
കോട്ടയം: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്കിനെതിരെ ചങ്ങനാശേരി ചെത്തിപ്പുഴ സേക്രഡ് ഹാർട്ട് ആശ്രമത്തിലെ വൈദികനും പുന്നപ്ര കാർമല്‍, തിരുവനന്തപുരം ക്രൈസ്റ്റ് നഗർ ഇന്റർനാഷനല്‍ സ്കൂളുകളിലെ മുൻ പ്രിൻസിപ്പലുമായ ഫാ.
സിറിയക് തുണ്ടിയില്‍.
കുറെയൊക്കെ കണ്ണടച്ച് വിട്ടുവീഴ്ചകള്‍ ചെയ്താല്‍ ഇതുപോലൊരു പ്രശ്നം പള്ളുരുത്തി സെന്റ്. റീത്താസ് സ്കൂളില്‍ ഉണ്ടാകുമായിരുന്നില്ലെന്നും ഒരു കുട്ടിയോ കുറേ കുട്ടികളോ തട്ടമിട്ടതു കൊണ്ടൊന്നും ഒരു സ്കൂളിന്റെയോ കോളജിന്റേയോ പേര് ഇടിയില്ലെന്നും അസമാധാനമോ തകർച്ചയോ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. യേശു ഉണ്ടായിരുന്നെങ്കില്‍ ആ കുട്ടിയെ നെഞ്ചോടുചേർത്ത് നിർത്തിയേനെ എന്ന് സമൂഹം നമ്മോടു പറയേണ്ടി വരരുതെന്നും നമ്മള്‍ അതുപോലെ ചെയ്യേണ്ടവരാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
താൻ പ്രിൻസിപ്പലായിരുന്ന ക്രൈസ്റ്റ് നഗർ ഇന്റർനാഷണല്‍ സ്കൂളില്‍ തട്ടമിടുന്നതിന് യാതൊരു എതിർപ്പും തന്റെ ഭാഗത്തുനിന്നു ഉണ്ടായിരുന്നില്ലെന്നും അതിടാനും ഇടാതിരിക്കാനും അവർക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടൊന്നും സ്കൂളിന്റെ അച്ചടക്കത്തിന് തകർച്ച ഉണ്ടായിട്ടില്ല. കുട്ടികള്‍ തമ്മിലുള്ള ബന്ധത്തിന് വിള്ളലുണ്ടായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്ലാവരും സഹോദരങ്ങളെ പോലെ ഇടപഴകി. ഞങ്ങളുടെ സ്കൂളില്‍ നിന്ന് 20 പേരെ ഫ്രാൻസിലേക്ക് കൊണ്ടുപോകാമെന്ന് തീരുമാനിച്ചപ്പോള്‍ അക്കൂട്ടത്തില്‍ ആറോ ഏഴോ പേർ മുസ്‌ലിം കുട്ടികളായിരുന്നു. ഒരു വേർതിരിവും മതത്തിന്റെ പേരില്‍ ഉണ്ടായില്ല- അദ്ദേഹം പറഞ്ഞു.
സ്കൂളുകളില്‍ അച്ചടക്കം വേണം, ഡ്രസ്കോഡും വേണം. എന്നാല്‍ എല്ലാവരും ഒരുപോലിരിക്കണം എന്ന റെജിമെന്റേഷൻ ആവശ്യമില്ല. കുറെയെല്ലാം വിട്ടുവീഴ്ചകള്‍ ചെയ്യാൻ പ്രിൻസിപ്പല്‍മാർക്കും മാനേജ്‌മെന്റിനും സാധിക്കും, സാധിക്കണം. ഒരു സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇത്തരം നിസാര കാര്യങ്ങളല്ല പ്രധാനം. കുട്ടികളാണ് പ്രധാനം. അവരുടെ പഠനവും വളർച്ചയുമാണ് പ്രധാനം. നീതി, സമത്വം, സ്നേഹം എന്നീ അടിസ്ഥാന മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ഒരുമയില്‍ വളരണം, എന്നതാണ് പ്രധാനം.
അവർ വലിയവരാകുമ്ബോള്‍ അതവരുടെ കർമ മണ്ഡലങ്ങളില്‍ പ്രതിഫലിക്കണം. നമ്മള്‍ നമ്മുടെ പ്രവൃത്തിയിലൂടെ ആ മൂല്യങ്ങള്‍ കാണിച്ചുകൊടുക്കണം. കുട്ടികളെ വിഷമിപ്പിക്കാതിരിക്കുക, സമാധാനത്തിന് വിഘാതമാകുന്ന രീതിയില്‍ കടുത്ത റെജിമെന്റേഷന് വേണ്ടി ശ്രമിക്കാതിരിക്കുക. അതിനായി കുറെയൊക്കെ കണ്ണടയ്ക്കാൻ അധികാരികള്‍ക്ക് സാധിക്കണം- അദ്ദേഹം ചൂണ്ടിക്കാട്ടി.
കുട്ടികള്‍ തട്ടമിടുന്നത് ഒരിക്കലും ഒരു ഇഷ്യൂ ആകണമെന്ന് തോന്നിയിട്ടില്ല. അന്ന് ഇതുപോലെ ഡ്രസ് ചെയ്യാൻ ഞാൻ മൗനാനുവാദം കൊടുത്തതു കൊണ്ട് സ്കൂളിന് ഇതുവരെയും ഒരു കുഴപ്പവും കുറവും ഉണ്ടായിട്ടില്ലെന്നും ഇന്നും കഴക്കൂട്ടത്തെ ക്യാമ്പസില്‍ അത് പൂർവാധികം ശോഭയോടെ ഭംഗിയായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.