
കോട്ടയം: മാങ്ങാനത്ത് വില്ലയില്‍ മോഷണം നടത്തിയത് ഉത്തരേന്ത്യയില്‍നിന്നുള്ള സംഘമെന്നുറപ്പിച്ച് പോലീസ്. ബ്രിട്ടീഷ് ഭരണകാലംമുതല്‍ ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ഉത്തരേന്ത്യയിലെ പ്രത്യേക വിഭാഗമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച പ്രാഥമിക നിഗമനം.
മറ്റ് സംസ്ഥാനങ്ങളിലെത്തി അലഞ്ഞുതിരിഞ്ഞുനടന്ന് കവർച്ചനടത്തുകയാണ് രീതി.
സംഘമായി സഞ്ചരിക്കുന്ന ഇവർ ഒത്തുകിട്ടുന്നിടത്ത് കവർച്ച നടത്തും.
കിട്ടുന്നതുമായി അടുത്ത സ്ഥലത്തേക്ക് നീങ്ങും. മാങ്ങാനത്തെത്തിയ അഞ്ചംഗ സംഘത്തിലെ ഒരു പ്രതിയെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന. മധ്യപ്രദേശ്കാരനെന്ന് സംശയിക്കുന്ന ഇയാള്‍ക്കെതിരേ 2015-16-കാലത്ത് മറ്റൊരു സംസ്ഥാനത്തും സമാനരീതിയില്‍ കവർച്ചാ കേസുകളുണ്ടെന്ന വിവരമാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ളത്. ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലുള്ളവരാണ് സംഘാംഗങ്ങളെന്നാണ് നിഗമനം. പ്രാഥമികമായി ചില വിവരങ്ങളൊഴിച്ചാല്‍ പ്രതികളിലേക്കെത്തുന്നതിന് സഹായകമായി തെളിവുകളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.
കോട്ടയം കഞ്ഞിക്കുഴി മാങ്ങാനം വില്ലയില്‍ അന്നമ്മ തോമസിന്റെ വീട്ടില്‍ ശനിയാഴ്ച പുലർച്ചെയായിരുന്നു കവർച്ച. സിസിടിവികളില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളും വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളങ്ങളും പിന്തുടർന്നാണ് അന്വേഷണം. വിരലടയാളങ്ങള്‍ക്ക് പോലീസ് പട്ടികയിലുള്ള സംസ്ഥാനത്തെ കവർച്ചാസംഘാംഗങ്ങളുമായി ബന്ധമില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പോലീസ്നായ സ്ഥലത്ത് മണംപിടിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. നായ മണംപിടിച്ച് പ്രധാന വഴിവരെ ഓടിയെങ്കിലും പിന്നീട് മുന്നോട്ട്പോയില്ല. മോഷ്ടാക്കളെക്കുറിച്ച് സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘം കവർച്ചാസ്ഥലത്തെത്തിയതും കൃത്യം നടത്തി രക്ഷപ്പെട്ടതും എങ്ങനെയെന്നതിനെക്കുറിച്ച് വ്യക്തമായ വിവരമില്ല. വില്ലകള്‍ക്കിടയില്‍ മതില്‍ചാടിക്കടക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും വില്ലവരെയെത്തിയതിനെക്കുറിച്ച് അന്വേഷണം നടന്നുവരുകയാണ്. ഇതിനായി വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളും പരിശോധിക്കുന്നുണ്ട്. പ്രതികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉണ്ടാകുമെന്ന നിഗമനത്തില്‍ മൊബൈല്‍ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്തുന്നുണ്ട്.
ജില്ലയില്‍ ഇത്തരത്തിലുള്ള സംഘം കവർച്ചനടത്തിയതായി വിവരങ്ങളില്ലെങ്കിലും സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ ഉത്തരേന്ത്യയില്‍നിന്നുള്ള ഇത്തരം സംഘം കവർച്ച നടത്തിയതായാണ് വിവരം. സംസ്ഥാനം വിട്ടുപോകാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. ജില്ലാ പോലീസ് മേധാവി എ.ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.