മണര്‍കാട് കത്തീഡ്രലില്‍ എട്ട് നോമ്പാചരണത്തിൻ്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു; 1500 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനം തുടങ്ങി

മണര്‍കാട് കത്തീഡ്രലില്‍ എട്ട് നോമ്പാചരണത്തിൻ്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു; 1500 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനം തുടങ്ങി

സ്വന്തം ലേഖിക

മണര്‍കാട്: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെ നടക്കുന്ന എട്ടുനോമ്പാചരണത്തിന്‍റെ ഒരുക്കങ്ങള്‍ ആരംഭിച്ചു.

സെപ്റ്റംബര്‍ ഒന്നിനു വൈകുന്നേരം 4.30നു കൊടിമരം ഉയര്‍ത്തല്‍. കുരിശുപള്ളികളിലേക്കുള്ള പ്രസിദ്ധമായ റാസ ആറിന് ഉച്ചയ്ക്ക് 1.30നും ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ഏഴിനു ഉച്ചയ്ക്ക് 12നും നടക്കും. അന്നു ഉച്ചകഴിഞ്ഞു മൂന്നിനു പന്തിരുനാഴി ഘോഷയാത്ര.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ടിന് ഉച്ചയ്ക്കു പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുന്നാള്‍ സമാപിക്കും. 14നു സന്ധ്യാ നമസ്‌കാരത്തെത്തുടര്‍ന്നു നട അടയ്ക്കും.

എട്ടുനോമ്പിനോടനുബന്ധിച്ചു താഴത്തെ പള്ളിയില്‍ സഭയിലെ മെത്രാപ്പോലീത്താമാരുടെ മുഖ്യകാര്‍മികത്വത്തില്‍ എല്ലാ ദിവസവും മൂന്നിന്മേല്‍ കുര്‍ബാനയും ആറിന് അഞ്ചിന്മേല്‍ കുര്‍ബാനയും നടക്കും. കരോട്ടെ പള്ളിയിലും എല്ലാദിവസവും രാവിലെ ആറിനു കുര്‍ബാനയുണ്ടാകും. സെപ്റ്റംബര്‍ രണ്ടിനു ഉച്ചകഴിഞ്ഞു മൂന്നിനു മെറിറ്റ് ഡേ ആഘോഷം നടക്കും. മൂന്നിനു വൈകുന്നേരം ആറിനു സാംസ്‌കാരിക സമ്മേളനം.

1500 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനം തുടങ്ങി. കച്ചവട സ്ഥലത്തിനുള്ള ലേലം ആറിന് ഉച്ചയ്ക്കു 12നു നടക്കും. പള്ളിയിലും പരിസരത്തും ദീപാലങ്കാരങ്ങള്‍ നടത്തുന്നതിനുള്ള പ്രവര്‍ത്തനം ഇന്നലെ ആരംഭിച്ചു.

പെരുന്നാളിനു മുന്നോടിയായി 20നു വൈകുന്നേരം 4.30നു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായ്ക്കു സ്വീകരണം നടക്കും. 80 വയസിനു മുകളില്‍ പ്രായമുള്ള ഇടവകാംഗങ്ങളെ 27ന് ആദരിക്കും.

വികാരി ഇ.ടി. കുര്യാക്കോസ് കോര്‍എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് കോര്‍എപ്പിസ്‌കോപ്പ ചിരവത്തറ, സഹവികാരിമാരായ കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ കിഴക്കേടത്ത്, കുര്യാക്കോസ് ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പ കറുകയില്‍, ഫാ. കുര്യാക്കോസ് കാലായില്‍, ഫാ. മാത്യൂസ് മണവത്ത്, ഫാ.എം.ഐ. തോമസ് മറ്റത്തില്‍, ട്രസ്റ്റിമാരായ ബിനു ടി. ജോയി, എം.ഐ. ജോസ്, ദീപു തോമസ് ജേക്കബ്, സെക്രട്ടറി രഞ്ജിത് കെ. ഏബ്രഹാം എന്നിര്‍ നേതൃത്വം നല്‍കുന്നു.