പാലായെ ചൊല്ലി ഇടതുമുന്നണി വിട്ട കാപ്പൻ ത്രിശങ്കുവിൽ ; എൻ.സി.കെയെ ഘടക കക്ഷിയാക്കില്ല, പകരം സഹകരിപ്പിക്കാൻ തീരുമാനവുമായി കോൺഗ്രസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ പാലാ സീറ്റിനെ ചൊല്ലിയായിരുന്നു ഏറെ ചർച്ചകളും വാർത്തകലും. പാലാ സീറ്റിനെ ചൊല്ലിയാണ് മാണി സി. കാപ്പൻ ഇടതുമുന്നണി വിട്ടതും. എന്നാൽ ഇടതുമുന്നണി വിട്ട കാപ്പൻ ഇപ്പോൾ ത്രിശങ്കുവിലാണ്.
എൻ.സി.പി വിട്ട് അദ്ദേഹം രൂപീകരിച്ച നാഷണലിസ്റ്റ് കോൺഗ്രസ് കേരള പാർട്ടിയുടെ മുന്നണിപ്രവേശനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും യു.ഡി.എഫ്. ഇതുവരെ തയ്യാറായിട്ടില്ല. മുന്നണി പ്രവേശവും രണ്ട് സീറ്റുകളും പ്രതീക്ഷിച്ചു നിൽക്കുന്ന കാപ്പന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. പാലാ സീറ്റ് കാപ്പന് നൽകിയാലും മുന്നണിപ്രവേശം ധൃതി പിടിച്ച് നടത്തേണ്ടെന്നാണു യു.ഡി.എഫ്. നേതാക്കൾക്കളുടെ അഭിപ്രായം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാപ്പനെ മുന്നണിയുടെ ഘടകകക്ഷിയാക്കുന്നതിൽ കോൺഗ്രസിനുള്ളിൽ തന്നെ വലിയ തർക്കമുണ്ട്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിക്കും കൂട്ടരും കാപ്പനെ മുന്നണിയുടെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ല.
അവർ കോൺഗ്രസിന്റെ ഭാഗമാകട്ടെയെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. എന്നാൽ ഘടകകക്ഷിയാക്കിയാൽ എൻ.സി.പിയിൽനിന്നും കൂടുതൽ പേരെ യു.ഡി.എഫിലേക്ക് അടർത്തിയെടുക്കാമെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്.
കാപ്പനെ പഘടകകക്ഷിയാക്കിയാൽ അതിന് അനുസൃതമായ പരിഗണന യു.ഡി.എഫിൽ നൽകേണ്ടിവരും. ഭരണം ലഭിച്ചാൽ മന്ത്രിസ്ഥാനം ഉൾപ്പെടെ ആവശ്യങ്ങളുമുയരും. അത് മുൻകൂട്ടി കണ്ടാണ് ഘടകകക്ഷിയാക്കുന്നതിന് പകരം തൽക്കാലം സഹകരിപ്പിക്കാൻ മാത്രം കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
സീറ്റ് വീതംവയ്പ്പിൽ പാലായുൾപ്പെടെ മൂന്നെണ്ണം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരെണ്ണം കൂടിയെങ്കിലും ലഭിക്കണമെന്നാണ് എൻ.സി.കെയുടെ നിലപാട്. എന്നാൽ പാലാ മാത്രമേയുള്ളുവെന്നാണ് കോൺഗ്രസ് നിലപാട്.
കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ പ്രകടനപത്രികയുടെ കാര്യങ്ങളാണ് യു.ഡി.എഫ് ചർച്ച ചെയ്തത്. ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാവാത്തതിനാൽ സീറ്റ് വിഭജനക്കാര്യം അന്തിമമായി പ്രഖ്യാപിക്കാനുമായില്ല. സീറ്റ് വിഭജനം അന്തിമഘട്ടത്തിലാണെന്നും ഉടനെ പൂർത്തിയാക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.