വെൽഡിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നും പൈപ്പ് പൊട്ടി താഴെ വീണു ; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Spread the love

മലപ്പുറം : ചങ്ങരംകുളം കെട്ടിടത്തിന്റെ വെൽഡിങ് ജോലിക്കിടെ പൈപ്പ് പൊട്ടി താഴെ വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു. കപ്പൂർ കൊഴിക്കര സ്വദേശി പുത്തൻവീട്ടിൽ രാജന്റെ മകൻ ജിഷിൽ രാജ് (24) ആണ് മരിച്ചത്.

ചങ്ങരംകുളം ടൗണിൽ ചിറവല്ലൂർ റോഡിൽ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കെട്ടിടത്തിന് മുകളിൽ ഷീറ്റ് വർക്ക് ചെയ്യുന്ന തൊഴിലാളികൾ അപകടത്തിൽ പെട്ടത്. വെൽഡിങ് ചെയ്യുന്നതിനിടെ പൈപ്പ് പൊട്ടി രണ്ട് പേർ താഴേക്ക് വീഴുകയായിരുന്നു.30 അടിയോളം ഉയരത്തിൽ നിന്നാണ് ഇരുവരും താഴെ വീണത്.പരിക്കേറ്റവരെ ഓടി കൂടിയവർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.തലക്ക് ഗുരുതരമായി പരിക്കേറ്റ ജിഷിലിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ സഹായം ഒരുക്കി വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. അപകടത്തിൽ പരിക്കറ്റ പുത്തൻപള്ളി സ്വദേശി മോഹനൻ(50) ചികിത്സയിലാണ്.