ക്രെഡിറ്റ് കാർഡിന്റെ കുടിശ്ശിക വിവരം സംസാരിക്കാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമം ; യുവാവ് അറസ്റ്റിൽ

Spread the love

ഹരിപ്പാട് : ക്രെഡിറ്റ് കാർഡ് പെന്റിങ് വിവരങ്ങള്‍ സംസാരിക്കാനെത്തിയ ഉദ്യോഗസ്ഥനെ മർദ്ദിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുമാരപുരം പൊത്തപ്പള്ളി വടക്കു കായല്‍ വാരത്തു വീട്ടില്‍ കിഷോറിനെ (39) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉദ്യോഗസ്ഥൻ കാർത്തികപ്പള്ളി സുധീർ ഭവനത്തില്‍ കബീറിന് (39) ഗുരുതര പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ക്രെഡിറ്റ് കാർഡിന്റെ കുടിശ്ശികയുടെ കാര്യം സംസാരിക്കുന്നതിനായി ഉദ്യോഗസ്ഥൻ കിഷോറിന്റെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു അക്രമണം. സംഭവത്തെപറ്റി പൊലീസ് പറയുന്നതിങ്ങനെ. “വീട്ടില്‍ ഉണ്ടായിരുന്ന കിഷോറിനോട് കുടിശിക പെന്റിങ് ആയാല്‍ കൂടുതല്‍ തുക അടക്കേണ്ടിവരുമെന്ന് കബീർ പറഞ്ഞു. അപ്പോള്‍ കൈയ്യില്‍ ഉണ്ടായിരുന്ന ലോഹ വസ്തു ഉപയോഗിച്ച്‌ കബീറിനെ മർദ്ദിക്കുകയും കത്തി ഉപയോഗിച്ച്‌ കുത്താൻ ശ്രമിക്കുകയും ചെയ്തു”.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരുടെ ഇടപെടലോടെ ആണ് കബീർ രക്ഷപ്പെട്ടത്. കൊലപാതക ശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് കിഷോർ. മുൻപ് ഒരു കേസില്‍ പൊലീസിന്റെ പിടിയിലായപ്പോള്‍ റിവോള്‍വർ ഉള്‍പ്പെടെ ഇയാളില്‍ നിന്നും പിടികൂടിയിരുന്നു. ഹരിപ്പാട്, തൃക്കുന്നപുഴ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതിയാണ്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ മുഹമ്മദ് ഷാഫി, എസ്‌ഐമാരായ ശ്രീകുമാർ, ഷൈജ, ഉദയകുമാർ, അനില്‍, സീനിയർ സിവില്‍ പൊലീസ് ഓഫീസർ അജിത് സിവില്‍ പൊലീസ് ഓഫീസർമാരായ യേശുദാസ്, നിഷാദ്, സജാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.