തനിക്ക് കുട്ടനാടും വേണ്ട മുട്ടനാടും വേണ്ട ; പാലാ സീറ്റ് വിട്ടുകൊടുത്തിട്ടുള്ള ഒത്തുതീർപ്പിനില്ലെന്ന് മാണി സി കാപ്പൻ
സ്വന്തം ലേഖകൻ
കൊച്ചി: നിയമസഭാ തെരഞ്ഞടുപ്പ് അടുത്തതോടെ ഏറ്റവും കൂടുതൽ തർക്കവും അവകാശ വാദവും ഉയർന്ന് കേൾക്കുന്ന സീറ്റാണ് പാലാ. പാലാ എം.എൽ.എയും എൻ.സി.പി നേതാവുമായ മാണി സി.കാപ്പൻ പാലാ സീറ്റ് ജോസ് കെ മാണിയ്ക്ക് നൽകില്ലെന്ന അവകാശ വാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
പാലാ സീറ്റ് വിട്ടുകൊടുത്തുള്ള ഒത്തു തീർപ്പിനില്ലെന്ന് മാണി സി കാപ്പൻ പറഞ്ഞു. തനിക്ക് കുട്ടനാടും വേണ്ട മുട്ടനാടും വേണ്ട.താൻ പാലാ സീറ്റിലാണ് മൽസരിച്ച് വിജയിച്ചത്.അങ്ങനെ മൽസരിച്ച് വിജയിച്ച സീറ്റ് തരുവോയെന്ന് ചോദിച്ച് പുറകെ ചെല്ലേണ്ട കാര്യമില്ലെന്നും മാണി സി.കാപ്പൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇനിയും പാലായയിൽ തന്നെ മൽസരിക്കും.പാലായിൽ നാലു തവണ താൻ മൽസരിച്ചു. നാലാമത്തെ മത്സരത്തിലാണ് വിജയിച്ചത്.ഇത്തരത്തിൽ പിടിച്ചെടുത്ത സീറ്റ് തോറ്റ പാർട്ടിക്ക് വിട്ടുകൊടുക്കേണ്ട ഗതികേട് എൻസിപിക്കില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.
എന്നാൽ പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകാൻ സിപിഎം തീരുമാനിച്ചുകഴിഞ്ഞുവെന്നാണ് റിപോർട്. എൻസിപിയിലെ മാണി സി കാപ്പന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇത് അംഗീകരിക്കാൻ തയ്യാറല്ല. മാണി സി കാപ്പൻ എൽഡിഎഫ് വിട്ടു വന്നാൽ പാലായിൽ യുഡിഎഫ് സീറ്റ് നൽകാൻ തയ്യാറണെന്ന് പി ജെ ജോസഫ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ പാലാ സീറ്റ് പിടിച്ചെടുത്ത് ജോസ് കെ മാണിക്ക് സിപിഎം കൊടുത്താൽ യുഡിഎഫിനൊപ്പം പോകണമെന്ന് നിലപാടിലാണ് മാണി സി കാപ്പനെ അനുകൂലിക്കുന്നവർ.എന്നാൽ സീറ്റിന്റെ പേരിൽ മുന്നണി വിടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് എ കെ ശശീന്ദ്രൻ വിഭാഗം.
പാലാ സീറ്റിന് പകരം നിലവിൽ എൻസിപിയുടെ പക്കലുള്ള കുട്ടനാട് മാണി സി കാപ്പനെ മൽസരിപ്പിച്ച് അനുനയിപ്പിക്കാനുള്ള നീക്കവും ശശീന്ദ്രൻ വിഭാഗത്തിന്റെ ഭാഗത്ത് നിന്നുമുണ്ട്. എന്നാൽ താൻ കുട്ടനാട്ടിൽ മൽസരിക്കാനില്ലെന്ന ഉറച്ച നിലപാടാണ് കാപ്പന്റേത്.