മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യ മികച്ച നിലയില്‍; തിരിച്ചടിയായത് പന്തിന്റെ പരിക്ക്, ബെന്‍ സ്റ്റോക്‌സിന് രണ്ട് വിക്കറ്റ്

Spread the love

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയില്‍. മാഞ്ചസ്റ്ററില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തിട്ടുണ്ട്. രവീന്ദ്ര ജഡേജ (19), ഷാര്‍ദുല്‍ താക്കൂര്‍ (19) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി ബെന്‍ സ്‌റ്റോക്‌സ് രണ്ട് വിക്കറ്റ് നേടി. ഇതിനിടെ റിഷഭ് പന്ത് (37) പരിക്കേറ്റ് ഗ്രൗണ്ട് വിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. 61 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ടോപ് സ്‌കോറര്‍.

ആദ്യ സെഷനില്‍ ഇന്ത്യക്ക് വിക്കറ്റൊന്നും നഷ്ടമായിരുന്നില്ല. എന്നാല്‍ ലഞ്ചിന് ശേഷം രാഹുല്‍ മടങ്ങി. ജയ്‌സ്വാളിനൊപ്പം 94 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് രാഹുല്‍ മടങ്ങുന്നത്. ക്രിസ് വോക്‌സിന്റെ പന്തില്‍ സ്ലിപ്പില്‍ സാക് ക്രൗളിക്ക് ക്യാച്ച്. നാല് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. അധികം വൈകാതെ ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ ജയ്‌സ്വാളിനെ കൂടുതല്‍ സമയം ക്രീസില്‍ തുടരാന്‍ ഡോസണ്‍ അനുവദിച്ചില്ല. സ്ലിപ്പില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ പുറത്താവുന്നത്. ഒരു സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തുടര്‍ന്ന് ക്രീസിലെത്തിയ ഗില്‍, ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. എന്നാല്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മുന്നില്‍ ഗില്ലിന് പിഴച്ചു. ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.

തുടര്‍ന്ന് രണ്ടാം സെഷനില്‍ പന്ത് – സായ് സഖ്യം വിക്കറ്റ് പോവാതെ കാത്തു. ഇതിനിടെ സായ് നല്‍കിയ ക്യാച്ച് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്ത് വിട്ടുകളയുകയും ചെയ്തു. മൂന്നാം സെഷനില്‍ പന്ത് ഗ്രൗണ്ട് വിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്‌സിനെതിരെ റിവേഴ്‌സ് സ്വീപ്പ് കളിക്കാനുള്ള ശ്രമത്തിനിടെ പന്ത് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ കാല്‍പാദനത്തില്‍ കൊള്ളുകയായിരുന്നു. ചെറുവിരലിന് മുകളില്‍ പന്ത് കൊണ്ടത്. പന്ത് കൊണ്ട ഭാഗത്ത് ചെറുതായി മുഴയ്ക്കുകയും ചെയ്തു. മാത്രമല്ല, രക്തം പോടിയുന്നമുണ്ടായിരുന്നു. നടക്കാന്‍ ബുദ്ധിമുട്ടിയ താരത്തെ ഗ്രൗണ്ടിലുപയോഗിക്കുന്ന ചെറിയ വാഹനത്തില്‍ ഇരുത്തിയാണ് കൊണ്ടുപോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ സായ് പുറത്തായി. സ്റ്റോക്‌സിന്റെ പന്ത് ഹുക്ക് ചെയ്യാനുള്ള ശ്രമം പാളി പോയി. ഡീപ്പ് ഫൈന്‍ ലെഗില്‍ ബ്രൈഡണ്‍ കാഴ്‌സെ ക്യാച്ചെടുത്തു. പിന്നാലെ ജഡേജ – ഷാര്‍ദുല്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു. നേരത്തെ, ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഇംഗ്ലണ്ട് നാലാം ടെസ്റ്റിനിറങ്ങിയത്. പരിക്കേറ്റ സ്പിന്നര്‍ ഷൊയ്ബ് ബഷീറിന് പകരം ലിയാം ഡോസണ്‍ ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലെത്തി. ഇന്ത്യ മൂന്ന് മാറ്റം വരുത്തി. കരുണ്‍ നായര്‍ക്ക് പകരം സായ് സുദര്‍ശന്‍ ടീമിലെത്തി. പരിക്കേറ്റ് പുറത്തായ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ഷാര്‍ദ്ദുല്‍ താക്കൂറും ആകാശ് ദീപിന് പകരം അന്‍ഷുല്‍ കാംബോജും ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, അന്‍ഷുല്‍ കംബോജ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത്, ലിയാം ഡോസണ്‍, ക്രിസ് വോക്‌സ്, ബ്രൈഡണ്‍ കാര്‍സെ, ജോഫ്ര ആര്‍ച്ചര്‍.