
വീട്ടിൽ അനധികൃതമായി സ്പിരിറ്റ് സൂക്ഷിച്ചിരിക്കുന്നുവെന്ന് രഹസ്യം വിവരം; വീട് റെയ്ഡ് ചെയ്യാനെത്തിയ എക്സൈസ് സംഘത്തിന് നേരെ ആക്രമണം; കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 1.7 ലക്ഷം രൂപ പിഴയും
മാവേലിക്കര: വീട്ടിൽ അനധികൃതമായി സ്പിരിറ്റ് സൂക്ഷിച്ചെന്ന വിവരം ലഭിച്ച് വീട് റെയ്ഡ് ചെയ്യാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിക്ക് 13 വർഷം കഠിനതടവും 1.7 ലക്ഷം രൂപ പിഴയും ശിക്ഷ.
കേസിലെ മൂന്നാം പ്രതിയായ പത്തിയൂർ ചാപ്രയിൽ അജിത് പ്രഭാകരനെ(പ്രകാശ്-60)യാണ് മാവേലിക്കര അഡീഷണൽ ജില്ലാ ജഡ്ജി വി.ജി. ശ്രീദേവി ശിക്ഷിച്ചത്. 2006 ലാണ് കേസിനാസ്പദമായ സംഭവം. കീരിക്കാട് കരുവറ്റം കുഴിയിലുള്ള ഹരികുമാറിന്‍റെ ഉടമസ്ഥതയിലുള്ള മീനത്തേരിൽ വീട്ടിൽ അനധികൃതമായി 10,265 ലിറ്റർ സ്പിരിറ്റ് സൂക്ഷിച്ച് വെച്ചിരിക്കുന്നതായാണ് എക്സൈസിന് ലഭിച്ച വിവരം.
തുടർന്ന് ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജയകുമാറിന്‍റെ നേതൃത്വത്തിൽ എക്സൈസ് സംഘം പരിശോധന നടത്താനായി അജിത്തിന്‍റെ വീട്ടിലെത്തി. എന്നാൽ, പ്രതികൾ മാരകായുധങ്ങളുമായി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്പിരിറ്റ് കേസിലെ മൂന്ന് പ്രതികളെയും നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. എക്സൈസ് സംഘത്തെ ആക്രമിച്ച കേസിൽ 7 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിലെ മൂന്നാം പ്രതിയായ അജിത് പ്രഭാകരന്‍ ഏറെ നാൾ ഒളിവിലായിരുന്നു. 2018 ൽ കോടതിയിൽ കീഴടങ്ങിയ അജിത്ത് വിചാര നേരിട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസ്സിക്യൂട്ടർ പി.വി.സന്തോഷ് കുമാർ ഹാജരായി.