play-sharp-fill
മണർകാട് പള്ളി എട്ടുനോമ്പ് പെരുന്നാൾ: അധ്യാത്മിക സംഘടനകളുടെ വാർഷിക സമ്മേളനം ബുധനാഴ്ച

മണർകാട് പള്ളി എട്ടുനോമ്പ് പെരുന്നാൾ: അധ്യാത്മിക സംഘടനകളുടെ വാർഷിക സമ്മേളനം ബുധനാഴ്ച

സ്വന്തം ലേഖകൻ

മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനവും ഇടവകയിലെ വിവിധ അധ്യാത്മിക സംഘടനകളുടെ വാർഷിക സമ്മേളനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കത്തീഡ്രൽ അങ്കണത്തിൽ നടക്കും. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മോർ തീമോത്തിയോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ ഉദ്ഘാടനം ചെയ്യും.


മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണവും കർദിനാൾ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ അനുഗ്രഹ പ്രഭാഷണവും നടത്തും. കത്തീഡ്രൽ സെക്രട്ടറി വി.വി. ജോയി വെള്ളാപ്പള്ളി റിപ്പോർട്ട് അവതരിപ്പിക്കും. സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാറും സേവകാസംഘം നിർമിച്ചു നൽകുന്ന 15 ഭവനങ്ങളുടെ അടിസ്ഥാനശിലാ വിതരണം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സമൂഹവിവാഹ ധനസഹായ വിതരണം തോമസ് ചാഴിക്കാടൻ എം.പിയും വയോജന സംഘടനയിലെയും വനിതാ സമാജത്തിലെയും മുതിർന്ന അംഗങ്ങളെ ആദരിക്കൽ ബെന്നി ബഹനാൻ എം.പിയും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും നിർവഹിക്കും. വി.എൻ. വാസവൻ, വികാരി ഇ.ടി. കുര്യാക്കോസ് കോർഎപ്പിസ്‌കോപ്പ ഇട്യാടത്ത്, ട്രസ്റ്റിമാരായ സി.പി. ഫിലിപ്പ്, സാബു വർഗീസ്, രഞ്ജിത് മാത്യു, പ്രോഗ്രാം കോ-ഓർഡിനേറ്റർ ആൻഡ്രൂസ് കോർഎപ്പിസ്‌കോപ്പ ചിരവത്തറ എന്നിവർ പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ടുനോമ്പ് പെരുന്നാളിന്റെ മൂന്നാം ദിവസമായ ചൊവ്വാഴ്ച വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ക്‌നാനായ അതിഭദ്രാസന ആർച്ച് ബിഷപ് കുറിയാക്കോസ് മോർ സേവേറിയോസ് പ്രധാന കാർമ്മികത്വം വഹിച്ചു. തൂത്തുട്ടി മോർ ഗ്രീഗോറിയൻ ധ്യാന കേന്ദ്രം ഡയറക്ടർ സഖറിയാസ് മോർ പീലക്‌സീനോസ്, പീറ്റർ കോർഎപ്പിസ്‌കോപ്പ വേലംപറമ്പിൽ, ഫാ. ഗീവർഗീസ് നടുമുറിയിൽ, ഫാ. ജെ. മാത്യു മണവത്ത് എന്നിവർ ധ്യാനയോഗങ്ങൾ നയിച്ചു. എട്ടു നോമ്പിന്റെ പരിപാടികൾ മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ എന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും മണർകാട് പള്ളി ഒഫീഷ്യൽ എന്ന മൊബൈൽ ആപ്ലിക്കേഷനിലും www.manarcadstmaryschurch.org എന്ന വെബ്‌സൈറ്റിലും തൽസമയം കാണുവാൻ സാധിക്കും.