സ്വകാര്യ ആശുപത്രികളിൽ തകർപ്പൻ ഓണാഘോഷം: ചികിത്സ ലഭിക്കാതെ വലഞ്ഞ് രോഗികൾ; മന്ദിരം അടക്കമുള്ള സ്വകാര്യ ആശുപത്രികളിൽ ജീവനക്കാരുടെ ഓണാഘോഷം
സ്വന്തം ലേഖകൻ
കോട്ടയം: സ്വകാര്യ ആശുപത്രികളിൽ തകർപ്പൻ ഓണാഘോഷങ്ങൾ നടക്കുന്നതോടെ വലഞ്ഞത് അത്യാഹിത വിഭാഗത്തിൽ അടക്കം ചികിത്സ തേടിയെത്തിയ രോഗികൾ. മന്ദിരം അടക്കമുള്ള ജില്ലയിലെ സ്വകാര്യ ആശുപത്രികളിലാണ് ഓണാഘോഷത്തെ തുടർന്ന് രോഗികളുടെ ചികിത്സ മുടങ്ങിയത്. പല ആശുപത്രികളിലും തിങ്കളാഴ്ച ഓണാഘോഷമായിരുന്നു.
മന്ദിരം ആശുപത്രിയിൽ നടന്ന ഓണാഘോഷത്തിൽ അത്യാഹിത വിഭാഗം അടക്കം അടച്ചു പൂട്ടിയ ശേഷമാണ് ജീവനക്കാർ പോയത്. നഴ്‌സുമാരും, ഡോക്ടർമാരും അടക്കമുള്ളവർ ഓണാഘോഷത്തിന്റെ ആഘോഷപരിപാടികളിൽ മുഴുകി. ഇതോടെ പത്തോളം രോഗികളാണ് അത്യാഹിത വിഭാഗത്തിൽ അടക്കം ചികിത്സ തേടി എത്തിയത്. ഇതേ തുടർന്ന് വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയ രോഗികളാണ് വല്ലാതെ വലഞ്ഞത്.
ഇതിനിടെ ജില്ലയിലെ ഭാരത് അടക്കമുള്ള പല സ്വകാര്യ ആശുപത്രികളിലും ഓണാഘോഷം പൊടിപൊടിച്ചു. ഇത്തരത്തിൽ ഓണാഘോഷം നടത്തിയത് രോഗികളുടെ ജീവൻ പന്താടിയാണ്. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗികളെയാണ് ഇത് ഗുരുതരമായി ബാധിച്ചത്. പല ആശുപത്രികളിലും രോഗികൾക്ക് മതിയായ ശ്രദ്ധ ലഭിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
ഓണാഘോഷം ഓഫിസിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന രീതിയിൽ നടത്തുന്നത് സാധാരണക്കാർക്ക് നീതി നിഷേധിക്കുന്നതിനു തുല്യമാണ്. സാധാരണക്കാരായ രോഗികളുടെ ജീവൻ തന്നെ പന്താടുന്ന പ്രവർത്തനമാണ് ആശുപത്രികളിൽ നടന്നിരിക്കുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.