
മണർകാട്ടെ 18 ലക്ഷം രൂപയുടെ ചീട്ടുകളി ക്ലബ് നടത്തിയിരുന്നത് മാലം സുരേഷ്..! നാല് ദിവസമായി പൊലീസ് തിരഞ്ഞു നടക്കുന്ന രേഖ തേർഡ് ഐ ന്യൂസ് ലൈവിന്; ക്ലബിൻ്റെ ഭാരവാഹിയായ വനിതയടക്കം പത്തു പേരും കേസിൽ പ്രതിയാകും
തേർഡ് ഐ ബ്യൂറോ
കോട്ടയം: മണർകാട് 18 ലക്ഷം രൂപയുടെ ചീട്ടുകളി ക്ലബ് നടത്തിയിരുന്നത് മാലം സുരേഷ് എന്നതിനു കൃത്യമായ തെളിവ് തേർഡ് ഐ ന്യൂസ് ലൈവിന്. മണർകാട് നടത്തിയിരുന്ന ചീട്ടുകളി ക്ലബ് രജിസ്റ്റർ ചെയ്തതിന്റെ പകർപ്പാണ് തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിടുന്നത്. ചീട്ടുകളി ക്ലബ് നടത്തിപ്പിൽ മാലം സുരേഷിനെതിരെ കേസെടുക്കാൻ നിലവിൽ തെളിവുകളില്ലെന്നും, ഇതിനായി അന്വേഷണം നടത്തുകയാണ് എന്നും പൊലീസ് പറയുമ്പോഴാണ് ഇതു സംബന്ധിച്ചുള്ള തെളിവ് തേർഡ് ഐ ബ്യൂറോ പുറത്തു വിടുന്നത്.
മണർകാട് ചീട്ടുകളി പിടികൂടിയ ക്രൗൺ ക്ലബിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന മാലം സുരേഷാണ് എന്നുള്ള രേഖയാണ് ഇപ്പോൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിരിക്കുന്നത്. മണർകാട് വാവത്തിൽ കെ.വി സുരേഷ് എന്ന മാലം സുരേഷിനെ സെക്രട്ടറിയാക്കി 2019 ഒക്ടോബർ 17നാണ് ഈ ക്ലബ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോട്ടയം കാണക്കാരി വടക്കുംകരയിൽ വി.എം സന്തോഷാണ് ക്ലബിന്റെ പ്രസിഡന്റ്. ഇവർ രണ്ടു പേരും അടക്കം പത്തു പേരാണ് ക്ലബ് ഭാരവാഹികളായി പ്രവർത്തിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ 18 ലക്ഷം രൂപയുടെ ചീട്ടുകളി പിടികൂടിയ ക്ലബിന്റെ രജിസ്‌ട്രേഷനും, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശവും ആർക്കാണ് എന്നറിയില്ലെന്നാണ് മണർകാട് പൊലീസ് പറയുന്നത്. ഇത് കണ്ടെത്തുന്നതിനായി വില്ലേജ് ഓഫിസിൽ നിന്നുള്ള രേഖകൾ അടക്കം വേണമെന്നും പൊലീസ് അറിയിക്കുന്നു. എന്നാൽ, ചീട്ടുകളി പിടികൂടിയ ക്രൗൺ ക്ലബ് സുരേഷിന്റെയും സുഹൃത്തുക്കളുടെയും പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതാണ് എന്നതിന്റെ വ്യക്തമായ തെളിവുകളാണ് തേർഡ് ഐ ന്യൂസ് ലൈവിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
മണർകാട് പ്രദേശത്തെ ജനങ്ങളുടെ സാമൂഹികവും, സാംസകാരികവും ആരോഗ്യപരവും വിദ്യാഭ്യാസ പരവും കലാകായികപരവുമായ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുക എന്നതാണ് ക്ലബിന്റെ ലക്ഷ്യമെന്നാണ് ബൈലോയിൽ പറയുന്നത്. ഇതിനായി അംഗങ്ങളുടെ മാനസിക ഉല്ലാസത്തിനായി പോയിന്റ് റമ്മി, ഗുലാൻ പെരിശ്, സപ്പോർട്ട്, ലേലം ക്യാരംസ്, ഷട്ടിൽ, ചെസ്, ബാഡ്മിന്റൺ എന്നിങ്ങനെ നിയമം അനുവദിക്കുന്ന വിനോദങ്ങൾ പണമോ ബെറ്റോ വയ്ക്കാതെ നടത്താമെന്ന് ബൈലോ പറയുന്നു.
എന്നാൽ, ഈ ബൈലോക്ക് വിരുദ്ധമായി പണം വച്ച് ചീട്ടുകളിയും മദ്യസൽക്കാരവുമാണ് ക്ലബിൽ നടക്കുന്നതെന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. 17.8 ലക്ഷം രൂപയാണ് ഇവിടെ പൊലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത്. ഇത് ചീട്ടുകളിയ്ക്കായി എത്തിച്ചതാണ് എന്നു വ്യക്തമായിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ക്രൗൺ ക്ലബ് സെക്രട്ടറിയ്ക്കും അംഗങ്ങളായ പത്തു പേർക്കും എതിരെ കേസെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ഇവർക്കെതിരെ തെളിവില്ലെന്ന വാദം ഉയർത്തി പൊലീസ് കേസ് ഒതുക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഇത് ബ്ലേഡ് – ഗുണ്ടാ മാഫിയ സംഘത്തിന്റെ സ്വാധീനത്തെ തുടർന്നാണ് എന്നും ആരോപണം ഉയർന്നിട്ടുണ്ട്.