സിപിഎം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങള്‍ വികൃതമാക്കിയ കേസിൽ ഒരാൾ അറസ്റ്റില്‍
കണ്ണൂർ : പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങള്‍ വികൃതമാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂര്‍ ചാല പടിഞ്ഞാറെക്കരയിലെ സാധുപാര്‍ക്കിന് സമീപം ദീപ്തി നിവാസില്‍ താമസിക്കുന്ന ഷാജി അണയാട്ട് (54) ആണ് അറസ്റ്റിലായത്.
കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കണ്ണൂര്‍ എസിപി സിബി ടോം, കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ കെസി സുഭാഷ് ബാബു, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
കണ്ണൂര്‍ നഗരത്തിൽ നിന്ന് പ്ലാസ്റ്റിക്ക് കുപ്പിയും മറ്റുവസ്തുക്കളും ശേഖരിച്ചു ആക്രികടയില്‍ കൊടുത്തു ജീവിച്ചുവരികയാണ് ഷാജി. സംഭവദിവസം ഇയാള്‍ പയ്യാമ്പലത്തുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യത്തില്‍ നിന്നാണ് തെളിഞ്ഞത്. സ്തൂപത്തില്‍ ഒഴിച്ചത് കൈയിലുണ്ടായിരുന്ന സോഫ്റ്റ് ഡ്രിങ്കിന്റെ ബാക്കിയായ ദ്രാവകമെന്നു ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ രാഷ്ട്രീയമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. സിസിടിവിയില്‍ നിന്നാണ് പ്രതിയെ കുറിച്ചുളള ചിത്രം വ്യക്തമായത്. കഴിഞ്ഞ ഇരുപതു വര്‍ഷമായി കണ്ണൂര്‍ നഗരത്തില്‍ ആക്രിസാധനങ്ങള്‍ പൊറുക്കി വിറ്റു ഉപജീവനം നടത്തുന്നയാളാണ് ഷാജി. പ്രധാനമായും പയ്യാമ്പലം ബീച്ചിലാണ് ഇയാള്‍ സാധനങ്ങള്‍ പൊറുക്കാന്‍ എത്താറുളളത്.
27-ന് രാത്രി പ്രദേശത്തു നിന്നും ശീതള പാനിയ കുപ്പികള്‍ ശേഖരിച്ചപ്പോള്‍ അതിനകത്തു ബാക്കിയുണ്ടായിരുന്ന പാനീയം സ്മൃതി കുടീരങ്ങളിലേക്ക് കുടയുകയായിരുന്നു. ശീതളപാനീയമാണ് സ്മൃതി കുടീരങ്ങളിലേക്ക് ഒഴിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. സമീപത്തെ ചില സിസിടിവി ക്യാമറകള്‍ കൂടി പോലീസ് പരിശോധിച്ചു വരികയാണ്. സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തില്‍ മാത്രമെന്തിനാണ് ശീതള പാനിയം തളിച്ചതെന്ന ചോദ്യത്തിന് ഇയാള്‍ മറുപടി നല്‍കിയിട്ടില്ല. സംഭവസമയം പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലിസിന് മൊഴി നല്‍കിയിരിക്കുന്നത്.