
വയനാട്: മാനന്തവാടിയില്‍ ഇത്തവണ പി കെ ജയലക്ഷ്മിക്ക് പകരം ആദിവാസി നേതാവ് സി കെ ജാനുവിനെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
ആദിവാസി നേതാവ് സി കെ ജാനുവിലൂടെ മാനന്തവാടി മണ്ഡലം തിരിച്ചുപിടിക്കാനുള്ള തന്ത്രപരമായ നീക്കമാണ് യു ഡി എഫ് നടത്തുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ പി കെ ജയലക്ഷ്മി ഇത്തവണയും മാനനന്തവാടിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാവുമെന്നായിരുന്നു ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സൂചിപ്പിച്ചിരുന്നത്. എന്നാല്‍ സി കെ ജാനു എന്‍ ഡി എ ബന്ധം ഉപേക്ഷിച്ച് യു ഡി എഫില്‍ അസോസിയേറ്റ് അംഗമായ സാഹചര്യത്തില്‍ ഒരു സീറ്റ് അവര്‍ക്ക് നല്‍കേണ്ടതുണ്ട്. വയനാട്ടില്‍ കഴിഞ്ഞ തവണ മാനന്തവാടി ഒഴികെയുള്ള സീറ്റുകളില്‍ യു ഡി എഫിനായിരുന്നു വിജയം.
രാഹുല്‍ ഗാന്ധിയുടെ പ്രത്യേക പരിഗണനയില്‍ സ്ഥാനാര്‍ഥിയായ പി കെ ജയലക്ഷ്മി ആദ്യടേമില്‍ വിജയിക്കുകയും ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയാവുകയും ചെയ്തിരുന്നു. എന്നാല്‍ 2016 ലും 2021 ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ മാനന്തവാടിയില്‍ നിന്നും ജനവിധി തേടിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. സി പി ഐ എമ്മിലെ ഒ ആര്‍ കേളുവിനോട് രണ്ടു ടേമില്‍ പരാജയപ്പെട്ട പി കെ ജയലക്ഷ്മിയെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നതിനോട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനും ഘടകകക്ഷിയായ ലീഗിനും വിയോജിപ്പുണ്ട്.
ഈ സാഹചര്യത്തിലാണ് മാനന്തവാടി സി കെ ജാനുവിന് നല്‍കാനുള്ള നീക്കം ശക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് വിദഗ്ധര്‍ സുനില്‍ കനഗോലു കെ പി സി സിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും പി കെ ജയലക്ഷ്മിക്ക് മാനന്തവാടിയില്‍ വിജയസാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയതലത്തില്‍ അറിയപ്പെടുന്ന ആദിവാസി നേതാവാണ് സി കെ ജാനു.സി കെ ജാനുവിനെ യു ഡി എഫ് ടിക്കറ്റില്‍ മത്സരിപ്പിക്കുന്നത് ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയാവും. പ്രിയങ്കാ ഗാന്ധിയുടെ മണ്ഡലത്തിലെ പ്രധാന നിയമസഭാ സീറ്റായ മാനന്തവാടിയില്‍ ആദിവാസി നേതാവിനെ സ്ഥാനാര്‍ഥിയാക്കുന്നത് കോണ്‍ഗ്രസിനും ഗുണം ചെയ്യും. ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എയുടെ ഘടകകക്ഷിയായിരുന്നു സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി. മുന്നണിയില്‍ പരിഗണനകള്‍ ലഭിക്കുന്നില്ലെന്നാരോപിച്ച് 2025 ഒക്ടോബറിലാണ് ജാനു എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചത്.
സി കെ ജാനുവിന് മാനന്തവാടി സീറ്റ് നല്‍കാനുള്ള നീക്കത്തില്‍ വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തുണ്ട്. എന്നാല്‍ കെ പി സി സി നേതൃത്വം നേരിട്ടാണ് സി കെ ജാനുവുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുന്നത്. മാനന്തവാടിയില്‍ ജയിക്കാന്‍ പറ്റുന്ന രാഷ്ട്ട്രീയ സാഹചര്യമാണെന്നാണ് സി.കെ ജാനു യുഡിഎഫ് നേതൃത്വത്തെ അറിയിച്ചത്.
സി കെ ജാനുവുമായി നല്ല ബന്ധത്തിലല്ലാത്ത കോണ്‍ഗ്രസിന്റെ ചില ജില്ലാ നേതാക്കളാണ് നിലവില്‍ എതിര്‍പ്പുമായി രംഗത്തുള്ളത്. ബത്തേരി എം എല്‍ എയും കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രമുഖ നേതാവുമായ ഐ സി ബാലകൃഷ്ണനും ജാനുവിന് മാനന്തവാടി സീറ്റു നല്‍കുന്നതില്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച് കെ പി സി സി യെ സമീപിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
മുത്തങ്ങ ഭൂസമരുവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് സി കെ ജാനു-കോണ്‍ഗ്രസ് വൈത്തിന് പ്രധാന കാരണം. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നു വയനാട്ടിലെ മുത്തങ്ങയില്‍ ഭൂസമരം നടന്നത്. 2023 ഫെബ്രുവരി 19 ന് സമരഭൂമിയായ മുത്തങ്ങയില്‍ പൊലീസ് വെടിവെപ്പുണ്ടായി. ജോഗിയെന്ന ആദിവാസി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. സി കെ ജാനു പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയിലുമായി.
ആദിവാസി ഭൂസമരം പൊലീസിനെ ഉപയോഗിച്ച് അട്ടിമറിച്ചെന്നായിരുന്നു ഗോത്രമഹാസഭാ നേതാക്കളായ സി കെ ജാനുവും എം ഗീതാനന്ദനും ആരോപിച്ചിരുന്നത്.
സര്‍ക്കാര്‍ പിന്നീട് ആദിവാസി ഭൂമി പാക്കേജ് പ്രഖ്യാപിച്ചുവെങ്കിലും കോണ്‍ഗ്രസും ഗോത്രമഹാസഭയും തമ്മിലുള്ള അകല്‍ച്ച തുടര്‍ന്നു.മുത്തങ്ങഭൂസമരം 23 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഗോത്രമഹാസഭയുടെ നേതാവായ സി കെ ജാനു യു ഡി എഫിനൊപ്പം തിരഞ്ഞെടുപ്പ് ഗോഥയിലാണ്. ജാനുവിനെ മാനന്തവാടിയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി തീരുമാനിച്ചാല്‍ അത് ചരിത്രപരമായുള്ള ബാധ്യത നിറവേറ്റല്‍ കൂടിയായി മാറും.
സംവരണ സീറ്റായ മാനന്തവാടിയില്‍ ആദിവാസി വിഭാഗങ്ങള്‍ പല തട്ടുകളിലാണെന്നും, സി കെ ജാനുവിന് പ്രതീക്ഷിക്കുന്ന പിന്തുണ ആദിവാസി, ദലിത് വിഭാഗത്തില്‍ നിന്നും ലഭിക്കില്ലെന്നാണ് കോണ്‍ഗ്രസിലെ ഒരു വിബാഗം നേതാക്കളുടെ ആരോപണം.
സി കെ ജാനുവിനെ യുഡിഎഫിലെ അസോസിയേറ്റ് അംഗമാക്കാനുള്ള ആലോചനകള്‍ ആരംഭിച്ച കാലത്തുതന്നെ മാനന്തവാടി സീറ്റില്‍ തര്‍ക്കം വരുമെന്ന് ചില നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ അഭിപ്രായ ഭിന്നതകളെല്ലാം രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങളിലാണ് കെപിസിസി നേതൃത്വം. മാനന്തവാടി സീറ്റില്‍ സി കെ ജാനുവിനെ യു ഡി എഫ് മത്സരിപ്പിക്കുമോയെന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തമാകും.



