ആചാരം തെറ്റിക്കാതെ മങ്ങാട്ട് ഭട്ടതിരി പുറപ്പെട്ടു: തിരുവോണത്തോണിയുടെ അകമ്പടി തോണിയിൽ കാട്ടൂരിലേയ്ക്ക്
സ്വന്തം ലേഖകൻ
കോട്ടയം: ഓണത്തിന്റെ വരവറിയിച്ച് ആറന്മുള ഭഗവാനുള്ള ഓണവിഭവങ്ങളുമായി പോകുന്ന തിരുവോണത്തോണിയുടെ അകമ്പടി തോണിയിൽ കുമാരനല്ലൂർ മങ്ങാട്ടില്ലത്തു നിന്ന് ഭട്ടതിരികെ പുറപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് തിരുവോണത്തോണിയുടെ അകമ്പടി തോണിയിൽ ഭട്ടതിരികെ പുറപ്പെട്ടത്.
കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്ത് നാരായണ ഭട്ടതിരി ചുരുളൻവള്ളത്തിൽ ആറന്മുളയിലേക്ക് യാത്ര തിരിച്ചത്. ആചാരപ്രകാരമുള്ള പൂജകൾക്കുേശഷം ഞായറാഴ്ച ഉച്ചക്ക് 12നാണ് തോണി പുറപ്പെട്ടത്. കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തെ കടവിൽനിന്നാണ് ഭട്ടതിരിയും മുന്ന് തുഴച്ചിലുകാരും യാത്ര പുറപ്പെട്ടത്. ഇതിനുമുന്നോടിയായി കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ എത്തിയ സംഘം ഇവിടെ ചതുർദശം വഴിപാടും വിതരണം നടത്തി. തോമസ് ചാഴിക്കാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, നഗരസഭ കൗൺസിലർ ഗോപകുമാർ തുടങ്ങിയവർ സർക്കാരിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. പതിവ് പോലെ ദേശക്കാർ ആചാരം തെറ്റിക്കാതെ തന്നെ ഇവിടെ ചടങ്ങുകൾ വീക്ഷിക്കുന്നതിനായി എത്തിയിരുന്നു.
കഴിഞ്ഞ വർഷത്തെ പ്രളയത്തെ തുടർന്ന് തോണിയിൽ പരമ്പരാഗതമായ രീതിയിൽ അകമ്പടി തോണിയിൽ പോകാൻ സാധിച്ചിരുന്നില്ല. കാറിലായിരുന്നു കഴിഞ്ഞ വർഷത്തെ സംഘത്തിന്റെ യാത്ര.
കുമാരനല്ലൂരിൽനിന്ന് കാട്ടൂർകടവിൽ വരെ ചുരുളൻ വള്ളത്തിലെത്തും. ഇവിടെ നിന്ന് മങ്ങാട്ട് ഭട്ടതിരി തിരുവോണതോണിയിൽ കയറും, തുടർന്ന് തിരുവോണത്തോണിയ്ക്ക് അകമ്പടി സേവിയ്ക്കുകയാണ് കുമാരനല്ലൂരിൽ നിന്നും പോകുന്ന വള്ളത്തിന്റെ ജോലി. മീനച്ചിലാറും വേമ്പനാട്ട് കായലും പമ്പാനദിയും പിന്നിട്ടശേഷം തോണി ആറന്മുള സത്രക്കടവിലെത്തും. ക്ഷേത്രത്തിൽ കയറാതെ രാത്രി സത്രത്തിൽ വിശ്രമിച്ചശേഷം ഉത്രാടപുലർച്ചെ കാട്ടൂരിലേക്ക് തിരിക്കും. അവിടെനിന്നും കാട്ടൂർകരയിലെ 18 തറവാടുകളിൽ നിന്നുള്ള പ്രതിനിധികൾ ഭട്ടതിരിക്കൊപ്പം യാത്രയിൽ ചേരും. തിരുവോണസദ്യക്കുള്ള അരിയും പച്ചക്കറികളും മറ്റും തിരുവോണത്തോണിയിൽ കയറ്റും. കാട്ടൂരിലെ 18 നായർ കുടുംബങ്ങളിലെ പ്രതിനിധികളുമുണ്ടാകും.
തിരുവോണനാൾ പുലർച്ചെ തോണി ആറന്മുള മധുകടവിലെത്തും. തുടർന്ന് തിരുവോണത്തോണിയിലെ അരിയും പച്ചക്കറികളും മറ്റും ക്ഷേത്രത്തിലെത്തിക്കും. ഈ സാധനങ്ങൾ ഉപയോഗിച്ചാണ് ആറന്മുള ശ്രീപാർഥസാരഥി ക്ഷേത്രത്തിലെ തിരുവോണസദ്യ ഒരുക്കുന്നത്. തിരുവോണത്തിന് ആറന്മുള ക്ഷേത്രത്തിൽ നടക്കുന്ന എല്ലാ ചടങ്ങുകളിലും പങ്കെടുക്കുന്ന ഭട്ടതിരി അത്താഴപൂജക്കുശേഷം ചെലവുമിച്ചം പണക്കിഴി ഭഗവാെൻറ ഭണ്ഡാരത്തിൽ സമർപ്പിച്ച ശേഷമാണ് മടങ്ങുന്നത്. കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തിന് പാരമ്പര്യമായി കിട്ടിയതാണ് ഈ അവകാശം. മങ്ങാട്ട് മന പണ്ട് സ്ഥിതിചെയ്തിരുന്നത് ആറന്മുള കാട്ടൂർ ദേശത്തായിരുന്നു. പിന്നീട് കാട്ടൂരിൽനിന്നും മാറി കോട്ടയത്തിനടുത്ത് കുമാരനല്ലൂരിൽ താമസം മാറ്റിയതോടെയാണ് ‘തോണിയാത്ര’ ഇവിടെനിന്നാക്കിയത്.