ജഡേജയും സുന്ദറും സെഞ്ചുറി അടിക്കാതിരിക്കാനായി സമനിലക്ക് സമ്മതിച്ച് സ്റ്റോക്സ്, കൈ കൊടുക്കാതെ ഇന്ത്യൻ താരങ്ങള്‍

Spread the love

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ രവീന്ദ്ര ജഡേജയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെയും അപരാജിത സെഞ്ചുറികളുടെ കരുത്തില്‍ സമനില പിടിച്ചപ്പോള്‍ ഇരുവര്‍ക്കും സെഞ്ചുറി നിഷേധിക്കാനായി ഇംഗ്ലണ്ടിന്‍റെ തന്ത്രം.കളി തീരാന്‍ 15 ഓവറുകള്‍ ബാക്കിയിരിക്കെ ജഡേജ 89 റൺസും വാഷിംഗ്ടണ്‍ സുന്ദര്‍ 80 റണ്‍സും എടുത്തു നില്‍ക്കെയാണ് സ്റ്റോക്സ് സമനിലക്ക് സമ്മതിച്ച് ജഡേജക്ക് അരികിലെത്തി ഹസ്തദാനത്തിനായി കൈ നീട്ടിയത്. എന്നാല്‍ ഇതിന് സമ്മതിക്കാതെ ബാറ്റിംഗ് തുടരാനായിരുന്നു ജഡേജയുടെയും സുന്ദറിന്‍റെയും തീരുമാനം.

ഇതോടെ പ്രകോപിതനായ സ്റ്റോക്സ് നിങ്ങള്‍ക്ക് സെഞ്ചുറി അടിക്കണമെങ്കില്‍ അതിനുവേണ്ടി ആദ്യമെ ശ്രമിക്കണമായിരുന്നുവെന്ന് പറഞ്ഞു. ജഡ്ഡു നിനക്ക് ഹാരി ബ്രൂക്കിനെയും ബെന്‍ ഡക്കറ്റിനെയും ഒക്കെ അടിച്ച് ടെസ്റ്റ് സെഞ്ചുറി നേടണമെന്നാണോ ആഗ്രഹിക്കുന്നത് എന്നായിരുന്നു സ്റ്റോക്സിന്‍റെ മുനവെച്ചുള്ള ചോദ്യം.

ഇതിന് അപ്പോള്‍ തന്നെ ജഡേജ മറുപടി നല്‍കി. പിന്നെ നീ എന്താ ആഗ്രഹിക്കുന്നത് ഞങ്ങള്‍ക്ക് സമനിലക്ക് സമ്മതിച്ച് തിരിച്ചു നടക്കണമെന്നോ എന്നായിരുന്നു ജഡേജയുടെ മറുപടി. എന്നാല്‍ നീ കൈ താ, നിന്നെക്കൊണ്ട് അതിന് കഴിയുമെന്ന് സ്റ്റോക്സ് പറഞ്ഞപ്പോള്‍ എനിക്ക് അതിന് കഴിയില്ലെന്നായിരുന്നു ജഡേജയുടെ മറുപടി.ഇതിനുശേഷം ഹാരി ബ്രൂക്ക് എറിഞ്ഞ ഓവറില്‍ ബൗണ്ടറിയും രണ്ട് റണ്‍സും ഓടിയെടുത്ത ജഡേജ 90കളില്‍ എത്തി. ജോ റൂട്ട് എറിഞ്ഞ അടുത്ത ഓവറില്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ നേടിയ സുന്ദറും 90 കള്‍ കടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രൂക്കിനെ സിക്സിന് പറത്തി ജഡേജ അടുത്ത ഓവറില്‍ സെഞ്ചുറി തികച്ചതിന് പിന്നാലെ കൈ കൊടുക്കാനായി ഹാരി ബ്രൂക്ക് വീണ്ടും എത്തിയെങ്കിലും ഇന്ത്യൻ താരങ്ങള്‍ ഗൗനിച്ചില്ല. പിന്നാലെ ബ്രൂക്കിന്‍റെ അടുത്ത ഓവറില്‍ ഫോറും രണ്ടു റണ്‍സും ഓടിയെടുത്ത സുന്ദര്‍ സെഞ്ചുറി തികച്ച ശേഷമാണ് ഇന്ത്യ കൈ കൊടുത്ത് സമനിലക്ക് സമ്മതിച്ചത്. എന്നാല്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് മാത്രം ഇന്ത്യൻ താരങ്ങള്‍ക്ക് കൈ കൊടുക്കാന്‍ തയാറായില്ല.

 

മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ ജഡേജയും സുന്ദറും സെഞ്ചുറി അര്‍ഹിച്ചിരുന്നുവെന്നും അതിനാലാണ് സമനിലക്ക് സമ്മതിക്കാതിരുന്നതെന്നും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ പറഞ്ഞു.