മണർകാട് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു; കത്തീഡ്രലിലേക്ക് വൻഭക്തജനപ്രവാഹം
സ്വന്തം ലേഖകൻ
മണർകാട്: വൃതശുദ്ധിയിൽ നോമ്പുനോറ്റെത്തിയ പതിനായിരങ്ങൾ പങ്കെടുത്ത വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു. പെരുന്നാളിനോടനുബന്ധിച്ചു വർഷത്തിലൊരിക്കൽ മാത്രം വിശ്വാസികൾക്ക് ദർശനത്തിനായി തുറക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കുന്നതിനു നാനാജാതിമതസ്ഥരായ വിശ്വാസികൾ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് എത്തിയിരുന്നു. എട്ടുനോമ്പിന്റെ സമാപന ദിവസമായ ഞായറാഴ്ച പള്ളിയിലും പരിസരത്തും വൻഭക്തജന തിരക്കായിരുന്നു അനുഭവപ്പെട്ടത്. ദീപഭ്രയിൽ അലങ്കരിച്ചിരിക്കുന്ന പള്ളി കാണുന്നതിനും കൽക്കുരുശിൽ വന്ന് പ്രാർഥിക്കുന്നതിനും രാത്രി വൈകിയും പള്ളിയിലേക്ക് ഭക്തജനപ്രവാഹമായിരുന്നു.
ഞായറാഴ്ച രാവിലെ പ്രധാന പള്ളിയിൽ നടന്ന പ്രഭാത പ്രാർത്ഥനയ്ക്കും മൂന്നിന്മേൽ കുർബാനയ്ക്കും മൈലാപ്പൂർ ഭദ്രാസനാധിപൻ ഐസക്ക് മോർ ഒസ്താത്തിയോസ് പ്രധാനകാർമ്മികത്വം വഹിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് കരോട്ടെ പള്ളിയിലേക്കുള്ള പ്രദക്ഷിണവും തുടർന്ന് ആശീർവാദവും നടന്നു. ആൻഡ്രൂസ് കോർഎപ്പിസ്‌കോപ്പ ചിരവത്തറ, ഫാ. ജോർജ് കുന്നേൽ, ഫാ. എബി കുറിച്ചിമല എന്നിവർ പ്രദക്ഷിണത്തിന് നേതൃത്വം വഹിച്ചു. വൈകുന്നേരം മൂന്നിന് നേർച്ചവിളമ്പും നടന്നു. 1501 പറ അരിയുടെ പാച്ചോർ നേർച്ചയാണ് തീർത്ഥാടകർക്കായി പള്ളികാര്യത്തിൽ നിന്ന് ക്രമീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച രാവിലെ കുർബാനയ്ക്കു യു.എസ്.എയുടെ പാത്രിയർക്കൽ വികാർ എൽദോസ് മോർ തീത്തോസ് പ്രധാനകാർമ്മികത്വം വഹിക്കും. ചൊവ്വാഴ്ച സിംഹാനസ പള്ളികളുടെ അധിപൻ ഗീവർഗീസ് മോർ അത്താനാസിയോസ്, 11ന് ക്നാനായ അതിഭദ്രാസന റാന്നി മേഖലാ മെത്രാപോലീത്ത കുറിയാക്കോസ് മോർ ഈവാനിയോസും 12ന് ഹൈറേൻജ് അടിമാലി മേഖലാധിപൻ ഏലിയാസ് മോർ യൂലിയോസ്, 13ന് ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മോർ പീലക്സീനോസും 14ന് മാത്യൂസ് മോർ തീമോത്തിയോസും കുർബാനയ്ക്കു നേതൃത്വം നൽകും.
ഒൻപത് മുതൽ 12 വരെയുള്ള ദിവസങ്ങളിൽ രാവിലെ 7നും 13,14 ദിവസങ്ങളിൽ 7.15നുമാണ് കുർബാന. വൈകിട്ട് അഞ്ചിന് എല്ലാ ദിവസവും സന്ധ്യാപ്രാർഥനയുമുണ്ടായിരിക്കും. 14നു ശ്ലീബാ പെരുന്നാൾ ദിനത്തിൽ സന്ധ്യാപ്രാർഥനയ്ക്കു നട അടയ്ക്കും. പെരുന്നാളിനോടനുബന്ധിച്ചുള്ള ദീപാലങ്കാരങ്ങളുടെ ദൃശ്യവിരുന്നും 14 വരെയുണ്ട്.
വികാരി ഇ.ടി. കുര്യാക്കോസ് കോർഎപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോഓർഡിനേറ്റർ ആൻഡ്രൂസ് കോർഎപ്പിസ്‌കോപ്പ ചിരവത്തറ, ട്രസ്റ്റിമാരായ സി.പി. ഫിലിപ്, സാബു ഏബ്രഹാം, രഞ്ജിത് മാത്യു, സെക്രട്ടറി വി.വി.ജോയ് വെള്ളാപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ സഹവികാരിമാരും മാനേജിങ് കമ്മിറ്റി അംഗങ്ങളും കൺവീനർമാരുമായി 1501 അംഗ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പെരുന്നാൾ ക്രമീകരണങ്ങൾ.
എട്ടുനോമ്പ് പെരുന്നാളിന്റെ സുഖമമായ നടത്തിപ്പിനായി സർക്കാരിന്റെ വിവിധ വകുപ്പുകൾ പള്ളിയുടെ പരിസരത്ത് സജ്ജമായിരുന്നു. റവന്യു, ആരോഗ്യ വകുപ്പുകൾക്ക് പുറമേ പോലീസും എക്‌സൈസും അഗ്നിരക്ഷാ സേനാ വകുപ്പും പെരുന്നാൾ ക്രമീകരണങ്ങൾക്ക് ജനങ്ങളുടെ സുരക്ഷ ഒരുക്കുന്നതിനായി പ്രവർത്തിച്ചു. ജില്ലാ പോലീസ് മേധാവി പി.എസ്. സാബുവിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്. രണ്ട് ഡിവൈ.എസ്.പിമാർ അഞ്ചു സി.ഐമാർ, എസ്.ഐമാരുൾപ്പടെ 200 ഓളം പോലീസുകാരെയാണ് പള്ളിയിലും പരിസരത്തും സുരക്ഷയ്ക്ക് നിയോഗിച്ചത്. പള്ളിയും പരിസരവും വരും ദിവസങ്ങളിലും പൂർണമായി സി.സി. ടിവി നിരീക്ഷണത്തിലായിരിക്കും. ഇതിനായി പള്ളിയിലും പരിസരങ്ങളിലും 70 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പോലീസ് എയ്ഡ് പോസ്റ്റിൽ നിരീക്ഷിക്കുന്നുമുണ്ട്. പെരുന്നാളിനോട് അനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ‘വിമുക്തി’ ലഹരിവിരുദ്ധ ബോധവൽക്കരണ പവലിയനുമുണ്ടായിരുന്നു.