
തിരുവനന്തപുരം: ആദ്യദിനം തന്നെ സ്വയം ചരമക്കുറിപ്പ് എഴുതിയ മംഗളം ചാനല്‍ ഓർമയായി. 2017 മാർച്ചില്‍ തുടങ്ങിയ ചാനല്‍ 2022ല്‍ സംപ്രേഷണം അവസാനിപ്പിച്ച ശേഷം കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി ചെയ്തിരുന്നു.
അന്ന് കണ്ടുകെട്ടിയ ഉപകരണങ്ങളെല്ലാം ബാങ്ക് വിറ്റൊഴിവാക്കി. രണ്ടു വർഷത്തിലേറെ ഉപയോഗമില്ലാതിരുന്ന ക്യാമറകളും ഇലക്‌ട്രോണിക് സംവിധാനങ്ങളും അടക്കം പലതും അറ്റകുറ്റപണി കൂടാതെ ഉപയോഗിക്കാൻ കഴിയാത്ത നിലയിലായിരുന്നു. അതിനാല്‍ തന്നെ തുച്ഛമായ വിലയ്ക്ക് വില്‍ക്കാൻ ബാങ്ക് നിർബന്ധിതരാകുകയായിരുന്നു.
പലരും പറയുന്നതും കരുതുന്നതും പോലെ വെറും തട്ടിക്കൂട്ട് ചാനല്‍ ആയിരുന്നില്ല മംഗളം. ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളും സാങ്കേതിക വിദഗ്ധരെയും അണിനിരത്തിയായിരുന്നു തുടക്കം. സോണി, പാനസോണിക് അടക്കമുള്ള കമ്പനികളുടേത് ആയിരുന്നു മംഗളം സ്റ്റുഡിയോയിൽ ഇൻസ്റ്റാള്‍ ചെയ്തിരുന്ന ഉപകരണങ്ങള്‍. ടെലികാസ്റ്റ് ക്വാളിറ്റിയും മറ്റു മുൻനിര ചാനലുകളെക്കാള്‍ ഒട്ടും മോശമായിരുന്നില്ല. തിരുവനന്തപുരം നഗരമധ്യത്തില്‍ തമ്പാനൂരിലുള്ള മംഗളം ആസ്ഥാനത്ത് തന്നെ രണ്ട് സ്റ്റുഡിയോകളും സജ്ജമാക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മംഗളം പത്രത്തില്‍ നിന്നുള്ളവർ അടക്കം മലയാളത്തിലെ മുൻനിര മാധ്യമ പ്രവർത്തകരുടെ പിന്തുണ ചാനലിന് ഉണ്ടായിരുന്നു. വാർത്ത ശേഖരിക്കാൻ പത്രത്തിൻ്റെത് അടക്കം വിപുലമായ ശൃംഖല ഉപയോഗിക്കാനും മാനേജ്മെൻ്റ് സൗകര്യങ്ങള്‍ ചെയ്തിരുന്നു. ഇതോടെ പത്ര സ്ഥാപനങ്ങളുടെ പേര് ഉപയോഗിച്ച് ചാനല്‍ വ്യവസായത്തിലേക്ക് കടന്നുവന്ന് കളംപിടിച്ച മനോരമ, മാതൃഭൂമി ചാനലുകള്‍ക്ക് മംഗളം വെല്ലുവിളി ആകുമെന്ന ധാരണയും പൊതുവില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും ഉറ്റുനോക്കിയ ചാനല്‍ ലോഞ്ചായിരുന്നു മംഗളത്തിൻ്റേത്.
എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ബാക്കി എല്ലാവരേയും വെട്ടിച്ച് ചാനല്‍ റേറ്റിംഗില്‍ ആദ്യമെത്താനുള്ള ഓട്ടത്തിൽ മൂക്കും കുത്തി വീഴുകയായിരുന്നു മംഗളം. മറ്റുള്ളവരെ തകർത്ത് ഒന്നാമതെത്താനുള്ള വ്യഗ്രതയില്‍ വേണ്ടത്ര സൂക്ഷ്മതയില്ലാതെ ചെയ്ത വാർത്തയാണ് ചാനലിൻ്റെ അന്ത്യജാതകം കുറിച്ചത്. ഒരു മന്ത്രിയെ രാജിവയ്പിച്ച് ചാനലിന് ഹരിശ്രീ കുറിയ്ക്കുക എന്നതായിരുന്നു ഉദ്ഘാടന ലക്ഷ്യം. ഏതോ ആവശ്യത്തിന് സമീപിച്ച വീട്ടമ്മയോട് മന്ത്രി എകെ ശശീന്ദ്രൻ മോശമായി സംസാരിച്ചു എന്നതായിരുന്നു ചാനല്‍ പുറത്തുവിട്ട വാർത്ത. ഫോണില്‍ റെക്കോർഡ് ചെയ്ത ഓഡിയോയും പുറത്തുവിട്ടു. എന്നാല്‍ ഇതിലെ ‘വീട്ടമ്മ’ എന്ന വിശദീകരണം ആണ് തിരിച്ചടിച്ചത്.
യഥാർത്ഥത്തില്‍ ചാനലില്‍ സ്റ്റാഫായ വനിതയായിരുന്നു മന്ത്രിയോട് സംസാരിച്ചത്. ഇത് മറച്ചുവച്ച് ഏതോ ഒരു വീട്ടമ്മ എന്ന മട്ടില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് പാളിയത്. ചാനല്‍ തലപ്പത്ത് കമ്പനി പ്രതിഷ്ഠിച്ച ഒരേയൊരാളുടെ ‘കുരുട്ടുബുദ്ധി’ ആയിരുന്നു അതെന്ന് കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ജേർണലിസ്റ്റുകള്‍ പിന്നീട് തുറന്നു പറഞ്ഞു. സർക്കാരിലെ ഒരു മന്ത്രിയെ രാജി വയ്പ്പിക്കാൻ ഉദ്ദേശിച്ച് വാർത്ത ചെയ്യുമ്ബോള്‍ അത് വിവാദമാകുമെന്നും അന്വേഷണം വരുമെന്നും ചിന്തിക്കാനുള്ള സാമാന്യബുദ്ധി മാനേജ്മെൻ്റിന് ഉണ്ടായില്ല എന്ന് മാത്രമേ പറയേണ്ടൂ.
എന്നാലിവിടെ ഒരു സ്ഥാപനത്തിൻ്റെ തന്നെ അന്ത്യത്തിനും ഒരുതെറ്റും ചെയ്യാത്ത ഒരുകൂട്ടം ജേർണലിസ്റ്റുകളുടെ ഭാവി അപകടത്തിലാക്കാനും ആണ് ‘മംഗളം ദുരന്തം’ വഴിവച്ചത്. ചാനല്‍ സിഇഒ ആർ.അജിത് കുമാർ അടക്കം അഞ്ചുപേരാണ് അന്ന് അറസ്റ്റിലായി റിമാൻഡിലായത്. വാർത്ത പുറത്തുവന്ന ശേഷം ഉയർന്ന ചോദ്യങ്ങളോടൊന്നും നേരെചൊവ്വെ പ്രതികരിക്കാൻ തലപ്പത്ത് ഉള്ളവർക്ക് കഴിഞ്ഞില്ല. മാത്രമല്ല, പറ്റിയ അബദ്ധം മറച്ചുവച്ച് സിഇഒ ചാനലില്‍ നേരിട്ട് അവതരിച്ച് നടത്തിയ വിശദീകരണം കൂടുതല്‍ കുഴപ്പമാകുകയും ചെയ്തു. ഇതും പൊളിഞ്ഞതിന് പിന്നാലെ ആയിരുന്നു അറസ്റ്റ് ഉണ്ടായത്.