പാലാ സീറ്റ് പോയി കിട്ടിയാൽ മതിയെന്നായിരുന്നു ശശീന്ദ്രന് ; ജോസ് കെ.മാണിയെ എൽ.ഡി.എഫിലേക്ക് കൊണ്ടുവന്നതും പാലാ സീറ്റ് വാഗ്ദാനം ചെയ്‌തെന്ന് മാണി സി.കാപ്പൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പ് പടിവാതിക്കലിൽ എത്തിയിട്ടും പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കം ഇതുവരെ അവസാനിച്ചിട്ടില്ല. ഭരണത്തുടർച്ച ലഭിക്കുകയാണെങ്കിൽ തന്റെ മന്ത്രി സ്ഥാനം ഉറപ്പാക്കുന്നതിന് പാലാ സീറ്റ് കൈവിട്ടു കളയണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ കണക്കുകൂട്ടിയിരുന്നുവെന്ന് മാണി സി കാപ്പൻ.
പാലാസീറ്റ് എൻ.സി.പിക്ക് നിഷേധിക്കുമെന്ന് എ.കെ. ശശീന്ദ്രനടക്കം പാർട്ടിയിൽ എല്ലാവർക്കും അറിയാമായിരുന്നുവെന്നും കാപ്പൻ വ്യക്തമാക്കി. ജോസ് കെ. മാണിയെ പാലാ സീറ്റ് വാഗ്ദാനം ചെയ്താണ് എൽ.ഡി.എഫിലേക്ക് കൊണ്ടുവന്നത്. എൻ.സി.പി. ജയിച്ച സീറ്റുകളിൽ ഒന്ന് കൊടുക്കണമെന്ന് സീറ്റിനെ ചൊല്ലിയുള്ള ചർച്ചകൾക്ക് ശേഷം എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടനാട് കൊടുക്കാൻ താൻ പറഞ്ഞെങ്കിലും പാലാ വേണമെന്നായിരുന്നു ആവശ്യം. അഞ്ച് വട്ടം എംഎൽഎയും ഒരുവട്ടം മന്ത്രിയുമായില്ലെ, താൻ എലത്തൂരിൽ മത്സരിക്കാമെന്ന് പറഞ്ഞു.
പാലാസീറ്റ് പോയിക്കിട്ടിയാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്. തുടർഭരണം കിട്ടിയാൽ താൻ ഇല്ലെങ്കിൽ അദ്ദേഹത്തിന് മന്ത്രി സ്ഥാനത്തേക്ക് എതിർപ്പില്ലല്ലൊ. ആ രീതിയിലാണ് കണക്കുകൂട്ടിയത്. ഇക്കാര്യം ശരത് പവാറടക്കമുള്ളവരെ താൻ ധരിപ്പിച്ചിട്ടുണ്ടെന്നും കാപ്പൻ പറഞ്ഞു.
അദ്ദേഹം തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എൻ.സി.പിയുടെ വൈസ്പ്രസിഡന്റായിരുന്ന ഭൂപേഷ് ബാബുവിനോട് കാപ്പന്റെ ഭാവിക്ക് യു.ഡി.എഫിലോട്ട് പോകുന്നതാണ് നല്ലതെന്ന് പറയാൻ പറഞ്ഞിരുന്നു. ഇതിൽ നിന്നും തന്നെ അദ്ദേഹത്തിന്റെ ആഗ്രഹം എന്താണെന്ന് വ്യക്തമാണെന്നും കാപ്പൻ പറഞ്ഞു.