ് കുട്ടികൾ വിവരം പറഞ്ഞത്.

തുടര്‍ന്ന് കോൺവെന്റ് അധികൃതർ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ മുഖാന്തരം പരാതി ലഭിച്ചതിനെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ഷാജിമോൻ, എസ്.ഐ മാരായ സന്തോഷ് കുമാർ, അനിൽകുമാർ,സി.പി.ഓ മാരായ രാജീവ്, ശ്രീജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.