
സ്വന്തം ലേഖിക
കോട്ടയം: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിന്റെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെയാണ് എട്ടുനോമ്പ് പെരുന്നാൾ. പെരുന്നാളിന്റെ ഏറ്റവും തിരക്കുള്ള ദിവസങ്ങളായ ആറ്, എഴ്, എട്ട് തിയതികളിൽ രാത്രിയിൽ പ്രത്യേക സർവീസ് ഏർപ്പാടാക്കുമെന്നും മല്ലപ്പള്ളി റൂട്ടിൽ പ്രത്യേക സർവീസ് ഓടിക്കുന്ന കാര്യം പരിഗണനയിലാണെന്നും കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു.
പെരുന്നാളിനോടനുബന്ധിച്ച് വൈദ്യുതി തടസമുണ്ടാകാതിരിക്കാനുള്ള നടപടികൾ ഉറപ്പാക്കണമെന്ന് കളക്ടർ കെ.എസ്.ഇ.ബി. അധികൃതരോട് നിർദേശിച്ചു. പള്ളിയിലെത്തുന്ന തീർഥാടകർക്കു നൽകുന്നതിനായുള്ള കുടിവെള്ളം ശേഖരിക്കുന്നതിനുള്ള ടാങ്കറുകൾ ലഭ്യമാക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളിയിലേയ്ക്കുള്ള പ്രധാന പാതയായ മണർകാട്-കിടങ്ങൂർ റോഡിന്റെ അരികിലെ കാടുവെട്ടുത്തെളിക്കുന്ന നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം അറിയിച്ചു. പള്ളിയിലേയ്ക്കുള്ള മറ്റുറോഡുകളിലെ കുഴികൾ അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
എ.ഡി.എം. ജി. നിർമൽകുമാർ, ആർ.ഡി.ഒ. വിനോദ്രാജ്, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ്രാജൻ, ആർ.ടി.ഒ. കെ. ഹരികൃഷ്ണൻ, ജില്ലാ സപ്ളൈ ഓഫീസർ സ്മിത ജോർജ്, മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സഹവികാരിയും പ്രോഗ്രാം കോർഡിനേറ്ററുമായ റവ. ആൻഡ്രൂസ് ചിരവത്തറ കോർഎപ്പിസ്‌കോപ്പ, ട്രസ്റ്റിമാരായ ബിനു ടി. ജോയി, ദീപു ജേക്കബ്, സെക്രട്ടറി രഞ്ജിത് കെ. എബ്രഹാം, മുൻ സെക്രട്ടറി തോമസ് മാണി എന്നിവർ പങ്കെടുത്തു.