video
play-sharp-fill

മാങ്ങാനത്ത്  കർശന നടപടി : റോഡ് കയ്യേറി കൊലക്കേസ് പ്രതി അടക്കമുള്ളവർ നടത്തിയിരുന്ന അനധികൃത കടകള്‍ ഒഴിപ്പിച്ചു; തേർഡ് ഐ ഇംപാക്ട്

മാങ്ങാനത്ത് കർശന നടപടി : റോഡ് കയ്യേറി കൊലക്കേസ് പ്രതി അടക്കമുള്ളവർ നടത്തിയിരുന്ന അനധികൃത കടകള്‍ ഒഴിപ്പിച്ചു; തേർഡ് ഐ ഇംപാക്ട്

Spread the love

സ്വന്തം ലേഖകൻ

കഞ്ഞിക്കുഴി : പുതുപ്പള്ളി റോഡില്‍ മാങ്ങാനം തുരുത്തേല്‍ പാലത്തിനു സമീപത്തെ റോഡ് കയ്യേറ്റം പൊതു മരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. ഈ മേഖലയില്‍ റോഡ് കയ്യേറി സ്ഥാപിച്ച കടകള്‍ വാഹനയാത്രക്കാര്‍ക്കും നടന്നു പോകുന്നവര്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നതായും കടയിൽ വരുന്നവരോട് കൊലക്കേസ് പ്രതിയടക്കമുള്ളവർ മോശമായി പെരുമാറുന്നതായും കടകളുടെ മറവിൽ അനധികൃത ഇടപാടുകൾ നടക്കുന്നതായും തേർഡ് ഐ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കയ്യേറ്റം ഒഴിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്ന് അനധികൃത കടകള്‍ നീക്കം ചെയ്യുന്നതിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു തയ്യാറാകാതെ മത്സ്യവും പച്ചക്കറികളും വിറ്റിരുന്ന കടകളും തട്ടുകടകളും ഉള്‍പ്പെടെ പതിനൊന്നു കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്.

കോട്ടയം തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു, പൊതുമരാമത്ത് (റോഡ്‌സ്) അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോസ് രാജന്‍, കോട്ടയം ഈസ്റ്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.കെ. വിജയകുമാര്‍ എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

റോഡ് കയ്യേറി പ്രവര്‍ത്തിക്കുന്ന താത്കാലിക കച്ചവട സ്ഥാപനങ്ങള്‍ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും മലിനീകരണത്തിനും കാരണമാകുന്നതായി ചൂണ്ടിക്കാട്ടി ജില്ലയിലെ പല കേന്ദ്രങ്ങളില്‍നിന്നും പൊതുമരാമത്ത് വകുപ്പിനും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും പരാതികള്‍ ലഭിച്ചിരുന്നു.

മറ്റു സ്ഥലങ്ങളിലും സമാന രീതിയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. മണിപ്പുഴ, മന്ദിരം മേഖലകളിലെ കയ്യേറ്റങ്ങള്‍ വരും ദിവസങ്ങളില്‍ ഒഴിപ്പിക്കും.