
എറണാകുളം : ഇടുക്കി മാങ്കുളത്ത് പ്രവർത്തിക്കുന്ന ജി.എഫ് ഹോട്ടൽ & റിസോർട്ടിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങളുണ്ടെന്നും റിസോർട്ട് പ്രവർത്തിക്കുന്നത് പരിസ്ഥിതി ലോല മേഖലയിലാണെന്നും ചൂണ്ടിക്കാണിച്ച് മണർകാട് സ്വദേശി ഹൈക്കോടതിയെ സമീപിച്ചു.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ മാങ്കുളം വില്ലേജ് ഓഫിസർ അന്വേഷണം നടത്തി ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടും റിസോർട്ടിന് എതിരെ നടപടിയെടുത്തിട്ടില്ലെന്നും ആരോപണമുണ്ട്
ഏറ്റുമാനൂർ വെട്ടിമുകൾ ഷെമി മൻസിലിൽ ഷെമി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് ജിഎഫ് ഹോട്ടൽ & റിസോർട്ട്. മാങ്കുളം പഞ്ചായത്തിന്റെ പരിധിയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണ് എന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ മാർച്ചിലാണ് മണർകാട് വാവത്തിൽ കെ.വി സുരേഷ് മാങ്കുളം പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നൽകിയത്. ഈ കെട്ടിടങ്ങളുടെ പാർക്കിംങിൽ കാണിച്ചിട്ടുള്ള സ്ഥലങ്ങളിൽ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതായി കാണാമെന്ന് പരാതിയിൽ പറയുന്നു. പ്ലാനിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ നിലവിൽ പാർക്കിംങ് ഇല്ലെന്നും ഈ സ്ഥലങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതായി കാണുന്നതായും പരാതിയിലുണ്ട്. നിയമാനുസൃതമായ പാർക്കിംങ് ഏരിയ ഇല്ലാതെ ഇവിടെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിച്ചത് എങ്ങിനെയാണെന്നു പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് പ്രധാന പരാതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടില്ല. പക്ഷേ, ഈ കെട്ടിടത്തിന് പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ അടിഭാഗത്ത് മൂന്നു നില സെല്ലാറുണ്ട്. ഇത് പെർമിറ്റിൽ ഇല്ലാത്തതാണ് എന്ന് പരാതിയിൽ പറയുന്നു. റിസോർട്ടിലെ പൂളിന്റെ അടിഭാഗം അടച്ച് കെട്ടി റൂം തിരിച്ചിരിക്കുകയാണ്. ഇത് പെർമിറ്റിൽ രേഖപ്പെടുത്തിയിട്ടില്ല. മൂന്നാം നമ്പറായി കാണിച്ചിരിക്കുന്ന കെട്ടിടവും നിയമവിരുദ്ധമായാണ് നിർമ്മിച്ചിരിക്കുന്നത്. നാലാം നമ്പറായി കാണിച്ചിരിക്കുന്ന കെട്ടിടത്തിലും പ്ലാനിൽ ഇല്ലാത്ത ഭാഗങ്ങൾ പണിത് കൂട്ടിച്ചേർത്തിട്ടുണ്ട്. അഞ്ചാം നമ്പർ കെട്ടിടം രണ്ട് നിലകളിലായാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ, ഇതിന്റെ സെല്ലാർ ഭാഗം അടച്ചു കെട്ടി മുറികൾ ആക്കിയിരിക്കുകയാണ് എന്നും പരാതിയിൽ പറയുന്നു.
ഈ റിസോർട്ട് പ്രവർത്തിക്കുന്ന കെഡിഎച്ച് വില്ലേജിൽപ്പെട്ട സ്ഥലമാണ്. ഇത് കൂടാതെ പരിസ്ഥിതി ലോല പ്രദേശത്താണ് ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ഇത്തരം പരിസ്ഥിതി ലോല പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് പരിമിതികളുണ്ട്. ഈ പരിമിതികളും നിർദേശങ്ങളും പാലിക്കാതെയാണ് റിസോർട്ട് നിർമ്മിച്ചിരിക്കുന്നതെന്ന് വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിൽ പറയുന്നു. ഇത് കൂടാതെ തഹസീൽദാർ നടത്തിയ അന്വേഷണത്തിൽ റിസോർട്ടിന്റേത് നിയമ വിരുദ്ധ നിർമ്മാണമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ റവന്യു എൻഒസിയില്ലാതെയാണ് റിസോർട്ട് പ്രവർത്തിക്കുന്നതെന്നും ഈ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ആർ.ഡി.ഒയ്ക്കും കളക്ടർക്കും തഹസീൽദാർ കൈമാറുകയും ചെയ്തിട്ടുണ്ട്.
കൂടാതെ റിസോർട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം വിശദമായി അളക്കണമെന്നു കാട്ടി താലൂക്ക് സർവെയറും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റവന്യു ഭൂമിയും വന ഭൂമിയും ഈ റിസോർട്ട് കയ്യേറിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ചു വിശദമായ പരിശോധനയും, സ്ഥലം അളക്കലും ആവശ്യമുണ്ടെന്നും കാട്ടി മാപ്പ് സഹിതം താലൂക്ക് സർവെയർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കൂടാതെ കെട്ടിട ഉടമയായ ഷെമി മുസ്തഫയുടെ കോൺട്രാക്ടറായ ആളുടെ ജീവനക്കാരൻ സ്റ്റീഫൻ അലക്സാണ്ടറുടെ പേരിലുള്ള 72 സെന്റിന്റെ പട്ടയവും റിസോർട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പരിധിയിലുണ്ടെന്നും പരാതിയിൽ പറയുന്നു. ഈ വിഷയത്തിൽ സ്റ്റീഫൻ അലക്സാണ്ടർക്ക് എതിരെ ഹൈക്കോടതി നോട്ടീസും അയച്ചിട്ടുണ്ട്.
എന്നാൽ, ഇത്തരത്തിൽ റിസോർട്ട് വന ഭൂമിയും, റവന്യു ഭൂമിയും കയ്യേറി പരിസ്ഥിതി ലോല പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് രേഖകൾ സഹിതം പരാതിപ്പെട്ടിട്ടും ഇതുവരെയും അധികൃതർ ശക്തമായ നടപടി വിഷയത്തിൽ സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയ്ക്കും ഇടുക്കി ജില്ലാ കളക്ടർക്കും റവന്യു മന്ത്രിയ്ക്കും അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരനായ കെ.വി സുരേഷ് ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചിരിക്കുന്നത്.



