
തേർഡ് ഐ ബ്യൂറോ
കോട്ടയം: മണർകാട് ക്രൗൺ ക്ലബിൽ നടന്ന ചീട്ടുകളിയ്ക്കിടെ 18 ലക്ഷം രൂപ പിടികൂടിയ സംഭവത്തിൽ വിവാദം പുകയുന്നു. പൊലീസിനെ ഒറ്റി മണർകാട് എസ്.എച്ച്.ഒയുടെ വിവാദ ഫോൺ സംഭാഷണം പുറത്തു വന്നതിനു പിന്നാലെ തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ രണ്ട് റിട്ട.എസ്.ഐമാരാണ് മണർകാട്ടെ ചീട്ടുകളി കളം നനിയന്ത്രിക്കുന്നത് എന്നു കണ്ടെത്തിയിട്ടുണ്ട്.
ലക്ഷങ്ങളാണ് ഈ ചീട്ടുകളി കളത്തിൽ ദിവസവും വന്നു മറിയുന്നത്. ഇവിടെ ചീട്ടുകളികളത്തിനു കാവൽ നിൽക്കുന്ന രണ്ടു റിട്ട.എസ്.ഐമാർക്ക് പൊലീസ് ഉദ്യോഗസ്ഥ തലത്തിൽ ഇപ്പോഴും ഉന്നത സ്വാധീനമുണ്ട്. മണർകാട്ടെ ചീട്ടുകളി കളത്തിൽ നിന്നും ലഭിക്കുന്ന വിഹിതം കൃത്യമായി പൊലീസ് ഉദ്യോഗസ്ഥർക്കു നൽകുന്നതിനു ചുക്കാൻ പിടിക്കുന്നത് ഈ രണ്ട് റിട്ട.എസ്.ഐമാരുമാണ്. ചീട്ടുകളി കളത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിൽ നിന്നും നിശ്ചിത തുക ഇവർ എല്ലാ മാസവും കൃത്യമായി പൊലീസ് ഉദ്യോഗസ്ഥർക്ക് എത്തിച്ചു നൽകുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചീട്ടുകളി കളങ്ങളിൽ പൊലീസ് റെയിഡ് നടന്നാൽ, കണ്ണുവെട്ടിക്കേണ്ടതിനെപ്പറ്റി നിയമോപദേശം നൽകുന്നതും, പൊലീസിന്റെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങൾ ഉപദേശിക്കുന്നതും ഇതേ റിട്ട.എസ്.ഐമാരാണ്. ഇരുവരുമാണ് ചീട്ടുകളി കളത്തിനു വേണ്ട രഹസ്യ തന്ത്രം ഒരുക്കി നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ ചീട്ടുകളി കളത്തിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനമാണ് ഇരുവർക്കും ശമ്പളമായി നൽകുന്നത്. മണർകാട്ടെ ക്രൗൺ ക്ലബിൽ ചീട്ടുകളി പിടികൂടിയ സാഹചര്യത്തിൽ പ്രദേശത്ത് തന്നെയുള്ള പുതിയ ചീട്ടുകളി കളങ്ങൾ തേടുകയാണ് മാഫിയ സംഘം.
എന്നാൽ, മണർകാട്ട് ചീട്ടുകളി കളത്തിൽ റെയിഡ് നടത്തിയ എസ്.എച്ച്.ഒ തന്നെ പ്രതികൾക്കു അനുകൂലമായി സംസാരിക്കുന്ന ഫോൺ സന്ദേശം പുറത്തു വന്നത് പൊലീസിന് തിരിച്ചടിയായിട്ടുണ്ട്. ഈ എസ്.എച്ച്.ഒയാണ് ചീട്ടുകളി നടന്നതിനെപ്പറ്റി അന്വേഷണം നടത്തുന്നത്. മുൻപ് ഇരുന്ന സ്റ്റേഷനുകളിൽ എല്ലാം ഏതെങ്കിലും രീതിയിലുള്ള ക്രമക്കേടുകൾ അന്വേഷണത്തിൽ നടത്തിയിട്ടുള്ളതായി ഇദ്ദേഹത്തിനെതിരെ പരാതി ഉയർന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളിയുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ നിന്നും മണർകാട് എസ്.എച്ച്.ഒ രതീഷ്‌കുമാറിനെ മാറ്റി നിർത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ജില്ലാ പൊലീസ് മേധാവി നിർദേശിച്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം പൂർത്തിയായി റിപ്പോർട്ട് പുറത്തു വരുന്ന മുറയ്ക്ക്, മണർകാട് എസ്.എച്ച്.ഒയ്്‌ക്കെതിരെ നടപടികൾ ഉണ്ടാകുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.



