ശബരിമല സീസണ്‍ കാലത്ത് അന്യസംസ്ഥാന ഭക്തരുടെ കയ്യില്‍ നിന്ന് പണം വാങ്ങി ദര്‍ശനം ഏര്‍പ്പാടാക്കല്‍; ഡ്യൂട്ടിയിലല്ലെങ്കിലും ഇടപാടുകളെല്ലാം യൂണിഫോമില്‍; പാറമട മാഫിയകളുടെ പ്രിയപ്പെട്ട സാര്‍; എല്ലാത്തിനുമുപരി സ്ത്രീ പീഡനവും വീട് കയറി മര്‍ദ്ദനവും; നാട് വിട്ട ‘മാമ്പഴക്കള്ളന്‍ പൊലീസ്’ സേനയ്ക്കുള്ളിലെ സ്ഥിരം കുഴപ്പക്കാരന്‍
സ്വന്തം ലേഖകന്‍
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി ഷിഹാബിനെ കണ്ടെത്താന്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി പൊലീസ്.
അതേസമയം, ഒളിവില്‍ പോയതിന് പിന്നാലെ ഇയാള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വന്നു. കഴിഞ്ഞ ശബരിമല സീസണ്‍കാലത്ത് സന്നിധാനത്ത് ഡ്യൂട്ടി ചെയ്യവേ ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഭക്തരുടെ കയ്യില്‍ നിന്നും പണം വാങ്ങി ദര്‍ശനം ഏര്‍പ്പാടാക്കിയതാണ് അതില്‍ പ്രധാനം. അന്യസംസ്ഥാന അയ്യപ്പഭക്തര്‍ പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയ ശേഷം തിരികെ വന്ന് സോപാനഭാഗത്ത് തമ്പടിക്കുക പ്രധാനമാണ്. ഇത്തരത്തില്‍ തമ്പടിക്കുന്ന ഭക്തര്‍ പിന്നെയും ദര്‍ശനം നടത്താനായി പൊലീസുകാരെ ചാക്കിട്ട് പിടിക്കാറുണ്ട്. എന്നാല്‍ ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരും അനിയന്ത്രിയതമായ തിരക്ക് കാരണം ഇതിന് അനുവാദം കൊടുക്കാറില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഷിഹാബ് അന്യസംസ്ഥാന ഭക്തരുടെ കയ്യില്‍ നിന്ന് ആയിരവും രണ്ടായിരവും രൂപ വാങ്ങിയ ശേഷം വടക്കേ നടയിലൂടെ ഇവരെ കയറ്റിവിട്ട് ദര്‍ശനത്തിന് സൗകര്യമേര്‍പ്പാടാക്കി കൊടുത്തിരുന്നു. സഹപ്രവര്‍ത്തകര്‍ വിലക്കിയിട്ടും പണംവാങ്ങി ദര്‍ശനം ഏര്‍പ്പാടാക്കുന്ന് തുടര്‍ന്നതോടെ സന്നിധാനത്തെ ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ സംഭവം കയ്യോടെ പിടികൂടി താക്കീത് ചെയ്തു. ഇത് കാര്യമാക്കാതെ പിന്നെയും പണപ്പിരിവ് തുടര്‍ന്നതോടെ ഷിഹാബിനെ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തി.
ഡ്യൂട്ടിയിലില്ലാത്ത സമയത്തും യൂണിഫോമില്‍ പുറത്തിറങ്ങി നടന്ന് പല ഇടപാടുകള്‍ക്കും ചുക്കാന്‍ പിടിക്കുന്നതും ഇയാളുടെ ശീലമാണ്. പാറമട മാഫിയകളുടെ പ്രിയപ്പെട്ട സാര്‍ കൂടിയാണ് ഇയാള്‍. 2019 ല്‍ ആശുപത്രി ജീവനക്കാരിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരേ മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയ്ത പീഡന കേസ് നിലവില്‍ കോടതിയില്‍ നടന്നുവരികയാണ്. 2019ല്‍ തന്നെ സ്ത്രീകളുടെ പുറകെ നടന്ന് ശല്യം ചെയ്തതിന് 354 വകുപ്പ് പ്രകാരവും ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥനാകുന്നതിന് മുന്‍പ് വീട് കയറി മര്‍ദ്ദിച്ച കേസിലുള്‍പ്പെടെ പ്രതിയായിരുന്നു ഷിഹാബ്. ഇതിനെല്ലാം ഉപരിയാണ് ഏറ്റവുമോടുവില്‍ വൈറലായ മാമ്പഴ മോഷണം. ഇതിന്റെ പശ്ചാത്തലത്തില്‍ സസ്‌പെന്‍ഷനിലായെങ്കിലും സേനയുടെ തീരാ തലവേദനയായ ഷിഹാബിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോയ ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഷിഹാബിന്റെ ഫോണ്‍ കോളുകള്‍ അടക്കം നിരീക്ഷിച്ച് വരികയാണ്. കോടതിയില്‍ കീഴടങ്ങാനുള്ള നീക്കവും ഇയാള്‍ ആരംഭിച്ചതായാണ് സൂചന. പുറം ലോകമറിയാതെ മുങ്ങി പോകുമായിരുന്ന മാമ്പഴ മോഷണം തേര്‍ഡ് ഐ ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്