
വിശ്വാസികളെ വരവേൽക്കാൻ മണർകാട് ദേശമൊരുങ്ങി; ഇനി വ്രതശുദ്ധിയുടെ പുണ്യദിനങ്ങൾ: എട്ടുനോമ്പാചരണത്തിന് ഇന്ന് തുടക്കം
മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വിശുദ്ധ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പാചരണത്തിനായി എത്തുന്ന വിശ്വാസികളെ വരവേൽക്കാൻ ദേശമൊരുങ്ങി.
ഇനിയുള്ള എട്ടു ദിനരാത്രങ്ങൾ വ്രതശുദ്ധിയുടെ പുണ്യദിനങ്ങളായിട്ടാണ് ഇവിടുത്തെ നാടും നാട്ടുകാരും ആചരിക്കുന്നത്. പെരുന്നാൾ എന്നും മണർകാട്ടുകാർക്ക് സ്നേഹകൂട്ടായ്മകളുടെ ഗ്രാമക്കാഴ്ചകളായിരുന്നു. പല നാട്ടിൽനിന്നും പല ദിക്കിൽനിന്നും എട്ടുനോമ്പ് എടുക്കാൻ വന്നെത്തുന്നവർ ഒത്തുചേരുന്ന വാർഷിക ചടങ്ങായിരുന്നു മണർകാട് എട്ടുനോമ്പ് പെരുന്നാൾ.
എട്ടുനോമ്പിനായി എത്തിച്ചേരുന്ന വിശ്വാസികളെ ജാതിമത വ്യത്യാസമില്ലാതെ ഇവിടത്തെ നാട്ടുകാർ സ്വീകരിച്ചിരുന്നതായി പഴമക്കാർ പറയുന്നു. എട്ടുനോമ്പ് പെരുന്നാൾ കാലത്ത് പള്ളിയുടെ സമീപത്തുള്ള വീടുകളുടെ വാതിലുകൾ അടയ്ക്കാറില്ലായിരുന്നുവെന്നും അവർ ഓർമിക്കുന്നു. വീടും മുറ്റവും പരിസരവും ഒക്കെ വിവിധ ദേശങ്ങളിൽനിന്നെത്തുന്ന വിശ്വാസികൾക്കായി തുറന്നുകൊടുക്കുന്ന പാരമ്പര്യമായിരുന്നു മണർകാടിന് ഉണ്ടായിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈന്ദവ കുടുംബങ്ങൾ പോലും വളരെ ആദരവോടെയായിരുന്നു എട്ടുനോമ്പാചരണത്തിനായി എത്തുന്നവരെ സ്വീകരിച്ചിരുന്നത്. അങ്ങനെ മതസൗഹാർദത്തിന്റെ ഈറ്റില്ലമായി കാലങ്ങൾക്ക് മുമ്പേ മണർകാട് മാറിയിരുന്നുവെന്നും പഴമക്കാർ പറയുന്നു.
സൗകര്യങ്ങൾ വർദ്ധിച്ചതോടെ പള്ളിയിലും സ്ഥാപനങ്ങളിലും വിശ്വാസികൾക്ക് താമസിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പള്ളിയിൽനിന്ന് ഒരുക്കിനൽകുന്നുണ്ട്. നോമ്പുനോറ്റും ഉപവാസമെടുത്തും പള്ളിയിൽ കഴിയാൻ നാനാജാതി മതസ്ഥരായ വിശ്വാസികൾ ഇന്നു മുതൽ കത്തീഡ്രലിലേക്ക് എത്തിത്തുടങ്ങും. ഇനിയുള്ള എട്ടുദിനങ്ങളിലും മാതാവിനോടുള്ള പ്രാർഥനകളും അപേക്ഷകളും ലുത്തിനിയകളും വേദവായനകളും ഒക്കെ മുഴങ്ങുന്ന ആത്മീയ അനുഭൂതിയുടെ അന്തരീക്ഷമായിരിക്കും പള്ളിയിലും പരിസരങ്ങളിലും.
പ്രാർത്ഥനാപൂർവ്വം വന്നെത്തുന്നവർക്കായി ഒരുനാട് ഒന്നടങ്കം കാത്തിരിക്കുന്ന അപൂർവകാഴ്ച്ചയാണ് മണർകാട് എട്ടുനോമ്പ് പെരുന്നാളിനെ വത്യസ്തമാക്കുന്നത്. രോഗവിമുക്തിക്ക്, ഫലസിദ്ധിക്ക്, സന്താനസൗഭാഗ്യത്തിന്, ആപൽ രക്ഷക്ക്… നോമ്പും നേർച്ചകളുമായി ഭക്തസഹസ്രം എട്ടുനോമ്പു പെരുന്നാളിന് ഓടിയെത്തുന്നു. അവർ അനുഗ്രഹം പ്രാപിച്ച് വീണ്ടുമൊരു ദർശനപുണ്യത്തിനായി പ്രാർഥനയും പ്രത്യാശയുമായി നിർവൃതിയോടെ മടങ്ങുന്നു.
ഇന്ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സന്ധ്യാപ്രാർഥനയോടെ നോമ്പാചരണത്തിന് തുടക്കമാകും. സന്ധ്യാപ്രാർഥനയെത്തുടർന്ന് വൈദികരുടെയും കത്തീഡ്രൽ ഭാരവാഹികളുടെയും മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ കൽക്കുരിശിൽ തിരിതെളിയിക്കും. തുടർന്ന് പെരുന്നാളിനോട് അനുബന്ധിച്ച് ആരംഭിച്ചിരിക്കുന്ന വിവിധ കൗണ്ടറുകളുടെ ഉദ്ഘാടനം ഇന്ന് നിർവഹിക്കും.
കൗണ്ടറുകളുടെ ഉദ്ഘാടനം
വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മവും പോലീസ് കൺട്രോൾ റുമിന്റെയും ഉദ്ഘാടനം കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൾ ഹമീദ് നിർവഹിക്കും. കുർബാനപ്പണം-അടിമപ്പണം-കറിനേർച്ച കൗണ്ടറുകളുടെയും എന്ക്വയറി ഓഫീസിന്റെയും ഉദ്ഘാടനം കുര്യാക്കോസ് ഏബ്രഹാം കോർഎപ്പിസ്കോപ്പ കറുകയിൽ, എണ്ണ-തിരി കൗണ്ടറുകളുടെയും ക്രമപരിപാലനം - വോളന്റിയർ ഓഫീസുകളുടെയും മാനേജ്മെന്റ് കാന്റീന്റെയും ഉദ്ഘാടനം ഫാ. കുര്യാക്കോസ് കാലായിൽ, മുത്തുക്കുട-കൊടി കൗണ്ടറുകളുടെയും ബുക്ക് സെന്ററിന്റെയും വിൽപ്പന കാന്റീന്റെയും ഉദ്ഘാടനം ഫാ. ജെ. മാത്യൂ മണവത്ത്, നേർച്ചക്കഞ്ഞി കൗണ്ടറിന്റെ ഉദ്ഘാടനം ഫാ. എം.ഐ. തോമസ് മറ്റത്തിൽ എന്നിവർ നിർവഹിക്കും.
ചടങ്ങുകൾ തൽസമയം
കത്തീഡ്രലിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും (https://facebook.com/manarcadpallyofficial/) യൂട്യൂബ് ചാനലിലും (https://www.youtube.com/c/manarcadstmarys) വെബ്സൈറ്റിലും (https://manarcadpally.com) പെരുന്നാളിന്റെ പ്രധാന ചടങ്ങുകൾ തൽസമയം സംപ്രേക്ഷണം ചെയ്യും.
എട്ടുനോമ്പ് പെരുന്നാളിന്റെ പ്രധാന ചടങ്ങുകൾ എ.സി.വി., ഗ്രീൻ ചാനൽ മണർകാട് എന്നീ ടെലിവിഷൻ ചാനലുകളിലും ലഭ്യമാണ്.
വഴിപാടുകൾ ഓൺലൈനായി
നേർച്ച-വഴിപാടുകൾ, പെരുന്നാൾ ഓഹരി എന്നിവയ്ക്ക് ഓൺലൈനിലൂടെ പണം അടയ്ക്കാവുന്നതാണ്. വിശ്വാസികളുടെ പ്രാർത്ഥനാ ആവശ്യങ്ങൾ കത്തീഡ്രലിന്റെ ഇ-മെയിൽ വിലാസത്തിലോ ([email protected]), വാട്സ്ആപ്പ് നമ്പറിലേക്കോ (+919072372700) അയയ്ക്കാം. കത്തീഡ്രലിന്റെ വെബ്സൈറ്റിലൂടെയും സംഭാവനകൾ നൽകാനും പ്രാർഥനാവശ്യങ്ങൾ അറിയിക്കാനും ക്രമീകരണമുണ്ട്. കുർബാനയ്ക്ക് പേരുകൾ നൽകാന് രണ്ട് കിയോസ്കുൾ സ്ഥാപിച്ചിട്ടുണ്ട്. സംഭാവനകൾ നൽകാന് ക്യൂആർ കോഡ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.