
മണർകാട് നാലുമണിക്കാറ്റിൽ വൻ ദുരന്തം: കാർ ഒഴുക്കിൽപ്പെട്ടു ഡ്രൈവറെ കാണാതായി; കാണാതായത് അങ്കമാലി സ്വദേശിയെ; തിരച്ചിൽ തുടരുന്നു
തേർഡ് ഐ ബ്യൂറോ
കോട്ടയം: മണർകാട് നാലുമണിക്കാറ്റിൽ മഴക്കെടുതിയിൽ വൻ ദുരന്തം. കാർ ഒഴുക്കിൽപ്പെട്ട് ഡ്രൈവറെ കാണാതായി. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവർ അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. ജസ്റ്റിനു വേണ്ടി തിരച്ചിൽ തുടരുന്നു.
ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്. നെടുമ്പാശേരിയിൽ നിന്നും മണർകാട് സ്വദേശിയായ യാത്രക്കാരനുമായി ടാക്‌സിയിൽ എത്തിയതായിരുന്നു ജസ്റ്റിൻ. മണർകാട്ടെ വീട്ടിൽ യാത്രക്കാരനെ ഇറക്കിയ ശേഷം ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുന്നതിനായി ജസ്റ്റിൻ നാലു മണിക്കാറ്റ് ഭാഗത്തു കൂടി വരികയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കനത്ത മഴയിൽ നാലുമണിക്കാറ്റിലെ റോഡിൽ വെള്ളം കയറിയിരുന്നു. ഇവിടെ വെള്ളം കയറിയതിനെ തുടർന്നു റോഡിലൂടെ വാഹനം യാത്ര ചെയ്യാൻ സാധിക്കുമായിരുന്നില്ല. നാലുമണിക്കാറ്റിൽ പാലമുറി ഭാഗത്ത് വച്ച് വാഹനം ഓഫായി പോകുകയായിരുന്നു. ഇതേ തുടർന്നു ജസ്റ്റിൻ ഹാനത്തിന്റെ ഹാൻഡ് ബ്രേക്ക് ഇട്ടു. തുടർന്നു, വഴിയാത്രക്കാരന്റെ സഹായത്തോടെ വെള്ളത്തിൽ നിന്നും കാർ തള്ളിനീക്കാൻ ശ്രമിക്കുകയായിരുന്നു.
മറ്റൊരാളുടെ സഹായത്തോടെ കാർ തള്ളിനീക്കാൻ ശ്രമിച്ച ജസ്റ്റിൻ, കാറിനുള്ളിൽ കയറി ഹാൻഡ് ബ്രേക്ക് നീക്കം ചെയ്തു. ഇതോടെ കാർ വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഒഴുക്കിൽപ്പെട്ട കാർ വെള്ളത്തിനുള്ളിലേയ്ക്കു അപ്രതീക്ഷിതമായി മറിയുകയും ചെയ്തു. തലകീഴായി മറിഞ്ഞ കാറിനുള്ളിൽ ജസ്റ്റിനും കുടുങ്ങി.
നാട്ടുകാർ ഓടിയെത്തി ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജസ്റ്റിനെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്നു അഗ്നിരക്ഷാ സേന അടക്കം സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്. മണർകാട് പൊലീസും സ്ഥലത്ത് എത്തി.