മണർകാട് വീട്ടമ്മയുടെ മരണത്തിനിടയാക്കിയ അപകടം: സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്; ദൃശ്യങ്ങൾ ഇവിടെ കാണാം; ഇത് വരെ പ്രചരിച്ച കഥകളെല്ലാം തെറ്റ്
എ.കെ ശ്രീകുമാർ
കോട്ടയം: മണർകാട് സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വയോധിക മരിച്ച അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്. ഇതുവരെ പുറത്തു വന്ന വാർത്തകളിൽ നിന്നും കഥകളിൽ നിന്നും വ്യത്യസ്തമായാണ് അപകടം നടന്നതെന്നു വ്യക്തമാക്കുന്നതാണ് സിസിടിവി ക്യാമറാ ദൃശ്യങ്ങൾ. ബസിൽ കയറും മുൻപ് , ബെൽ അടിച്ചതിനെ തുടർന്ന് വാതിൽപ്പടിയിൽ നിന്നും വീണാണ് വയോധിക മരിച്ചതെന്നായിരുന്നു ഇതുവരെ പ്രചരിച്ചിരുന്നത്. എന്നാൽ, ബസിനു മുന്നിലൂടെ റോഡ് മുറിച്ച് കടക്കുമ്പോൾ ഇവരെ ബസ് ഇടിച്ചു വീഴ്ത്തുകയും കാലിലൂടെ കയറിയിറങ്ങുകയുമാണ് ഉണ്ടായതെന്നാണ് സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
മണർകാട് ഇല്ലിവളവ് പോത്താനിക്കലായ തെക്കേക്കുറ്റ് അന്നമ്മ ചെറിയാനാ (85)ണു കഴിഞ്ഞ ശനിയാഴ്ച മണർകാട് പള്ളിയ്ക്കു മുന്നിലുണ്ടായ അപകടത്തിൽ മരിച്ചത്. ചവിട്ടുപടിയിൽ കയറും മുമ്പു മുന്നോട്ടെടുത്ത ബസിൽനിന്ന് അന്നമ്മ താഴെ വീഴുകയും കാലിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയുമായിരുന്നുവെന്നായിരുന്നു ഇതുവരെ പ്രചരിച്ചിരുന്നത്. എന്നാൽ, അപകടം ഇങ്ങനെയല്ല സംഭവിച്ചതെന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളിയിലെ വിവാഹ വേദിയിൽ നിന്നും, ബസ് സ്‌റ്റോപ്പിലേയ്ക്കു റോഡ് മുറിച്ചു കടന്ന അന്നമ്മ നേരെ ഓടിയെത്തിയത് ബസിന്റെ മുന്നിലേയ്ക്കാണ്. ബസിന്റെ മുന്നിൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന ബ്ലൈന്റ് സ്‌പോട്ടിലൂടെയാണ് ഇവർ റോഡ് മുറിച്ച് കടക്കുന്നത്. ഈ ഭാഗത്തു കൂടി നടക്കുമ്പോൾ ഡ്രൈവർക്ക് ഇവിടെയുള്ള ആളുകളെ കാണാൻ സാധിക്കില്ല. ഇത്തരത്തിൽ റോഡ് മുറിച്ചു കടന്ന അന്നമ്മയെ ബസ് ഇടിച്ചു വീഴ്ത്തുകയും, കാലിലൂടെ ബസിന്റെ മുൻ ചക്രങ്ങൾ കയറിയിറങ്ങുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
അപകടത്തിൽ പരിക്കേറ്റ് ആദ്യം മണർകാട് പള്ളിയുടെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇവരെ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ അന്നമ്മയുടെ വലതുകാൽ മുറിച്ചു മാറ്റിയിരുന്നു. ഇതേ തുടർന്നുള്ള ചികിത്സകൾ തുടരുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
മക്കൾ: കുഞ്ഞുമോൻ, രാജു, ബിജു, ലീലാമ്മ, സുജ, പരേതനായ ബാബു. മരുമക്കൾ: ആലീസ് മണ്ണാംപറമ്പിൽ, ജെസി കണ്ണോത്ര, അച്ചൻകുഞ്ഞ് വടശേരിൽ കൊല്ലാട്, അച്ചൻകുഞ്ഞ് മരങ്ങാട്ടുകുന്നേൽ അഞ്ചേരി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ബസ് ജീവനക്കാർക്ക് എതിരെ പോലീസ് കേസെടുത്തു. പാലായിൽനിന്നു കോട്ടയത്തിനു പോകുകയായിരുന്ന ബീന ബസാണ് അപകടമുണ്ടാക്കിയത്.
വീഡിയോ ഇവിടെ കാണാം