
സ്വന്തം ലേഖിക
ടോക്യോ: നായകളെ ഏറെ ഇഷ്ടമാണെങ്കിലും നായയാകണമെന്ന് ആരും ആഗ്രഹിക്കാറില്ല. എന്നാൽ അത്തരമൊരു വിചിത്രമായ ആഗ്രഹത്തിനു പിന്നാലെ പോയി നായയുടെ വേഷമണിഞ്ഞ് ആഗ്രഹം പൂർത്തീകരിച്ച യുവാവാണ് ഇപ്പോള്‍ വാർത്തകളിൽ ഇടം നേടുന്നത്. നായയെ പോലെ ആകാൻ 12 ലക്ഷം രൂപയാണ് ജപ്പാൻ സ്വദേശിയായ ടോകോയെന്ന യുവാവ് മുടക്കിയത്. നായയുടെ വേഷത്തിലെത്തിയ ടോകോയെകണ്ട് അമ്പരന്നിരിക്കുകയാണ് കാഴ്ചക്കാർ.
‘കോലി’ എന്ന സങ്കരയിനം നായയുടെ രൂപത്തിലേക്കാണ് ടോകോ എന്ന യുവാവ് മാറിയത്. പ്രൊഫഷണൽ ഏജൻസിയായ സെപെറ്റ് ആണ് ടോകോയെ ഈ രൂപത്തിലാക്കിയെടുത്തത്. ചലച്ചിത്രങ്ങളിലേക്കും പരസ്യങ്ങളിലേക്കും അമ്യൂസ്മെന്റ് പാർക്കുകളിലേക്കും മൃഗങ്ങളുടെ രൂപം ഉണ്ടാക്കി നൽകുന്ന വിദഗ്ധരാണ് സെപറ്റ്. 40 ദിവസമെടുത്ത് 12 ലക്ഷം രൂപ ചിലവഴിച്ചാണ് ടോകോയിക്ക് ധരിക്കാൻ പാകത്തിന് ഇവർ നായയുടെ രൂപമുണ്ടാക്കി നൽകിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നായയായി രൂപം മാറിയ ശേഷമുള്ള വിഡിയോയും ടോകോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. കൈകാലുകളുടെ ചലനത്തിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടെങ്കിലും മനസ് നിറഞ്ഞുവെന്നും ഇപ്പോഴാണ് സന്തോഷമായതെന്നും ടോകോ പറയുന്നു. നായ വേഷത്തിൽ നിന്നിറങ്ങിയ ടോകോയെ കാണാൻ സാധിച്ചില്ലെന്നും മുഴുവൻ സമയവും ഇയാൾ ഈ വേഷത്തിലാണ് നടക്കുന്നതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.